Friday, 15 December 2017

ബന്ധങ്ങളുടെ മൂല്യം (value of relationships)

ബന്ധങ്ങളുടെ മൂല്യം (value of relationships) -

ഒരിക്കൽ ഒരു സുഹൃത്ത് തന്റെ കൈയിൽ കുറച്ച് പൈസ വന്നപ്പൊൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കി. 30 ലക്ഷം വിലയുള്ള ഒരു BMW കാർ. തന്റെ കൈയിലുള്ള പൈസയും കുറച്ചു ലോണുമിട്ടാണ് ആ വാഹനം സ്വന്തമാക്കിയത്. തന്റെ ആഗ്രഹം സഫലീകരിച്ചതിനാൽ വളരെ ആത്മാഭിമാനത്തോടെ കുടുംബത്തോടെ ആ വാഹനത്തിൽ യാത്ര ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇൻഷുറൻസും മെയിന്റനിസിനുമായി നല്ല ഒരു തുകയായി. തന്റെ കൈയിൽ ഉള്ള പൈസ എങ്ങനെയൊക്കെയൊ ഒപ്പിച്ച് അത് ചെയ്തു. അങ്ങനെയിരിക്കെ വണ്ടി ചെറുതായി ഒന്നു തട്ടി ഹെഡ് ലൈറ്റ് പൊട്ടി. കമ്പനിയിൽ കൊണ്ടു ചെന്നപ്പോൾ നല്ല ഒരു തുകയാവും അത് മാറ്റാൻ. സാമ്പത്തികമായി ഞെരുങ്ങിയിരുന്ന ആ സുഹൃത്ത് ആകെ അങ്കലാപ്പിലായി. രണ്ടു വർഷം തികയുന്നതിനു മുമ്പ് ആ വണ്ടി വിറ്റു സ്വന്തമായി ഒരു ചെറിയ ആൾട്ടോ കാർ വാങ്ങി. ഇപ്പോൾ അദ്ദേഹം ഹാപ്പിയാണ്. ബന്ധങ്ങളും ഇതു പോലെയാണ്. ആകർഷകമായ ബന്ധങ്ങൾ നമ്മൾ ഉണ്ടാക്കും. എന്നാൽ അതിനെ പറ്റി കൂടുതൽ മനസ്സിലാക്കുകയും അതിനെ തുടർച്ചയായി പരിപോഷിപ്പിക്കുവാനും കഴിയുന്ന ബന്ധങ്ങൾ മാത്രമെ നില നില്ക്കു. ഒരു ബന്ധം നില നിർത്തുന്നതിന് ആകർഷണീയത (attraction) മാത്രം പോരാ ആ ബന്ധത്തിൽ പരസ്പരം എന്തൊക്കെ കാര്യങ്ങളിലാണ് ഇഷ്ടങ്ങൾ എന്ന് കണ്ടെത്തുക (common intrest) അതു പോലെ അനിഷ്ടങ്ങളും.

ഒരു ബന്ധം തുടങ്ങുമ്പൊൾ ഒരാൾ മറ്റൊരാളുടെ ഇഷ്ടങ്ങൾ അഡ്ജസ്റ്റ് ചെയ്താലും ആ അഡ്ജസ്റ്റ്മെന്റ് ആ ബന്ധത്തിന്റെ ആകർഷണീയത നില നില്ക്കുന്നതു വരെ മാത്രമെ കാണൂ . പിന്നെയങ്ങോട്ടാണ് പരസ്പരം എത്ര മാത്രം അകലമുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുക. ഒരാളിന്റെ വ്യക്തിത്വം മനസ്സിലാക്കാതെ ഒരാളിന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാതെയുള്ള ബന്ധങ്ങൾ നൈമിഷികമാണ്. അതിന്റെ ആയുസ്സ് വളരെ കുറവായിരിക്കും. പ്രണയിക്കുന്നവർ മിക്കവരും മാസ്മരിക വലയമായ ആകർഷണത്തിൽ ബദ്ധരായിക്കും. ആദ്യത്തെ ആകർഷണത്തിൽ ഒരു വ്യക്തിയിലെ ഗുണങ്ങൾ മാത്രമെ കാണൂ. കൂടുതൽ അറിയുമ്പോൾ മാത്രമാണ് വൈരുദ്ധ്യങ്ങൾ മനസ്സിലാകുന്നത്. ഇനിയുള്ള കാലത്ത് ബന്ധങ്ങളിൽ ഏർപ്പെടുമ്പൊൾ പ്രത്യേകിച്ച് വിവാഹ ബന്ധങ്ങളിൽ ജാതകമല്ല പരിശോധിക്കേണ്ടത് യാഥാർത്ഥ്യ ബോധമുള്ള പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ബന്ധങ്ങൾ ആണ് ഉണ്ടാകേണ്ടത്. പൂർണ്ണമായി ഒരാളെ മനസ്സിലാക്കാൻ കഴിയില്ലെങ്കിലും ഏറെക്കുറെ എങ്കിലും പരസ്പരം അറിഞ്ഞ് ബന്ധങ്ങളിൽ ഏർപ്പെടുന്നതാണ് അഭികാമ്യം. അതു പോലെ തന്നെ ധാരാളം സ്ത്രീധനം കൊടുത്തും സ്ത്രീധനം വാങ്ങിയും അർഹിക്കാത്ത ബന്ധങ്ങളിൽ ചെന്ന് ചാടുന്നതും ബന്ധങ്ങളിൽ ഉണ്ടാകുന്ന വിഉള്ളിന്റെ സങ്കീർണ്ണത കൂട്ടും.

No comments:

Post a Comment