Saturday, 30 December 2017

ജീവിതത്തെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു തീർക്കുക (play your life in your own way)

ജീവിതത്തെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു തീർക്കുക (play your life in your own way) -

ജീവിതത്തെ ഒരു ക്രിക്കറ്റ് കളിയുമായി ഉപമിക്കാം. ജീവിതത്തിലെ ബാറ്റ്സ്മാന്മാർ ആണു നമ്മൾ. ജീവിതമാകുന്ന ഗ്രൗണ്ടിൽ സ്റ്റമ്പ്സ് ഇല്ല അമ്പയർമാർ ഇല്ല. എറിയുന്ന ഓരൊ പന്തും നമ്മുടെ മുന്നിലേക്ക് ഇട്ടു തരുന്ന പ്രശ്‌നങ്ങളും അവസരങ്ങളും ആണ്. എങ്ങിനെ കളിക്കണമെന്ന് തീരുമാനിക്കുന്നതു നാമാണ്.

ഒരു പന്ത് എറിയുമ്പൊൾ മിസ്സാകാം പുറത്തു കൊള്ളാം. അതു പോലെ പ്രശ്നങ്ങളും. ചില പന്തുകൾ നേരിടാൻ നമുക്ക് അറിയാതെ നാം ചിലപ്പോൾ പകച്ചു നിന്നേക്കാം വേദനിച്ചേക്കാം തളർന്നു പോയേക്കാം. അതു പോലെ തന്നെയാണു പ്രശ്നങ്ങളും. പക്ഷെ സ്വയം തോൽവി സമ്മതിച്ച് കളം വിട്ട് പോകുന്ന കളിക്കാരനല്ല മറിച്ച് ജീവിതത്തിലെ ഓരൊ പ്രശ്നങ്ങളെയും ഒരു ബാറ്റ്സ്മാൻ നേരിടുന്ന ചങ്കൂറ്റത്തോടെ നേരിടാൻ തയ്യാറാവുകയാണ് വേണ്ടത്.

ചില അവസരങ്ങൾ നമ്മുടെ മുന്നിലേക്ക് ഇട്ടു തന്നിട്ടും പ്രയോജനപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ എന്നെങ്കിലും ഒരു നല്ല ബോൾ ബാറ്റ്സ്മാനു കിട്ടിയാൽ അവൻ അതു ബൗണ്ടറിയിലേക്കും സിക്സറാക്കിയും ബാറ്റ് വീശാൻ കഴിവുള്ളവരാണ് നാം ഓരൊരുത്തരും. കിട്ടുന്ന ബോളുകൾ ഡിഫന്റ് ചെയ്തോ, സിംഗിൾ നേടിയോ ഒക്കെ ആദ്യം പഠിക്കാം. തുടർച്ചയായി പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പൊൾ ഏത് തരം ബൗളിങ്ങും നേരിടാൻ കഴിവുള്ള നല്ല ബാറ്റ്സ്മാന്മാരായി മാറാൻ നമുക്ക്  കഴിയും. ഏത് പ്രശ്‌നങ്ങളെയും ലാഘവത്തോടെ കൈ കാര്യം ചെയ്യാനുള്ള മനക്കരുത്ത് നമുക്ക് ഉണ്ടാകും.

മനസ്സിന്റെ ശക്തി അപാരമാണ്. എന്തിനേയും നേരിടാനുള്ള ശക്തി നമുക്ക് ഉണ്ട്. തളരാത്ത മനസ്സുമായി മൈതാനം വിട്ട് ഒഴിയുന്നതു വരെ ജീവിതത്തെ നേരിടാൻ ഉള്ള കഴിവ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നല്ലൊരു പുതുവത്സരം എല്ലാവർക്കും ആശംസിക്കുന്നു

Thursday, 28 December 2017

വേദനിപ്പിക്കുന്നവരൊട് ക്ഷമിക്കുക (Forgive those who hurt you) (Part - 2)

വേദനിപ്പിക്കുന്നവരൊട് ക്ഷമിക്കുക (Forgive those who hurt you) (Part - 2)

ബന്ധങ്ങളിലെ പൊരുത്തക്കേടുകളും പ്രശ്നങ്ങളുമാണ് വേദനകൾക്ക് കാരണമാകുന്നത്. ഒരാൾക്ക് നമ്മെ വേദനിപ്പിക്കാൻ കഴിയണമെങ്കിൽ അത് നമ്മുടെ മനസ്സിന്റെ അനുമതിയോടെ കഴിയൂ. പ്രശ്നം മറ്റൊരാളുടെതല്ല, പ്രശ്നം നമ്മുടെ മനസ്സിനാണ്. മറ്റൊരാൾ നമ്മെ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് നാം മനസ്സിൽ കരുതിയത് കൊണ്ടാണ് നമുക്ക് വേദനിക്കേണ്ടി വരുന്നത്. അതിന് മറ്റുള്ളവരെ പഴി ചാരുകയൊ കുറ്റപ്പെടുത്തിയിട്ടൊ കാര്യമില്ല.

മനുഷ്യ മനസ്സിന്റെ ഒരു പ്രശ്നം എപ്പോഴും തന്റെ പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തം മറ്റുള്ളവരുടെ ചുമലിലേക്ക് മാറ്റുക എന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ സത്യസന്ധമായി ഉത്തരവാദിത്തം തന്റെതാണെന്നും മറ്റുള്ളവരുടെ സ്വഭാവ സവിശേഷത തന്നെ മുറിപ്പെടുത്തുന്നുവെങ്കിൽ അതിന് കാരണം തന്റെ മനസ്സാണെന്നും മനസ്സിലാക്കുവാൻ കഴിയുക എന്നതാണ്.

ഇതു മനസ്സിലാക്കാൻ കഴിഞ്ഞാൽ നമുക്ക് നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയും. ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി സ്വയം ഏറ്റെടുത്ത് യാഥാർത്ഥ്യ ബോധത്തൊടു കൂടി പെരുമാറിയാൽ അത് ബന്ധങ്ങൾ വൈര്യത്തിലേക്ക് നീങ്ങുന്നത്‌ തടയാനാകും.

നമ്മുടെ പ്രവർത്തിയുടെ ഫലമാണ് നാം അനുഭവിക്കുന്നത്. മറ്റൊരാളിൽ നിന്ന് വിശ്വാസം, സ്നേഹം, നമ്മെ മുറിപ്പെടുത്താത്ത രീതിയിൽ നമ്മൊടു പെരുമാറണം എന്നൊക്കെ നാം പ്രതീക്ഷിക്കുന്നത് മനസ്സിന്റെ മിഥ്യാ ധാരണ ( illusion) ആണ്. നമ്മുടെ പ്രതീക്ഷകൾ യാഥാർത്ഥ്യമായാൽ (realistic expectations) നമുക്ക് ഈ പ്രശ്നങ്ങളെ സങ്കീർണ്ണമാക്കാതെ നേരിടാൻ കഴിയും .

ജീവിതത്തിൽ പലരുമായും ബന്ധങ്ങൾ നാം സ്ഥാപിക്കാറുണ്ട്. ചിലർ നമ്മുടെ ജീവിതത്തിൽ കടന്നു വരികയും അപ്രത്യക്ഷമാകുകയും ചെയ്യും. മറ്റുള്ളവരുടെ ജീവിതത്തിൽ ചിലപ്പോൾ നമ്മുടെ വേഷം ചെറുതായിരിക്കും പക്ഷേ അതിനെ ഭംഗിയുള്ളതാക്കാം. അത് തീരുമാനിക്കാനുള്ള കഴിവ് നമുക്കുണ്ട്. ഒരിക്കൽ സ്നേഹം കൊണ്ട് നമ്മെ കീഴടക്കിയവരിൽ നിന്ന് ബഹുമാനപൂർവ്വം പടിയിറങ്ങാം അവർ നമുക്ക് നല്കിയ ജീവിത അനുഭവങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട്.

Wednesday, 27 December 2017

വേദനിപ്പിക്കുന്നവരൊട് ക്ഷമിക്കുക (Forgive those Who Hurt You ) (part-1)-

വേദനിപ്പിക്കുന്നവരൊട് ക്ഷമിക്കുക (Forgive those Who Hurt You ) (part-1)-

ജീവിതത്തിൽ പലപ്പോഴും നാം വേദന അനുഭവിക്കുന്നത് നാം ഏറ്റവും കൂടുതൽ സ്നേഹിച്ചവർ അല്ലെങ്കിൽ നാം ഏറ്റവും കൂടുതൽ വിശ്വസിച്ചവർ നമ്മെ വേദനിപ്പിക്കുമ്പൊഴാണ്. പലപ്പോഴും നാം മറ്റുള്ളവരെ കുറിച്ച് യാഥാർത്ഥ്യ ബോധമില്ലാത്ത ധാരണകൾ (unrealistic expectations) വച്ചു പുലർത്തുന്നതാണ് ഇത്തരം വേദനകൾക്ക് അടിസ്ഥാനമാകുന്നത്. ഒരു പക്ഷേ ഇത്തരത്തിൽ ഒരു വേദന അവരിൽ നിന്ന് ഉണ്ടാകുമെന്ന് നാം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ചിലർ അടുത്ത ബന്ധങ്ങൾ സ്ഥാപിക്കുമ്പൊൾ ചിലരെ എടുത്ത് തലയിൽ കയറ്റി വയ്ക്കും. അവർ പറയുന്നത് എല്ലാം വിശ്വസിച്ച് എല്ലാം അംഗീകരിച്ച് അവരുടെ പ്രീതി പിടിച്ചു പറ്റും. കുറച്ചു നാൾ കഴിയുമ്പൊൾ നാം അടുത്തിടപഴകിയ വ്യക്തി തന്റെ യഥാർത്ഥ സ്വഭാവം കാണിച്ചു തുടങ്ങുമ്പൊൾ അത്രയും നാൾ തലയിൽ കയറ്റി വച്ചവരെ എടുത്ത് താഴെയിടുകയാണ് പതിവ്. ഇങ്ങനെ അടുത്ത ബന്ധം സ്ഥാപിച്ചവർ പിന്നീട് അകലുന്നതായി കാണാം.

അതു കൊണ്ട് ബന്ധങ്ങൾ സ്ഥാപിക്കുമ്പൊൾ ആരെയും തലയിൽ എടുത്ത് വയ്ക്കാതിരിക്കാൻ ആദ്യമേ ശ്രദ്ധിക്കുക (give space in any relationship). ഒരല്പം അകലം പാലിച്ച് പരസ്പരം മനസ്സിലാക്കിയ ശേഷം മാത്രം ആ ബന്ധം തുടരണോ വേണ്ടയൊ എന്ന് തീരുമാനിക്കാം . വൈകാരികമായി എടുത്തു ചാടുമ്പൊഴാണ് പല ബന്ധങ്ങളും കൈവിട്ട് പോകുന്നത്.

ചിലർ ചില ബന്ധങ്ങൾ വളരെ നയതന്ത്രപരമായാണ് (Diplomatic) ആയിട്ടാണ് എടുക്കുന്നത്. അത് തന്റെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി എങ്ങനെ ബന്ധങ്ങളെ ഉപയോഗപ്പെടുത്താം എന്ന ചിന്തയോടെ ആയിരിക്കാം. അതിനപ്പുറം പരസ്പര സ്നേഹമോ വിശ്വാസമോ ഇവർക്കിടയിൽ ഉണ്ടാകണമെന്നില്ല

നല്ല ബന്ധങ്ങൾ നിലനില്ക്കുന്നത് പരസ്പരം മനസ്സിലാക്കി (mutual understanding), പരസ്പര ബഹുമാനം (mutual respect), പരസ്പര വിശ്വാസം (mutual trust ) യാഥാർത്ഥ്യ ബോധമുള്ള പരസ്പര ധാരണ (realistic mutual expectations) എന്നിവയിലൂടെയാണ്. ബന്ധങ്ങളുടെ ആഴം എത്ര മാത്രം ഉണ്ടായിരുന്നു എന്നതിലുപരി എത്ര  കാലം കാത്തു സൂക്ഷിക്കാൻ കഴിയുന്നു എന്നതിലാകട്ടെ. പരസ്പരം ക്ഷമിക്കാനും പരസ്പരം മനസ്സിലാക്കാനും കഴിവുള്ള ആഴമുള്ള സത്യസന്ധമായ ബന്ധങ്ങൾ നിലനില്ക്കട്ടെ. ഇത്തരം ബന്ധങ്ങൾ ജീവിതത്തെ കൂടുതൽ ഊഷ്മളമാക്കട്ടെ.

Monday, 25 December 2017

പൊങ്ങച്ചത്തിന്റെ മനശ്ശാസ്ത്രം (psychology of superiority complex)

പൊങ്ങച്ചത്തിന്റെ മനശ്ശാസ്ത്രം
(psychology of superiority complex)

ഞാൻ വലിയവനാണെന്ന മനോഭാവം വച്ചു പുലർത്തുന്നവർ സൂഹത്തിൽ ധാരാളമുണ്ട്. ഇല്ലാത്ത യോഗ്യതകൾ തന്നിലുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ഇക്കൂട്ടരുടെ ചെയ്തികൾ ആരിലും സഹതാപം സൃഷ്ടിക്കും. മനസ്സിനുള്ളിൽ ഉണ്ടാകുന്ന അധമ ബോധത്തെ (inferiority) മറച്ചു വയ്ക്കാനായി വ്യക്തികൾ കാണിക്കുന്ന ചെയ്തികളാണ് പൊങ്ങച്ച പ്രകടനങ്ങൾ.

സമ്പത്ത് ഇല്ലെങ്കിലും സമൂഹം തന്നെ സമ്പന്നനെന്ന് വിളിക്കണമെന്ന് വിചാരിച്ച് ആഢംബര ജീവിതം നയിക്കുന്നവർ, തനിക്ക് ഭയങ്കര അറിവ് ഉണ്ടെന്ന രീതിയിൽ ബുദ്ധി ജീവി ചമഞ്ഞ് മറ്റുള്ളവർക്ക് മനസ്സിലാകാത്ത രീതിയിൽ സംസാരിക്കുക ഇതൊക്കെ പൊങ്ങച്ചത്തിന്റെ ലക്ഷണങ്ങളാണ്. വില പിടിപ്പുള്ള വാഹനങ്ങളിൽ യാത്ര, വീമ്പു പറച്ചിൽ, പാശ്ചാത്യ വേഷങ്ങളോടും ശീലങ്ങളോടും ഭ്രമം, എപ്പോഴും എവിടെയും അഴുക്ക് കണ്ടെത്തി എപ്പോഴും കൈ കഴുകുക ഇതൊക്കെ ഇവരുടെ ശീലങ്ങളാണ്.

ധാരാളം പുസ്തകങ്ങൾ വീട്ടിൽ വാങ്ങി വയ്ക്കുക എന്നിട്ട് അവ ഒന്നു പോലും മറിച്ചു നോക്കുന്ന ശീലം ഇത്തരക്കാർക്കില്ല. പ്രശസ്ത വ്യക്തികൾ, സമ്പന്നന്മാർ, ഉന്നത രാഷ്ട്രീയക്കാർ ഇവരുമായി വേദി പങ്കിടുക, അവരൊടൊപ്പമുള്ള ഫോട്ടോ സൂക്ഷിച്ചു വയ്ക്കുക ഇത്തരക്കാരുടെ സ്വഭാവമാണ്. അർഹിക്കാത്ത ബഹുമാനവും സ്ഥാനവും നേടാൻ ശ്രമിക്കുക ഒരു മാനസിക വൈകല്യമാണ്.

നമ്മളെ നാമാക്കി മാറ്റുന്നത് നമ്മുടെ തനിമയാണ്. നമ്മുടെ മാതാ പിതാക്കൾ ആരാണ്, നമ്മുടെ ജോലി എന്താണ് ? വരുമാന മാര്ഗ്ഗം എന്താണ് ? യോഗ്യത എന്താണ് ? ഇതിനുള്ള സത്യസന്ധമായ ഉത്തരമാണ് നാം.

പൊങ്ങച്ചക്കാർ സ്വയം വലിയവരെന്ന് നടിക്കുന്നതോടൊപ്പം മറ്റുള്ളവരെ വെറുക്കാൻ ശ്രമിക്കും. സ്വന്തം കുടുംബക്കാരൊ ബന്ധുക്കളെയൊ ഒക്കെ വളരെ ചെറുതായി കാണും. താൻ പലതും നേടി മറ്റുള്ളവർക്ക് ഒന്നും നോനായില്ല എന്ന ചിന്തയായിരിക്കും ഇത്തരക്കാർക്ക് .

സ്വന്തം വ്യക്തിത്വം നില നിർത്തി തനിമയാർന്ന ജീവിതം ഏതൊരാൾക്കും ഗുണം ചെയ്യും. ജീവിതം അഭിനയിച്ചു കാണിക്കാൻ ശ്രമിക്കുന്നത് പരാജയത്തിൽ അവസാനിക്കും. പെരുമാറ്റത്തിലും സ്വഭാവത്തിലും വസ്ത്രധാരണത്തിലും എല്ലാം സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് എടുക്കാനാണ് ശ്രമിക്കേണ്ടത്.

നാട്യങ്ങളെ അൽപ്പമൊക്കെ സമൂഹം ക്ഷമയോടെ സ്വീകരിക്കുമെങ്കിലും സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുകയെന്ന ദുരന്തമാണ് അവരെ കാത്തിരിക്കുന്നത്. എല്ലാവർക്കും കഴിവുകളുണ്ട്. അവ തിരിച്ചറിഞ്ഞ് വളർത്തി എടുത്താൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയും. അതിന് തനിമ ഉണ്ടാകും. എന്നാൽ ഇല്ലാത്തത് വരുത്തി തീർക്കാൻ മറ്റുള്ളവരെ അനുകരിക്കുന്നത് പരിഹാസ്യമാണ്. അതിന് സ്വന്തത്തെ പറ്റി പഠിക്കുകയാണ് ആദ്യം വേണ്ടത്. ഞാൻ ആരാണ് ? എന്റെ പരിമതികളും കഴിവുകളും എന്തെല്ലാമാണ് എന്നൊക്കെ അറിയാൻ ശ്രമിക്കുക. ഇത് ക്ഷമയോടെയും സഹനത്തിലൂടെയും മാത്രമേ സാധിക്കൂ.

ദുഖത്തിന്റെയും സന്തോഷത്തിന്റെയും നാൾവഴികൾ (period of sadness and happiness)

ദുഖത്തിന്റെയും സന്തോഷത്തിന്റെയും നാൾവഴികൾ (period of sadness and happiness) -

ജീവിതത്തിൽ ദുഖവും സന്തോഷപരമായ മുഹൂർത്തങ്ങളും ഉണ്ടാകുമ്പൊൾ നാം മനസ്സിലാക്കേണ്ടത് ഇത് ശാശ്വതമല്ല എന്ന സത്യമാണ്. അതൊരു കാലഘട്ടമാണ്. ആ സമയത്ത് നമുക്ക് ഒന്നുകിൽ നമുക്ക് ഒരു പാട് ദുഖം അല്ലെങ്കിൽ ഒരു പാട് സന്തോഷം ഉണ്ടാകുന്നു. ഇത് മാറും. ദൈവം നമുക്ക് തരേണ്ട കാര്യങ്ങൾ മാറി മാറി തന്നു കൊണ്ടേയിരിക്കും. ഏറ്റവും കടുത്ത രീതിയിൽ വിഷമിപ്പിക്കും അപ്പോൾ നമുക്ക് തോന്നും ദൈവം എത്ര ക്രൂരതയാണ് നമ്മോട് കാട്ടുന്നത് എന്ന് എന്നാൽ ആ സമയത്തിന് ശേഷം ഒരു പാട് സന്തോഷങ്ങൾ നമുക്ക് തന്നേക്കാം അതിൽ മതി മറക്കരുത് കാരണം ആ സന്തോഷവും ശാശ്വതമല്ല.

ജീവിതത്തിന്റെ പരീക്ഷണങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ തളർന്നിരിക്കുകയും എല്ലാം നേടി കഴി്യുമ്പൊൾ മതി മറക്കുകയും ചെയ്യരുത്. നാളെയെ കുറിച്ച് ആലോചിച്ച് ഉത്കണ്ഠപ്പെടാനും കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ച് കുണ്ഠിതപ്പെടാനുള്ള തുമല്ല. ഇന്ന് ഈ നിമിഷം മാത്രമാണ് യാഥാർത്ഥ്യം. ഈ നിമിഷത്തിൽ ജീവിക്കാൻ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം. വേദനിക്കുന്നവരെ സഹായിക്കുക ഒന്നും പ്രതീക്ഷിക്കാതെ. തന്റെ കർമ്മം നിഷ്കാമമായി ചെയ്യുക എന്നതാണ് നമ്മുടെ ദൗത്യം.

വെട്ടി പിടിച്ചതിന്റെ അഹങ്കാരമോ എല്ലാം തകർന്നതിന്റെ നഷ്ടബോധമോ വേണ്ട. അമ്പലങ്ങളിലും പള്ളികളിലും നേർച്ച നേർന്നതു കൊണ്ട് കാര്യമില്ല. സത്കർമ്മങ്ങൾ ചെയ്യുക. നിങ്ങൾ മറ്റൊരാളൊടു എന്തു പറഞ്ഞു എന്തു ചെയ്തു ഇതൊക്കെ ഒരു നാൾ വിസ്മരിക്കപ്പെടാം. അത് പ്രതീക്ഷിച്ച് ഒന്നും ചെയ്യാതിരിക്കുക. ദൈനംദിനം മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ലോകത്ത് നടക്കുന്ന ക്രൂര കൃത്യങ്ങൾ, ചതി, വഞ്ചന എന്നിവയെ കുറിച്ചുള്ള വാർത്തകളാണ് വരുന്നത്. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുകയും അതിനെ പറ്റി ചർച്ച ചെയ്തും സമയം കളയുന്നത് വിഡ്ഡിത്തരം മാത്രമാണ്. നിങ്ങളുടെ ഉള്ളിലെ സന്തോഷം, ദയ, കാരുണ്യം, നന്മ ഇതൊക്കെ നിങ്ങളുടേതു മാത്രമായ ഗുണങ്ങളാണ്. ഇത് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്. മറ്റുള്ളവരൊടു പൊറുക്കാൻ കഴിയുന്ന മനസ്സ് നിങ്ങൾക്ക് ഉണ്ട്. അത് കാത്തു സൂക്ഷിക്കുക. പലപ്പോഴും ഇവ നമ്മുടെ മനസ്സിൽ നിന്ന് അകറ്റാൻ പലരും ശ്രമിക്കും. അവരോട് പൊറുക്കാനും ക്ഷമിക്കാനും കഴിയണം. അതൊരു ദ്വർബല്യമല്ല (not a sign of weakness) മറിച്ച് നിങ്ങളെ  അവരുടെ തലത്തിലേക്ക് വലിച്ചിഴക്കാനുള്ള തന്ത്രമാണ്. ഒരിക്കലും അതിന് അനുവദിക്കരുത് എത്ര പ്രകോപനം ഉണ്ടായാലും. മനസ്സിനെ ശാന്തമാക്കി അവരോടു ക്ഷമിക്കാനും പൊറുക്കാനും അവഗണിക്കാനും കഴിയാൻ ഉള്ള മനസ്സ് കാത്തു സൂക്ഷിക്കുക മാത്രമാണ് വേണ്ടത്. മുതലെടുക്കാൻ ശ്രമിക്കുന്നവരുടെ നേട്ടങ്ങൾ ക്ഷണികമാണ് അതിൽ വേവലാതിപ്പെടേണ്ട കാര്യമില്ല. നിത്യമായ സന്തോഷം മാത്രമാണ് നാം ലക്ഷ്യമിടേണ്ടത് .

എങ്ങനെ തീരുമാനങ്ങൾ കൈക്കൊള്ളാം ? (How to make decisions ?)

എങ്ങനെ തീരുമാനങ്ങൾ കൈക്കൊള്ളാം ?
(How to make decisions ?)

ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങൾ എടുക്കാൻ പാടു പെടുന്ന ചിലരെ നമുക്കറിയാം. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുക ആത്മ വിശ്വാസത്തിന്റെ തെളിവാണ്. പക്ഷെ തീരുമാനം എടുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില തീരുമാനങ്ങൾ എടുത്ത ശേഷം വിഡ്ഢിത്തമായി പോയി എന്ന് നമുക്ക് തോന്നാറുണ്ട്. ഒരിക്കലും നമ്മുടെ തീരുമാനങ്ങളിൽ പശ്ചാത്തപിക്കാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ജീവിതത്തിൽ നമുക്ക് അത്യാവശ്യമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് (urgent) പ്രാധാന്യമേറിയ കാര്യങ്ങളും (important) ചെയ്യാനുണ്ട്. നമ്മൾ എപ്പോഴും ചെയ്യുന്നത് അത്യാവശ്യ (urgent) കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നു എന്നാണ്. ഇത് തെറ്റായ നയമാണ്. ജീവിതത്തിൽ എപ്പോഴും പ്രാധാന്യമേറിയ കാര്യങ്ങൾക്കാണ് (important)  മുൻഗണന കൊടുക്കേണ്ടത്. എനിക്ക് ഇന്ന് അത്യാവശ്യമായി ഒരു കല്യാണത്തിന് പോകേണ്ടതുണ്ട്. വീട്ടിൽ ഭാര്യക്ക് അല്ലെങ്കിൽ മകന് സുഖമില്ലാതെ കിടക്കുകയാണ്. ആശുപത്രിയിൽ കൊണ്ടു പോകണം. പ്രാധാന്യം ആശുപത്രിയിൽ പോകുക എന്നതിന് കൊടുക്കാം. വളരെ നാളുകൾക്ക് ശേഷം പിണങ്ങി നിന്ന ഒരു ബന്ധുവിന്റെ മകളുടെ കല്യാണമാണ്. പോയില്ലെങ്കിൽ വീണ്ടും ഒരു അകല്ചയ്ക്ക് കാരണമാകും. ഭാര്യയ്ക്ക് ചെറിയ പനിയെ ഉള്ളൂ മകനെ ഏർപ്പാട് ചെയ്ത് ആശുപത്രിയിൽ കൊണ്ടു പോകാൻ എന്നിട്ട് വിവാഹത്തിനു പോകാൻ തീരുമാനിച്ചു. രണ്ടു പ്രാധാന്യമേറിയ കാര്യങ്ങൾ വരുമ്പോൾ കൂടുതൽ പ്രാധാന്യമേറിയ കാര്യങ്ങൾക്ക് ( most innportant ) മുൻഗണന കൊടുക്കാം.

കുട്ടികളെ കൊണ്ട് ചെറുതിലേ തീരുമാനങ്ങൾ എടുക്കാൻ ശീലിപ്പിക്കുക. അത്യാവശ്യ കാര്യങ്ങൾ, പ്രാധാന്യമുള്ളവ, അതിപ്രധാനമുളളവ എന്ന രീതിയിൽ കാര്യങ്ങൾ വിലയിരുത്തി തീരുമാനങ്ങൾ എടുക്കാൻ കുട്ടികളെ ശീലിപ്പിക്കുക. മകന് അവധി ദിവസം കിട്ടിയപ്പോൾ കളിക്കാൻ പോകണം കൂട്ടുകാരൊടൊപ്പം. വീട്ടിലേക്ക് അരി പൊടിപ്പിക്കാൻ ഉണ്ട് അടുത്ത ദിവസത്തെ പ്രാതലിന്. ആദ്യം മില്ലിൽ പോയി അരി പൊടിപ്പിക്കട്ടെ എന്നിട്ട് കളിക്കാൻ വിടാം. ഇതു പോലെ ഓരൊ പ്രവർത്തിയുടെയും പ്രാധാന്യം കുട്ടികൾ ചെറുതിലെ ശീലിക്കട്ടെ. ഹോട്ടലിൽ പോയി ആഹാരം ഓർഡർ ചെയ്യുമ്പൊൾ (Budget) ചെയ്ത് ആഹാരം ഓർഡർ ചെയ്യാൻ അവർ ശീലിക്കട്ടെ. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ശീലിച്ചാൽ പിന്നീട് ജീവിതത്തിൽ പല പ്രതിസന്ധികളിലും തീരുമാനം കൈകൊളളാൻ അവർക്ക് സഹായകമാകും.

Friday, 22 December 2017

കുറ്റബോധത്തോടെയല്ല അനുഭവ സമ്പത്തോടു കൂടി ജീവിക്കാം ( Learn to live life with grattitude than feeling guilty)

കുറ്റബോധത്തോടെയല്ല അനുഭവ സമ്പത്തോടു കൂടി ജീവിക്കാം ( Learn to live life with grattitude than feeling guilty) -

ജീവിതത്തിൽ പലപ്പോഴും നാം അല്ലെങ്കിൽ സമൂഹം ശരിയും തെറ്റും എന്ന രീതിയിൽ വിമർശന വിധേയമാക്കാറുണ്ട്. പല ആളുകളും അതിനെ അങ്ങനെ കാണാറുണ്ട്. എന്നാൽ അതു അവരുടെ പശ്ചാത്തലത്തിൽ നിന്ന് നോക്കി കാണുമ്പൊൾ മാത്രമെ അവർ അത് എന്തു കൊണ്ട് ചെയ്തു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയൂ. ഓരൊരുത്തരും നാം അറിയാത്ത നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത പന്ഥാവിലൂടെയാണ് സഞ്ചരിക്കുന്നത്. അത് മനസ്സിലാകണമെങ്കിൽ നാം അവരുടെ ജീവിതം ജീവിക്കണം.

ജീവിതത്തിൽ നാം ചെയ്യുന്ന തെറ്റുകൾ ഒരു പക്ഷേ നമ്മിൽ കുറ്റബോധം ഉണ്ടാക്കിയേക്കാം. ഒരു പക്ഷെ നാം ഒരു പ്രവർത്തി ചെയ്യുമ്പോൾ അതിന്റെ ഗുണങ്ങളോ ദോഷങ്ങളോ നമുക്ക് മനസ്സിലാകുക. ചിലർ തന്റെ പ്രവർത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാതെ മറ്റുള്ളവരെ കുറ്റം പറയുന്നു. ഒരിക്കലും അങ്ങനെ ചെയ്യരുത്. ചിലർ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് കുറ്റബോധത്തോടെ ജീവിക്കുന്നു. ഇതും ശരിയല്ല. തെറ്റു പറ്റി എന്നറിഞ്ഞാൽ അതിനെ ഒരു ജീവിത അനുഭവമാക്കി മാറ്റി അതിനെ സ്വീകരിക്കുകയാണ് വേണ്ടത്. കുറ്റബോധം തോന്നുന്നവർ പിന്നീട് ഒരിക്കലും തനിക്ക് തെറ്റു പറ്റാതിരിക്കാൻ മറ്റുള്ളവരെ അവിശ്വസിക്കുന്നു. എന്നാൽ തന്റെ തെറ്റിനെ മനസ്സിലാക്കുന്നവർ അവിശ്വാസത്തിൽ ചെന്ന് ചാടുന്നതിന് പകരം തന്റെ തെറ്റ് മനസ്സിലാക്കുകയും അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നു. യാതൊരു മുൻ വിധിയും തോന്നാതെ കൂടുതൽ കരുത്താർജ്ജിച്ച് ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്നു.

ജീവിതം എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കിയാൽ ഒരിക്കലും കുറ്റബോധത്തോടെ ജീവിക്കേണ്ടി വരില്ല. കാരണം നിങ്ങളുടെ ശരികൾ ഒരിക്കലും മറ്റുള്ളവർക്കു മനസ്സിലാകില്ല. ഒരാൾക്ക് ദൂരെ മാറി നിന്ന് നോക്കി കാണാം ഉപദേശിക്കാം വിമർശിക്കാം പക്ഷെ ആ ജീവിത വഴിയിലൂടെ കടന്നു പോകുന്ന ആൾക്ക് മാത്രമെ അതിന്റെ വേദനയും പ്രശ്നങ്ങളും മനസ്സിലാകൂ. തനിക്ക് ലഭിച്ച ഈ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. പുറത്ത് നിന്ന് ആർക്കും അഭിപ്രായം പറയാം. മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് നാം മനസ്സിലാക്കേണ്ടത് ജീവിതത്തിൽ നാം കാണാത്ത നാം മനസ്സിലാക്കാത്ത വഴികളിലൂടെയാണ് മറ്റുള്ളവർ സഞ്ചരിക്കുന്നത് എന്ന വസ്തുതയാണ്. അവരെ ഏതെങ്കിലും രീതിയിൽ സഹായിക്കാം പക്ഷെ ഉപദ്രവിക്കരുത്.

നമ്മുടെ പ്രശ്നങ്ങൾ നമ്മുടേതാണ് അതിൽ മറ്റുള്ളവർക്ക് പങ്കില്ല. അതിൽ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിച്ചപ്പോഴാണ് നമുക്ക് തെറ്റ് പറ്റി എന്ന് നമുക്ക് മനസ്സിലാകുന്നത്. ഒന്നും ചെയ്യാത്തവർക്ക് ഒരു തെറ്റും പറ്റില്ല. അഭിമാനിക്കണം നാം നമ്മുടെ പ്രവർത്തികളിൽ കാരണം നമ്മുടെ പ്രവർത്തി കൊണ്ട് ഒരു ജീവിത അനുഭവമാണ് ഉണ്ടായത്. ഒരാളെ നാം വിശ്വസിച്ചു അയാൾ നമ്മളെ വഞ്ചിച്ചാൽ നമുക്ക് അവരൊട് കടപ്പാട് തോന്നണം കാരണം അവരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന അനുഭവമാണ് നമുക്ക് പാഠമായത്. അയാൾ എന്നെ വഞ്ചിച്ചു അതു കൊണ്ട് ഇനി ഒരിക്കലും ആരേയും വിശ്വസിക്കരുത് എന്നല്ല ഇനി മറ്റൊരാളിൽ വിശ്വാസമർപ്പിക്കുമ്പൊൾ നാം ഒന്ന് ശ്രദ്ധിക്കും ആ ജീവിത അനുഭവമാണ് നമുക്ക് പകർന്നു കിട്ടുന്നത്. ഇതു പോലുള്ള ധാരാളം ജീവിത അനുഭവങ്ങളിൽ നിന്നാണ് നാം ഇന്ന് ജീവിതത്തിൽ എത്തി ചേർന്നിരിക്കുന്നത്.

ഓരൊരുത്തരും ഈ ജീവിതത്തിൽ നാം കാണാത്ത പലതും ജീവിത അനുഭവങ്ങളാക്കിയവരാണ്. അവരെ വിമർശിക്കുന്നതിനോ ഉപദേശിക്കുന്നതിനൊ മുമ്പ് നാം അറിഞ്ഞിരിക്കേണ്ടത് അതാണ്.

Thursday, 21 December 2017

വികാരങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് ? (How to respond to your emotions ? )

വികാരങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് ?
(How to respond to your emotions ? )


ജീവിതത്തിൽ പല മുഹൂർത്തങ്ങളിലും നമ്മുടെ മനസ്സിൽ വികാരങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ വികാരങ്ങളെ നിയന്ത്രിക്കുകയാണോ വേണ്ടത് അതൊ പ്രകടിപ്പിക്കുകയാണോ വേണ്ടത്. വികാരങ്ങൾ നിയന്ത്രിക്കുകയോ പ്രകടിപ്പിക്കുകയോ അല്ല വേണ്ടത് വികാരങ്ങളെ സ്വീകരിക്കുകയാണ് വേണ്ടത് . (Accept your emotions).

 രണ്ടാമതായി ചെയ്യേണ്ടത്  വികാരങ്ങളെ മനസ്സിലാക്കുക എന്നതാണ്. ( understand your emotions ) എന്നതാണ്. നമ്മുടെ മനസ്സിൽ വികാരങ്ങളുടെ തള്ളിക്കയറൽ ഉണ്ടാകുമ്പൊൾ പക്വത (Maturity) ഉളളവർ സ്വീകരിക്കുന്ന ഒരു രീതി മനസ്സിലാക്കാം. നാം എവിടെയാണോ ഒരു രണ്ടു മിനിറ്റ് കണ്ണുമടച്ച് നമ്മുടെ ഉള്ളിൽ വികാരങ്ങൾ എത്തിയെന്ന് പറഞ്ഞ് അതിനെ സ്വീകരിച്ച്  അതിന് പേരു നല്കുക. ഉദാ- ദേഷ്യം, വിഷമം, ലജ്ജ. നിർബന്ധമായും കണ്ണടച്ചിരിക്കണം കാരണം എന്നാൽ മാത്രമെ നമുക്ക് നമ്മുടെ ഉള്ളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ. അതിന് ശേഷം ആ വികാരങ്ങൾ നമ്മുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉളവാക്കുന്നത് എന്ന് ശ്രദ്ധിക്കുക. രണ്ട് മിനിറ്റ് ആ വികാരം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ ശ്വാസഗതിയിലും, ഹൃദയമിടിപ്പിലും, ശരീരത്ത് എവിടെയെങ്കിലും വേദന ഉണ്ടാകുന്നെങ്കിൽ ആ ഭാഗത്തേക്കും പേശികൾ വലിഞ്ഞു മുറുകുക എന്നീ മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നത് മനസ്സിലാക്കുക.

പതിയെ ശ്വാസഗതിയെ നിയന്ത്രണത്തിൽ കൊണ്ടു വരിക. (Control your respiration ) ശ്വാസഗതി നിയന്ത്രണ വിധേയമാക്കാൻ ശ്വാസ താളത്തിൽ ശ്രദ്ധിക്കുകയും പതിയെ ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുകയും ദീർഘമായി പുറത്തേക്ക് വിടുകയും ചെയ്യുക. ആദ്യമൊക്കെ അഞ്ചൊ പത്തോ മിനിറ്റ് എടുത്തേക്കാം പക്ഷെ പതിയെ ഇത് ശീലമാക്കിയാൽ രണ്ട് മിനിറ്റ് കൊണ്ട് തന്നെ നമുക്ക് നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന വികാരങ്ങളെ മനസ്സിലാക്കാനും അവയെ സ്നേഹപൂർവ്വം മടക്കി അയക്കാനും കഴിയും. താഴെ കാണുന്ന ചിത്രത്തിൽ നിന്ന് നമ്മുടെ മനസ്സിലെ വികാരങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കാം.

ഒറ്റപ്പെടലിനെയും ഒറ്റപ്പെടുത്തലിനെയും നിങ്ങൾ ഭയക്കുന്നുണ്ടൊ ? ( Do u fear being isolated and abandoned ?)

ഒറ്റപ്പെടലിനെയും ഒറ്റപ്പെടുത്തലിനെയും നിങ്ങൾ ഭയക്കുന്നുണ്ടൊ ?
( Do u fear being isolated and abandoned ?)

ഭയം എന്നത് ഒരു മാനുഷിക വികാരമാണ്. മിക്ക ഭയങ്ങളുടെയും അടിസ്ഥാനം നമ്മുടെ ജീവിതത്തിൽ നമുക്ക് അനുഭവിക്കേണ്ടി വന്ന ഓർക്കാനിഷ്ടപ്പെടാത്ത പഴയകാല ദുരനുഭവങ്ങളിലൂടെയാണ് (unpleasant past). ഭയത്തെ മനസ്സിലാക്കുവാൻ സാധിച്ചാൽ നമുക്ക് ആ ഭയത്തെ ഇല്ലായ്മ ചെയ്യാനും ധൈര്യത്തോടെ ജീവിതത്തിൽ മുന്നേറാനും സാധിക്കും.

മാതാ പിതാക്കളിൽ നിന്നോ ജീവിത പങ്കാളിയിൽ നിന്നോ ഉറ്റവരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ സ്കൂളിൽ മറ്റുള്ളവരിൽ നിന്നോ ജോലി സ്ഥലങ്ങളിൽ നിന്നോ അവഗണനയൊ വഞ്ചനയൊ ഏറ്റു വാങ്ങേണ്ടി വരുന്നവരാണ് ഒറ്റപ്പെടലിനെ ഭയക്കുന്നത്. ഇതു മൂലം അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥ ( insecurity) കാരണം ഭയവും ആശ്രയത്വവും (fear & dependency ) ഉണ്ടാകുന്നു.

തനിക്ക് വേണ്ടപ്പെട്ടവരുടെ അകാല മൃത്യു, അവഗണന എന്നിവയാണ് ഇത്തരം ഭയം നമ്മിൽ ഉണ്ടാക്കുന്നത്. മാതാപിതാക്കളിൽ നിന്ന് ഏറ്റു വാങ്ങേണ്ടി വരുന്ന അവഗണന ബാല്യത്തിൽ തമ്മിൽ തല്ലുന്ന അച്ഛനമ്മമാർ കുട്ടികളിൽ ഇത്തരം ഭയം കുത്തി വയ്ക്കുന്നു

എങ്ങനെ നേരിടാം -
തന്റെ ഭൂതകാലത്തെക്കുറിച്ച് മനസ്സിലാക്കി, വർത്തമാന കാലത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിച്ച്, തന്റെ ഭാവിയെ ശാക്തീകരിക്കുന്ന മനസ്സാണ് ഇത്തരം ഭയത്തെ നേരിടാൻ വേണ്ടത്. ബന്ധങ്ങളിൽ ഉണ്ടാകുന്ന അവഗണനയും വിള്ളലുകളാണ് തന്റെ ഉള്ളിൽ ഇത്തരത്തിലുള്ള ഭയം ഉളവാക്കിയത് എന്ന ഉത്തമ ബോധം നമുക്ക് ഉണ്ടാകുകയാണ് ആദ്യം വേണ്ടത്.

മനസ്സിനെ ശാന്തമാക്കുക - നമ്മുടെ എല്ലാം ഉള്ളിൽ ഇത്തരത്തിലുള്ള ഗുരുതരമായ വികാരങ്ങൾ ഒളിച്ചിരിപ്പുണ്ട്. അകാല നഷ്ടം, അവഗണന, വഞ്ചന ഇതൊക്കെ ആർക്കും എപ്പോഴും സംഭവിക്കാം. സ്വമനസ്സാലെ അതിനെ സ്വീകരിക്കുക എന്നതിലുപരി അതിനെ വ്യക്തിപരമായി (personal) ആയി എടുക്കാതിരിക്കുക. ഈ ഭയത്തൊട് പൊരുതുന്നതിന് പകരം അവയെ സ്നേഹപൂർവ്വം സ്വീകരിക്കുകയാണ് വേണ്ടത്.

ഭയത്തെ മസ്സിലാക്കുക - തന്റെ ചിന്തകളെ കുറിച്ച് കൂടുതൽ ബോധവാനാവുക. ഭയത്തെ മനസ്സിലാക്കി അത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ തിരിച്ചറിയുക. ശ്വാസഗതിയെ നിയന്ത്രിച്ച് പതിയേ തന്റെ ഉള്ളിലെ ഭയത്തെ പുറത്തേക്ക് വിടുക.

ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും വളരെ വേദനാജനകമാണ്. ഇത്തരം വേദനകളിൽ നിന്ന് ധൈര്യം സംഭരിച്ച് ഇവയൊക്കെ തന്റെ ഭൂതകാലത്തിലുണ്ടായ അവഗണനയുടെ ബാക്കി പത്രം മാത്രമാണ് എന്ന് മനസ്സിലാക്കി ജീവിതത്തെ മുന്നോട്ട് നയിക്കുക.

Monday, 18 December 2017

നിങ്ങൾ ചൂഷണത്തിന് അടിമയാണോ ?

നിങ്ങൾ ചൂഷണത്തിന് അടിമയാണോ ?
(Are you being manipulated ?)

ഇന്നത്തെ ലോകത്ത് ഒരു പാട് പേർ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ദീനാനുകമ്പരായ (empathetic)  പാവങ്ങളാണ് കൂടുതലും ചൂഷണത്തിന് വിധേയരാകുന്നത്. അഹങ്കാരികളായവരാണ് (Narcisstic) ഇങ്ങനെയുള്ളവരെ ചൂഷണം ചെയ്യുന്നതായി കാണപ്പെടുന്നത്. മറ്റുള്ളവരുടെ സ്നേഹത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്യുന്നതിൽ ഇത്തരക്കാർ മിടുക്കരാണ്. മറ്റുള്ളവരെ സഹായിക്കുന്ന മനസ്സുള്ളവരെ തങ്ങളുടെ വരുതിയിൽ വരുത്തി അവരുടെ സഹതാപം പിടിച്ചു പറ്റുകയും വിശ്വാസം നേടിയും ഇത്തരക്കാർ അവരുടെ ആദ്യ ചുവട് വയ്ക്കുന്നു.

 മോഹന വാഗ്ദാനങ്ങൾ നല്കിയൊ തന്റെ ക്ഷിപ്ര കോപം കൊണ്ട് മറ്റുള്ളവരെ വരുതിയിലാക്കുക എന്നതാണ് ഇവരുടെ രണ്ടാമത്തെ ലക്ഷ്യം. തന്റെ ഇല്ലായ്മകൾ തുറന്നു കാട്ടി അവർ പെട്ടെന്ന് മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റുന്നു. പാവങ്ങളും അനുകമ്പ തോന്നുന്നവരും ഇവരുടെ വലയിൽ വീഴുന്നു. ചില രാഷ്ട്രീയ നേതാക്കൾ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്വന്തം ചവിട്ടു പടികൾ ഉണ്ടാക്കുന്നു. തന്റെ ആകർഷണ വലയത്തിൽ പെട്ടവരെ ചൂഷണം ചെയ്യുക എന്നതാണ് മൂന്നാമത്തെ പ്രക്രിയ.

 സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി മറ്റുള്ളവരെ മാനസികമായും  വൈകാരികമായും തളർത്തി അവരെ കീഴ്പ്പെടുത്തുക എന്ന ഗൂഢ തന്ത്രമാണ് ഇവരുടെ ഉള്ളിൽ. ചതിക്കുഴികൾ മനസ്സിലാകാതെ ഇവരെ സഹായിക്കുവാനായി എത്തുന്നവർ ഇവരുടെ വലയത്തിൽ പെടും. ഒരിക്കൽ ഇവരുടെ വലയത്തിൽ പെട്ടു കഴിഞ്ഞാൽ പിന്നെ ഇവർ അവരെ ചൂഷണം ചെയ്തു തുടങ്ങും. സാമ്പത്തികമായും മാനസികമായും വൈകാരികമായും തളർത്തി അവരെ ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്നതാണ് ഇവരുടെ സവിശേഷത. സ്വയം വിശേഷാൽ കഴിവുള്ളവർ എന്നു മറ്റുള്ളവരെ ധരിപ്പിച്ച് താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന് തോന്നിപ്പിക്കുന്ന ഈ കൂട്ടരൊട് ഒരു വിധ വാഗ്വാദവും നടക്കില്ല. പൊതുവേ സംസാര പ്രിയരും മറ്റുള്ളവരുടെ ഭാഗം കേൾക്കാൻ തയ്യാറുള്ളവരുമായിക്കില്ല ഇത്തരക്കാർ. ഒരിക്കൽ ഇവരുടെ ചതിക്കുഴിയിൽ പെട്ടു കഴിഞ്ഞാൽ അതിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. താൻ മാത്രമാണ് ശരിയെന്നും തനിക്ക് അസാധ്യ കഴിവുകൾ ഉണ്ടെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും കഴിവുള്ളവരാണ് ഈ കൂട്ടർ.

പലപ്പോഴും ഇത്തരക്കാരുടെ ചതിക്കുഴിയിൽ വീഴുന്ന പാവങ്ങൾ ഇവർക്ക് എതിരെ സംസാരിക്കാൻ ഭയപ്പെടും. തന്റെ തെറ്റുകൾ പോലും അന്യന്റെ തെറ്റായി കണ്ട് അവരുടെ ചുമലിലേക്ക് പഴി ചാരുക ഇവരുടെ പതിവാണ്. ഇത്തരക്കാരെ മുൻ കൂട്ടി അറിയുകയും അവരുടെ ലക്ഷ്യങ്ങൾ മുൻ കൂട്ടി അറിഞ്ഞ് ഇവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയൊ അവഗണിക്കുകയൊ അവരുടെ നീക്കങ്ങൾ മനസ്സിലാക്കി പ്രതിരോധിക്കുകയുമാണ് ചെയ്യേണ്ടത്. പിഞ്ചു കുട്ടികളെയും സ്ത്രീകളെയും അബലർ എന്ന് തോന്നിക്കുന്നവരെയും തന്റെ ഇംഗിതത്തിന് അനുസരിച്ച് ഉപയോഗിച്ച ശേഷം കടന്നു കളയുക ഇവരുടെ പതിവാണ്.ഇവരുടെ മായാ പ്രപഞ്ചത്തിൽ അവർ പോലും അറിയാതെ അകപ്പെടുന്നത് സഹതാപ തരംഗം സൃഷ്ടിച്ചായിരിക്കും. ഇവരെ സഹായിക്കാനായി എത്തുന്നവരാണ് ഇവരുടെ ഇരയായി മാറുന്നത്.  മാനസികമായും വൈകാരികമായും ഇവരുടെ മുമ്പിൽ പെട്ടു പോകുന്നവർ തങ്ങൾ ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുമെന്ന ഭയം കൊണ്ടും  കുണ്ഠിതപ്പെട്ട് കഴിയേണ്ടി വരുന്നു. മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നവർ ഭീരുക്കളാണ്. കാരണം ഇവർ അങ്ങനെയുളള പാവങ്ങളെ മാത്രമെ തന്റെ ചൂഷണത്തിന് വിധേയരാക്കാറുള്ളൂ. ഇവർക്കെതിരെ പ്രതികരിക്കാൻ കഴിയാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകും എന്നു കരുതുന്നവരാണ് അനേകർ. തന്റെ തെറ്റുകൾ പോലും മറ്റുള്ളവരുടെ തെറ്റായി മാറ്റാനുള്ള കഴിവ് ഇവർക്കുണ്ട്. ചൂഷണത്തിനു വിധേയരാകുന്നവരെ അനുകമ്പയും സ്നേഹവും പരിഗണനയും നല്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരികയാണ് വേണ്ടത്. ഇത്തരക്കാരെ നിയന്ത്രിക്കാനായില്ലെങ്കിൽ ജീവിത കാലം മുഴുവൻ ഇവർ ഇത് തുടരുകയും മറ്റുള്ളവരെ കൂടി തന്റെ കെണിയിൽ എത്തിക്കുവാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഇതൊരു സ്വഭാവ വൈകല്യമാണ് ഇതിനെ വേണ്ട രീതിയിൽ ചികിത്സിക്കുകയൊ വേണ്ടി വന്നാൽ ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനുള്ള നിയമം ഇന്ന് നമ്മുടെ നാട്ടിലുണ്ട്.

Sunday, 17 December 2017

വികാരങ്ങളെ അടിച്ചമർത്തുന്നത് ശരിയാണോ ? (is it good to suppress your emotions ?

വികാരങ്ങളെ അടിച്ചമർത്തുന്നത് ശരിയാണോ ?
(is it good to suppress your emotions ?)

പലപ്പോഴും ജീവിതത്തിൽ പല സന്ദർഭങ്ങളിലും നാം വികാരത്തിന് അടിമപ്പെടാറുണ്ട്. എന്നാൽ വികാരങ്ങൾ കൊണ്ട് നാം എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. വികാരങ്ങളില്ലാതെ ജീവിക്കുന്ന ചിലരുണ്ട്. അവർ ചെയ്യുന്നത് തങ്ങളുടെ വികാരങ്ങളെ അടിച്ചമർത്തുകയാണ് ( suppress enotions). ഇങ്ങനെയുള്ളവർ നേരിടുന്ന ചില പ്രശ്നങ്ങൾ കാണാം

1. ഓർമ്മക്കുറവ് ( memory lapse) - വികാരങ്ങളെ അടിച്ചമർത്തുന്നവരിൽ ഓർമ്മക്കുറവ് സാധാരണയായി സംഭവിക്കുന്നു. അതിന് കാരണം ഇത്തരക്കാർ തങ്ങളിൽ വികാരങ്ങൾ ഉണർത്തുന്ന സംഭവങ്ങൾ അല്ലെങ്കിൽ മുഹൂർത്തങ്ങളെ മറക്കാൻ ശ്രമിക്കുന്നതാണ്. ഇത് തലച്ചോറിനെ കൊണ്ട് മറവികൾ ഉണ്ടാക്കുന്നു. ഒരിക്കലും കുട്ടികളുടെ വികാരങ്ങൾ അടിച്ചമർത്താൻ ശ്രമിക്കരുത് കാരണം അത് അവരുടെ പഠനത്തിൽ ഓർമ്മക്കുറവ് മൂലം ബുദ്ധിമുട്ട് ഉണ്ടാക്കാം

2. മാനസിക സമ്മർദ്ദം (mental fatigue) -
തുടർച്ചയായി വികാരങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുമ്പൊൾ നമ്മുടെ തലച്ചോറിൽ ഓർത്തെടുക്കാനും മറക്കാനും ഉള്ള ശ്രമങ്ങൾ മാനസിക സമ്മർദ്ദം കൂട്ടുന്നു

3. തനിക്ക് ഏറ്റവും അടുപ്പമുള്ളവരിലേക്ക് വികാരങ്ങൾ വഴി മാറ്റുന്നു (changing the route of emotions to your dear ones) -
തനിക്ക് ഏറ്റവും അടുപ്പമുള്ളവരോട് കോപിക്കുകയും അവരിൽ നിന്ന് അകലാനും കാരണമാകുന്നു

4. ഉറക്ക കുറവ് ( bad sleeping habits) -
ഇത്തരക്കാരിൽ ഉറക്ക കുറവ് ഒരു പ്രധാന പ്രശ്നമായി തീരുകയും അത് അവരുടെ മാനസികവും ശാരീരികവുമായ എല്ലാ തരം പ്രവർത്തനങ്ങളെയും ബാധിക്കുന്നു

5. രക്ത സമ്മർദ്ദം കൂടുന്നു (High Blood pressure) -
ഹൃദയ സ്പന്ദനം കൂടുന്നു, ശ്വാസോച്ഛാസം കൂടുന്നു ആദിയായ പ്രശ്നങ്ങൾ മാനസിക സമ്മർദ്ദം കൂടുന്നത് കൊണ്ട് സംഭവിക്കുന്നു

6. അമിതഭാരം (weight gain )

7. ദഹന സംബന്ധമായ പ്രശ്നങ്ങൾ (Digestive problems) - വയറിനുള്ളി വ്രണങ്ങൾ (ulcer) സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നു..

Saturday, 16 December 2017

പരാജയങ്ങളെ എങ്ങിനെ വിജയമാക്കി മാറ്റാം (Convert failure to Success)

പരാജയങ്ങളെ എങ്ങിനെ വിജയമാക്കി മാറ്റാം
(Convert failure to Success) -

ജീവിതത്തിൽ പല തരം പ്രശ്നങ്ങളിലും പരാജയങ്ങളിലും ചെന്നു പെടുക സാധാരണമാണ്. പക്ഷെ പരാജയത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്നവരുടെതല്ല ലോകം. പരാജയത്തിൽ നിന്ന് മുന്നേറാൻ കഴിയുമ്പൊഴൊ പരാജയങ്ങളെ പാഠങ്ങളാക്കി മാറ്റാൻ കഴിയുകയൊ ആണ് ചെയ്യെണ്ടത്.

ജീവിതത്തിലെ പ്രതിസന്ധികളെ പരാജയങ്ങളെ മറി കടക്കാനുള്ള ശേഷി മനുഷ്യനുണ്ട്. പക്ഷെ പലപ്പോഴും മനസ്സാണ് നമ്മെ പരാജയപ്പെടുത്തുന്നത്.  ഒരിക്കൽ പരാജയപ്പെട്ടാൽ വീണ്ടും പരാജയപ്പെടും എന്ന ഭീതി ഉപബോധ മനസ്സിലേക്ക് തള്ളി വിടുന്നു. മനസ്സിൽ പതിയുന്ന പല കാര്യങ്ങളും ഉപബോധ മനസ്സിൽ നിന്നാണ് (Sub conscious mind). മനസ്സിൽ പോസിറ്റീവ് ചിന്തകൾ ഉണ്ടാകണമെങ്കിൽ ഉപബോധ മനസ്സ് മനസ്സിലേക്ക് ആ ചിന്ത കടത്തി വിടണം.

ഉപബോധ മനസ്സിൽ നിന്ന് അത്തരം ചിന്തകൾ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സിലേക്ക് പോസിറ്റീവ് ആയ ചിന്തകൾ കൊണ്ട് നിറയ്ക്കണം. ജീവിത വിജയം നേടിയ പലരെയും കുറിച്ച് നാം കേട്ടിട്ടുണ്ട് അവരുടെ ഭാഗ്യം എന്നോ അവരുടെ നേട്ടങ്ങളെ അസൂയയോടെ നോക്കി കാണുന്നു. ജീവിത വിജയം നേടിയവരുടെ മനസ്സിന്റെ ചിന്താശരണികൾ ആണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ അവർ നേട്ടങ്ങൾ കൊയ്തത് അവരുടെ പോസിറ്റീവ് ചിന്തകൾ കൊണ്ടാണ്.

സച്ചിൻ ടെണ്ടുൽക്കർ എന്ന മഹാനായ ക്രിക്കറ്റുകാരൻ ഉണ്ടായതിനു പിന്നിലെ ചാലക ശക്തി അദ്ദേഹത്തിന്റെ സഹോദരൻ അജിത് ടെണ്ടുൽക്കർ ആയിരുന്നു. ഒരിക്കൽ ടെയൊട്ടാ എന്ന കാർ കമ്പനിയിലേക്ക് ജോലി അന്വേഷിച്ചു ചെന്ന ഹോണ്ട എന്ന ചെറുപ്പക്കാരനെ ആ കമ്പനി ജോലി നിരസിക്കുകയും പിന്നീട് ടൊയൊട്ട എന്ന കമ്പനിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറാൻ കഴിഞ്ഞ ഹോണ്ട എന്ന കാർ കമ്പനിയുടെ രൂപീകരണത്തിൽ എത്തി നില്ക്കുകയും ചെയ്തു. ദീർഘ കാലം കെനിയയിൽ ക്ളറിക്കൽ ജോലി ചെയ്തു കൊണ്ടിരുന്ന ധിരുഭായ് അംബാനി ലോകത്തെ അതിസമ്പന്നനായ വ്യക്തി ആയി മാറി. തന്റെ 999 പരീക്ഷണങ്ങളും വ്യർത്ഥമായ ശേഷം ബൾബ് കണ്ടു പിടിച്ച തോമസ് ആൽവാ എഡിസൺ തുടങ്ങിയ അനേകരുടെ വിജയ ഗാഥകൾ നമുക്ക് മുന്നിലുണ്ട്.

തങ്ങളുടെ നേട്ടങ്ങളുടെ പിന്നിൽ പരാജയങ്ങളായിരുന്നു എന്ന് രേഖപ്പെടുത്തിയ മഹാന്മാർ. പക്ഷെ അവർ ഒരിക്കലും പരാജയങ്ങളിൽ വേദനിച്ച് ജീവിതം വേണ്ടെന്ന് വച്ചവരല്ല മറിച്ച് പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടവരാണ്. മനസ്സിന്റെ ശക്തി കൊണ്ട് ജീവിതത്തെ വിജയിച്ചവർ. തോൽവി സമ്മതിക്കുന്നതിലല്ല ജീവിതം തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാനുള്ള മനസ്സ് ഉണ്ടാകുക എന്നതാണ് പ്രധാനം.

Friday, 15 December 2017

ബന്ധങ്ങളുടെ മൂല്യം (value of relationships)

ബന്ധങ്ങളുടെ മൂല്യം (value of relationships) -

ഒരിക്കൽ ഒരു സുഹൃത്ത് തന്റെ കൈയിൽ കുറച്ച് പൈസ വന്നപ്പൊൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കി. 30 ലക്ഷം വിലയുള്ള ഒരു BMW കാർ. തന്റെ കൈയിലുള്ള പൈസയും കുറച്ചു ലോണുമിട്ടാണ് ആ വാഹനം സ്വന്തമാക്കിയത്. തന്റെ ആഗ്രഹം സഫലീകരിച്ചതിനാൽ വളരെ ആത്മാഭിമാനത്തോടെ കുടുംബത്തോടെ ആ വാഹനത്തിൽ യാത്ര ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇൻഷുറൻസും മെയിന്റനിസിനുമായി നല്ല ഒരു തുകയായി. തന്റെ കൈയിൽ ഉള്ള പൈസ എങ്ങനെയൊക്കെയൊ ഒപ്പിച്ച് അത് ചെയ്തു. അങ്ങനെയിരിക്കെ വണ്ടി ചെറുതായി ഒന്നു തട്ടി ഹെഡ് ലൈറ്റ് പൊട്ടി. കമ്പനിയിൽ കൊണ്ടു ചെന്നപ്പോൾ നല്ല ഒരു തുകയാവും അത് മാറ്റാൻ. സാമ്പത്തികമായി ഞെരുങ്ങിയിരുന്ന ആ സുഹൃത്ത് ആകെ അങ്കലാപ്പിലായി. രണ്ടു വർഷം തികയുന്നതിനു മുമ്പ് ആ വണ്ടി വിറ്റു സ്വന്തമായി ഒരു ചെറിയ ആൾട്ടോ കാർ വാങ്ങി. ഇപ്പോൾ അദ്ദേഹം ഹാപ്പിയാണ്. ബന്ധങ്ങളും ഇതു പോലെയാണ്. ആകർഷകമായ ബന്ധങ്ങൾ നമ്മൾ ഉണ്ടാക്കും. എന്നാൽ അതിനെ പറ്റി കൂടുതൽ മനസ്സിലാക്കുകയും അതിനെ തുടർച്ചയായി പരിപോഷിപ്പിക്കുവാനും കഴിയുന്ന ബന്ധങ്ങൾ മാത്രമെ നില നില്ക്കു. ഒരു ബന്ധം നില നിർത്തുന്നതിന് ആകർഷണീയത (attraction) മാത്രം പോരാ ആ ബന്ധത്തിൽ പരസ്പരം എന്തൊക്കെ കാര്യങ്ങളിലാണ് ഇഷ്ടങ്ങൾ എന്ന് കണ്ടെത്തുക (common intrest) അതു പോലെ അനിഷ്ടങ്ങളും.

ഒരു ബന്ധം തുടങ്ങുമ്പൊൾ ഒരാൾ മറ്റൊരാളുടെ ഇഷ്ടങ്ങൾ അഡ്ജസ്റ്റ് ചെയ്താലും ആ അഡ്ജസ്റ്റ്മെന്റ് ആ ബന്ധത്തിന്റെ ആകർഷണീയത നില നില്ക്കുന്നതു വരെ മാത്രമെ കാണൂ . പിന്നെയങ്ങോട്ടാണ് പരസ്പരം എത്ര മാത്രം അകലമുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുക. ഒരാളിന്റെ വ്യക്തിത്വം മനസ്സിലാക്കാതെ ഒരാളിന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാതെയുള്ള ബന്ധങ്ങൾ നൈമിഷികമാണ്. അതിന്റെ ആയുസ്സ് വളരെ കുറവായിരിക്കും. പ്രണയിക്കുന്നവർ മിക്കവരും മാസ്മരിക വലയമായ ആകർഷണത്തിൽ ബദ്ധരായിക്കും. ആദ്യത്തെ ആകർഷണത്തിൽ ഒരു വ്യക്തിയിലെ ഗുണങ്ങൾ മാത്രമെ കാണൂ. കൂടുതൽ അറിയുമ്പോൾ മാത്രമാണ് വൈരുദ്ധ്യങ്ങൾ മനസ്സിലാകുന്നത്. ഇനിയുള്ള കാലത്ത് ബന്ധങ്ങളിൽ ഏർപ്പെടുമ്പൊൾ പ്രത്യേകിച്ച് വിവാഹ ബന്ധങ്ങളിൽ ജാതകമല്ല പരിശോധിക്കേണ്ടത് യാഥാർത്ഥ്യ ബോധമുള്ള പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ബന്ധങ്ങൾ ആണ് ഉണ്ടാകേണ്ടത്. പൂർണ്ണമായി ഒരാളെ മനസ്സിലാക്കാൻ കഴിയില്ലെങ്കിലും ഏറെക്കുറെ എങ്കിലും പരസ്പരം അറിഞ്ഞ് ബന്ധങ്ങളിൽ ഏർപ്പെടുന്നതാണ് അഭികാമ്യം. അതു പോലെ തന്നെ ധാരാളം സ്ത്രീധനം കൊടുത്തും സ്ത്രീധനം വാങ്ങിയും അർഹിക്കാത്ത ബന്ധങ്ങളിൽ ചെന്ന് ചാടുന്നതും ബന്ധങ്ങളിൽ ഉണ്ടാകുന്ന വിഉള്ളിന്റെ സങ്കീർണ്ണത കൂട്ടും.

Thursday, 14 December 2017

ആകർഷണത്തിന്റെയും സ്നേഹത്തിന്റെയും മനഃശാസ്ത്രം (psychology of attraction and love)

ആകർഷണത്തിന്റെയും സ്നേഹത്തിന്റെയും മനഃശാസ്ത്രം (psychology of attraction and love) -

മനുഷ്യ മനസ്സ് വികാരങ്ങളുടെ പ്രഹേളികയാണ്. ഓരൊരുത്തരുടെയും മനസ്സ് ഓരൊ രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. പക്ഷെ മനുഷ്യ മനസ്സുകളിൽ കണ്ടു വരുന്ന വികാരങ്ങൾക്ക്  എല്ലാം തന്നെ പൊതുവായ ചില രാസപ്രവർത്തനങ്ങളുടെ പരിണിത ഫലമാണ്. ആകർഷണം (Attraction ) , സ്നേഹം (Love) എന്നീ വികാരങ്ങളുടെ മനഃശാസ്ത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഒരു കുട്ടിക്ക് കളിപ്പാട്ടങ്ങളോട് തോന്നുന്ന വികാരമാണ് ആകർഷണീയത. ആ കളിപ്പാട്ടം തന്റെ കൈയിൽ കിട്ടുന്നതു വരെ കരയും. എന്നാൽ ആ കളിപ്പാട്ടം കൈയിൽ കിട്ടി കുറച്ചു നേരം കഴിഞ്ഞാൽ അതെടുത്ത് എറിയും നശിപ്പിക്കും. കുറെ നേരം അതിനോട് കളിച്ച് കഴിയുമ്പോൾ മടുപ്പ് തോന്നും. വീണ്ടും അതിലും ആകർഷണീയമായ ഒരു കളിപ്പാട്ടം കാണും വീണ്ടും അത് കിട്ടാൻ വേണ്ടി വാശി പിടിച്ച് കരയും. കൗമാരം എത്തുമ്പോൾ അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും ഇതേ ആകർഷണീയത തോന്നും. അവിടെയും മനസ്സിലെ ആകർഷണീയത അവനെ കൊണ്ട് അവളില്ലാതെ ജീവിക്കാൻ കഴിയില്ല എന്നും അവൾക്ക് തിരിച്ചും തോന്നും. അപ്പോഴാണ് നാം കാണുന്നത് - അവന് വേണ്ടി കൈത്തണ്ട മുറിക്കുന്നു, പ്രണയിനിക്ക് വേണ്ടി മരിക്കാൻ പോകുന്നു, തന്റെ പ്രേമം നിരസിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു, ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ ട്രെയിനിന് തല വെക്കുന്നു തുടങ്ങിയ ചപലമായ ചിന്തകൾ ഒരു കൊച്ചു കുട്ടി കളിപ്പാട്ടം കിട്ടാത്തതിന് വാശി പിടിച്ച് കരയുന്നതിന് തുല്യം മാത്രമാണ് ഇത്തരം പ്രവർത്തികൾ . തനിക്ക് വേണ്ടി ജീവിതം ഹോമിക്കാൻ വരെ തയ്യാറായി എന്ന ബാലിശമായ ചിന്ത ഒക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ പ്രായമാകുമ്പൊൾ ഇവരെ പിടിച്ച് കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് വർഷം വരെ അടിച്ച് പൊളിച്ച് excitement ഓടു കൂടി ജീവിക്കും. അതു കഴിയുമ്പൊൾ ഒരാൾ മറ്റൊരാളുടെ കുറ്റങ്ങൾ കണ്ടു തുടങ്ങും പിന്നീട് ഒരു തരം വിരസതയിലേക്ക് നീങ്ങും. പീന്നീടുള്ള ജീവിതം കുട്ടികൾ ഒക്കെ ആയി ചില സാമൂഹിക സാംസ്കാരിക കടിഞ്ഞാണുകൾ മൂലം ബന്ധം നില നിർത്തി പോകുന്നു അതിനു കഴിയാത്തവർ ഡൈവോഴ്‌സിലേക്ക് പോകുന്നു.

ഇനി നമുക്ക് സ്നേഹത്തെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കാം . ഒരു അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം അത് ഇനി മക്കൾ അമ്മയെ ഉപേക്ഷിച്ചു പോയാലും ആ അമ്മയ്ക്ക് വളർത്തി വലുതാക്കിയ തന്റെ മക്കളെ ഒരിക്കലും വെറുക്കാൻ കഴിയില്ല. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിനെ സ്നേഹിക്കുകയായിരുന്നു. ഒരിക്കലും അദ്ദേഹം വികാരപരമായി ക്രിക്കറ്റിനെ സമീപിക്കുന്നത് നാം കണ്ടിട്ടില്ല. ചിലർ പൂന്തോട്ടം ഉണ്ടാക്കുകയും അതിൽ നിന്ന് ഒരു പൂവ് പോലും പറിക്കാതെ അതിനെ വളർത്തുന്നത് കണ്ടട്ടില്ലേ. തന്റെ ജോലിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ കണ്ടിട്ടില്ലേ. ഒരാൾ തനിക്ക് ഇഷ്ടപ്പെട്ട ഒരു സ്കൂട്ടർ വാങ്ങി. അതിൽ കുറെ നാൾ ചുറ്റി നടന്നപ്പോൾ മടുത്തു അടുത്ത സ്‌കൂട്ടർ വാങ്ങുന്നു. മറ്റൊരാൾ ആകട്ടെ തന്റെ ആദ്യ സമ്പാദ്യം കൊണ്ട് വാങ്ങിയ ആ വാഹനം അതിനോടുള്ള സ്നേഹം കാരണം അത് ചീത്തയായാലും അതിനെ വർക്ക് ഷോപ്പിൽ കൊടുത്ത് നന്നാക്കി അതിനു ചെയ്യേണ്ട സർവ്വീസൊക്കെ കൃത്യ സമയത്ത് ചെയ്ത് അതിനെ പരിപാലിക്കുന്നു.

മനശ്ശാസ്ത്രം പറയുന്നത് ഒരാൾക്ക് ഒരു വസ്തുവിനോടൊ ഒരാളൊടൊ ഉള്ള തീവ്രമായ ആകർഷണം വെറും 4 മാസം മാത്രം നില നില്ക്കുന്നു എന്നാണ്. പരസ്പരം വിവാഹം കഴിച്ച് ജീവിക്കുന്നവരിൽ ഈ ആകർഷണവും സ്‌നേഹവും മൂന്ന് വർഷം വരെ നില നില്ക്കുന്നു. പിന്നീട് ഈ വികാരങ്ങളുടെ വേലിയേറ്റം നില്ക്കുകയാണ് (Neutralisation of emotions) പിന്നീടാണ് നാം ചിന്തിക്കുന്നത് താൻ തെരഞ്ഞെടുത്തയാൾ അയാളുടെ രീതികൾ അല്ലെങ്കിൽ ആ വ്യക്തിത്വത്തെ നാം ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് . വൈകാരിതകൾ നഷ്ടപ്പെട്ട ശേഷവും തനിക്ക് മറ്റൊന്നിനെ അല്ലെങ്കിൽ മറ്റൊരാളെ ഇഷ്ടപ്പെടാൻ സാധിക്കുമ്പൊൾ മാത്രമാണ് അത് സ്നേഹമായി മാറുന്നത് . അതു കൊണ്ട് മനസ്സിന്റെ വൈകാരിക തീവ്രതയെ മാറ്റി വച്ച് ചിന്തിച്ച് യുക്തി പൂർണ്ണമായി ചിന്തിക്കാൻ പുതിയ തലമുറയ്ക്ക് കഴിയട്ടെ.

ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക (Managing relationships)

ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക (Managing relationships) -

നാം ദൈനം ദിനം പലരുമായി ബന്ധങ്ങൾ സ്ഥാപിക്കാറുണ്ട്. പക്ഷെ എങ്ങനെ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാം എന്ന് അറിയേണ്ടതുണ്ട് . ഇല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ സംഭവിക്കുകയും ഒരിക്കൽ നല്ല ബന്ധം ഉണ്ടായിരുന്നവർ പിന്നീട് ആ ബന്ധങ്ങൾ മറക്കുവാനും ഇടയാക്കുന്നു.

ഊഷ്മളമായ ബന്ധങ്ങൾ എപ്പോഴും വേണ്ടത് നല്ല ആശയ വിനിമയമാണ് (effective communication). എപ്പോഴും സംസാരിച്ചിരിക്കണം എന്നല്ല പരസ്പരം മനസ്സിലാക്കുവാൻ (mutual understanding) ഉള്ള ബന്ധങ്ങൾ ആയിരിക്കണം. പരസ്പര ബഹുമാനവും ( mutual respect) പരസ്പര വിശ്വാസവും (mutual trust ) ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നു.

പ്രതീക്ഷ (expectations) - പല ബന്ധങ്ങളും നശിക്കുന്നത് അമിത പ്രതീക്ഷകളിലൂടെയാണ്. യാഥാർത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകളാണ് പലപ്പോഴും ബന്ധങ്ങളെ അകറ്റുന്നത്. പല വിവാഹ ബന്ധങ്ങളും തകരുന്നത് ഇത്തരം പ്രതീക്ഷകളിലൂടെയാണ്. ഭർത്താവ് ഭാര്യയിൽ നിന്നും ഭാര്യ ഭർത്താവിൽ നിന്നും പ്രണയിക്കുന്നവർ തമ്മിലും പലപ്പോഴും പ്രതീക്ഷകൾ അർപ്പിക്കുന്നു. അത്തരം പ്രതീക്ഷകൾ തകിടം മറിയുമ്പോൾ നിരാശയും പിന്നീട് പരസ്പരം അകല്ച്ചയും ഉണ്ടാകുന്നു. തന്നിൽ ഒളിഞ്ഞു കിടക്കുന്ന അരക്ഷിതത്വം (insecurity) ആണ് പ്രതീക്ഷകളായി മാറുന്നത്. ഒരിക്കലും വഴക്കിടില്ല എന്ന് പ്രതീക്ഷ, എന്നും സ്നേഹിക്കപ്പെടും എന്ന പ്രതീക്ഷ, എന്നും സുരക്ഷിതത്വം അനുഭവപ്പെടും എന്ന പ്രതീക്ഷ ഇത്തരം പ്രതീക്ഷകളാണ് ബന്ധങ്ങളെ വഷളാക്കുന്നത്. പ്രതീക്ഷകളില്ലാത്ത ബന്ധങ്ങളോ യാഥാർത്ഥ്യ ബോധമുള്ള പ്രതീക്ഷകളോ (realistic expectations) ഉള്ള ബന്ധങ്ങളാണ് കൂടുതൽ ശാശ്വതമായി നിലനില്ക്കുക.

മറ്റുള്ളവരെ മനസ്സിലാക്കുക (Be empathetic) - മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയണമെങ്കിൽ അവർ പറയുന്നത് എന്താണെന്നും അവരുടെ മനസ്സിലെ വികാരങ്ങൾ (emotions) എന്താണെന്നും മനസ്സിലാക്കാൻ കഴിയണം. ക്ഷമയോടെ കാര്യങ്ങളെ മനസ്സിലാക്കാൻ കഴിയുക എന്നത് നല്ല ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കും

ബന്ധങ്ങളിലെ അകലങ്ങൾ കാത്തു സൂക്ഷിക്കുക (giving space in relationship) - ബന്ധങ്ങളിലെ അകലങ്ങൾ കാത്തു സൂക്ഷിച്ചാൽ മാത്രമെ നല്ല ബന്ധങ്ങൾ ഉണ്ടാകൂ. ഏതു സമയവും ഭർത്താവിനു പിന്നാലെ നടന്നാലോ ഏതു സമയവും ഭാര്യയുടെ പിന്നാലെ നടന്നാലോ അവർക്ക് മടുപ്പുളവാകും. അതു സുഹൃത് ബന്ധം ആയാലും ശരി ഒരു പരിധി എല്ലാ ബന്ധങ്ങളിലും ആവശ്യമാണ്

ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ  (conflict in relationships) - ബന്ധങ്ങളിൽ പൊരുത്തക്കേടുകളും അഭിപ്രായ വ്യത്യാസങ്ങളും സർവ്വ സാധാരണമാണ്. എന്നാൽ ഈ പൊരുത്തക്കേടുകളെയും അഭിപ്രായ വ്യത്യാസങ്ങളെയും കുറിച്ച് ചിന്തിച്ചിരിക്കാതെ എങ്ങനെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്നതിലാണ് നല്ല ബന്ധങ്ങൾ ഉണ്ടാകുന്നത്. ജീവിതത്തിൽ ഓരൊ മുഹൂർത്തത്തിലും ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകും എന്നാൽ ഒരുമിച്ച് എങ്ങനെ അവയ്ക്ക് പരിഹാരം ഉണ്ടാക്കാം എന്നതാണ് ബന്ധങ്ങൾ നില നിർത്തുന്നതിലെ സവിശേഷത. People worry about the problems in life instead of looking for solutions.

Tuesday, 12 December 2017

അപകർഷതാ ബോധം (inferiority complex)

അപകർഷതാ ബോധം (inferiority complex) -

ജീവിതത്തിൽ എപ്പോഴെങ്കിലും അപകർഷത തോന്നാത്തവരായി ആരും കാണില്ല പക്ഷേ അത് തന്റെ ജീവിത നിലവാര തകർച്ചയ്ക്കും മാനസികമായുള്ള സന്തോഷത്തിനും ഹാനികരമായ രീതിയിൽ വളർന്നു കഴിയുമ്പോഴാണ് അതിനെ അപകർഷതാ ബോധം എന്ന് വിലയിരുത്തപ്പെടുന്നത് . ഇത്തരത്തിൽ അപകർഷത ഉണ്ടാകാനുള്ള കാരണങ്ങളും പ്രതിവിധികളും അറിഞ്ഞിരുന്നാൽ നമുക്ക് ഇത്തരം വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയും

അപകർഷതാ ബോധം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

1. നിങ്ങളിലുണ്ടാകുന്ന വികാരങ്ങൾ എന്താണെന്ന് മനസ്സിലാക്കുക-

a . ആപകർഷത ഉണ്ടാകാനുള്ള കാരണങ്ങളെ കണ്ടെത്തുക - ബാല്യത്തിൽ രക്ഷിതാക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന അവഗണന, ശകാരം, കളിയാക്കൽ, നമ്മുടെ മാദ്ധ്യമങ്ങൾ കുട്ടികളിൽ എത്തിക്കുന്ന തെറ്റായ സന്ദേശങ്ങൾ ഉദാഹരണത്തിന് നിറമുളളവരെ സൗന്ദര്യത്തിന്റെ ഉദാഹരണമായി എടുത്തു കാട്ടുക

b. മുതിർന്നവരിൽ തങ്ങളെ ഏൽപ്പിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വരിക, തന്റെ കുടുംബത്തിൽ നിന്നോ, ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ അതുമല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നോ ജോലി സ്ഥലത്ത് നിന്നോ ഏൽക്കേണ്ടി വരുന്ന പീഢനം ഇവയൊക്കെ ആത്മാഭിമാനത്തിന് ക്ഷതവും മറ്റുള്ളവരോട് സ്വയം താരതമ്യം ചെയ്യാനുള്ള അനാവശ്യ പ്രവണതയും ഉണ്ടാക്കി അപകർഷതയിലേക്ക് നയിക്കുന്നു

c. അപകർഷത ബോധം ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കുക -

1. തന്റെ ഉള്ളിലെ അപകർഷത  മാറ്റുന്നതിനു വേണ്ടി ചില അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്നു ചാടുക

2. തന്റെ ഉള്ളിൽ ഉണ്ടാകുന്ന വികാരങ്ങളെ ഒളിക്കുയും പുറമെ മറ്റൊരു മുഖം മൂടി അണിയാൻ ശ്രമിക്കുക

3. മറ്റുള്ളവരുമായി ഇടപെടാൻ മടിച്ച് മാറി നില്ക്കുക

4. ചില സ്വഭാവ വൈകല്യങ്ങൾ ഉണ്ടാവുക - കൂടുതൽ ഷോപ്പിംഗ് പോവുക, അമിതമായി ആഹാരം കഴിക്കുക, അമിതമായി മദ്യപിക്കുക, അമിതമായി സമ്പാദിക്കാൻ ശ്രമിക്കുക ഇവയൊക്കെ അപകർഷതാ ബോധത്തിന്റെ ലക്ഷണങ്ങളാണ്

5. മറ്റുള്ളവരിൽ നിന്ന് അഭിനന്ദനങ്ങളോ അനുമോദനങ്ങളോ ഏറ്റു വാങ്ങാൻ കഴിയാതെ വരിക

6. അമിതമായ ഉത്കണ്ഠ, മറ്റുള്ളവരിൽ വിശ്വാസം ഇല്ലാതിരിക്കുക, ആത്മാഭിമാനകുറവ് തോന്നുക, നിസ്സാര കാര്യത്തിന് രോഷാകുലനാകുക, മറ്റുള്ളവർ തന്നെ തിരസ്കരിക്കുമോ എന്ന ഭയം ഇവയൊക്കെ അപകർഷതയുടെ ലക്ഷണങ്ങളാണ്

d. ആരോടാണ് അപകർഷത തോന്നുന്നത് എന്ന് കണ്ടു പിടക്കുക - ചിലർക്ക് തന്നേക്കാൾ സൗന്ദര്യമൊ ആകർഷണമോ ഉളവരോട്, ചിലർക്ക് തന്നേക്കാൾ സാമ്പത്തിക ശേഷി ഉള്ളവരോട്, തന്നെക്കാൾ ബുദ്ധിയുള്ളവരോട്, തന്നെക്കാൾ ജീവിത വിജയം നേടിയവരോട് എന്നിങ്ങനെയാണ് അപകർഷത തോന്നുക. അത് കണ്ട് പിടിച്ച ശേഷം അവരിലില്ലാത്ത തന്റെ ഗുണ ഗണങ്ങൾ കണ്ടെത്തുക. നിങ്ങളെ പോലെ ജോലിയിൽ ആത്മാർത്ഥത, നിങ്ങളെ പോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്, നിങ്ങളെ പോലെ സന്തോഷകരമായ കുടുംബാന്തരീക്ഷം ഇവയൊക്കെ നിങ്ങളുടെ മാത്രം പ്രത്യേക തകളാണ് അവ കണ്ടു പിടിച്ച് അതിൽ ആത്മ സംതൃപ്തി കണ്ടെത്തുക

e . നിങ്ങളിലുള്ള അപകർഷതയെ തച്ചുടയ്ക്കുക- വൈകാരികമായി കാര്യങ്ങളെ നോക്കി കാണാതെ സസൂക്ഷ്മം ചിന്തിച്ച് കാര്യങ്ങൾ ഗ്രഹിക്കുക. നിങ്ങൾ കണ്ടെത്തിയ നിങ്ങളിൽ അപകർഷത ഉണ്ടാക്കുന്ന കാര്യങ്ങൾ അത്ര മോശമാണോ എന്ന് ചിന്തിക്കുക. കഷണ്ടി, മറുക്‌, അമിത വണ്ണം, തീരെ മെലിഞ്ഞത് എന്നതൊക്കെ നിങ്ങൾ എന്ന വ്യക്തിയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് അതിലും വളരെ വലുതാണ് നിങ്ങളെ നിങ്ങളാക്കി മാറ്റുന്ന വ്യക്തിത്വം

f . എല്ലാവരിലും അപകർഷത ഈ ലോകത്തുണ്ട് - ഓരൊരുത്തരും വ്യത്യസ്തരാണ് അവരുടെ കഴിവുകളും. അതു കൊണ്ടു തന്നെ ഒരിക്കലും താൻ മറ്റുള്ളവരിൽ നിന്ന് മോശക്കാരാണെന്ന് ചിന്തിച്ച് അപകർഷത തോന്നേണ്ട കാര്യമില്ല...




Monday, 11 December 2017

അഹങ്കാരത്തിന്റെ മനഃശാസ്ത്രം (psychology of narcissists)

അഹങ്കാരത്തിന്റെ മനഃശാസ്ത്രം (psychology of narcissists) -

അഹങ്കാരം - അഹം എന്നാൽ ഞാൻ, കാരം എന്നാൽ ഭാവം. അഹങ്കാരം എന്നാൽ ഞാൻ എന്ന ഭാവം. ആത്മവിശ്വാസം, ആത്മാഭിമാനം ഇതൊക്കെ വളരെ പോസിറ്റീവ് ആയ സ്വഭാവ സവിശേഷതകളാണ്. എന്നാൽ അഹങ്കാരം (Narcissism) ഒരു നെഗറ്റീവ് സ്വഭാവമായാണ് കാണപ്പെടുന്നത്. ഈ സ്വഭാവ സവിശേഷത ഉണ്ടാകുന്നവർ ഒരിക്കലും ഇത് അറിയുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ ഈ സ്വഭാവം മൂലം ഇവർക്ക് മറ്റുള്ളവരുമായി ഒരു ആരോഗ്യകരമായ മാനസിക ബന്ധം സ്ഥാപിക്കാൻ പറ്റാതെ വരികയും മറ്റുള്ളവർ ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യും.

എങ്ങനെയാണ് ഒരാൾ അഹങ്കാരിയായി മാറുന്നത് എന്നത് മന:ശാസ്ത്രപരമായി നമുക്ക് ഒന്ന് പരിശോധിക്കാം.

 1.പലപ്പോഴും ഇങ്ങനെയുള്ളവരുടെ ഭൂതകാലം ശ്രദ്ധിച്ചാൽ ഇവരുടെ രക്ഷിതാക്കൾ ഇവർക്ക് ശൈശവകാലത്ത് വേണ്ട പരിഗണന നല്കിയിട്ടുണ്ടാവില്ല.

2. അമിതമായ അഭിനന്ദനം സ്വീകരിച്ചിട്ടുള്ളവർ. ഒരാളെ അളവറ്റ് അഭിനന്ദിക്കുമ്പൊൾ അയാൾ യാഥാർത്ഥ്യത്തിൽ നിന്ന് ( Reality) നിന്ന് അകലുന്നു

3. അളവറ്റ (excessive) പ്രശംസ മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുന്നവർ

4. അളവറ്റ വിമർശനം ചെറുപ്പകാലം തൊട്ട് കേൾക്കേണ്ടി വരുന്നവർ

5.രക്ഷാകർത്താക്കളിൽ  നിന്നോ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ അതിരു കടന്ന സ്നേഹം നേടുന്നവർ

6. കുട്ടിക്കാലത്ത് വൈകാരികമായി ദുരുപയോഗപെട്ടവർ അല്ലെങ്കിൽ മറ്റുള്ളവർ സ്നേഹം നടിച്ച് വഞ്ചിക്കപ്പെട്ടവർ

7. തന്റെ രക്ഷിതാക്കളിൽ നിന്നോ തനിക്ക് അടുപ്പമുള്ളവരിൽ നിന്നോ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതും കൃതൃമ സ്വഭാവം അവരിൽ നിന്നോ കണ്ടു പഠിക്കുന്ന കുട്ടികൾ

8. രക്ഷിതാക്കൾ അമൂല്യമായി അതിരു കടന്നു സ്നേഹിക്കുന്ന കുട്ടികൾ

ഇവയൊക്കെയാണ് മനശ്ശാസ്ത്രപരമായി ഒരാളെ അഹങ്കാരിയാക്കി മാറ്റുന്നത്.

സ്വഭാവ സവിശേഷതകൾ -

1. മറ്റുള്ളവരെ അമിതമായി നിയന്ത്രിക്കുക, കുറ്റപ്പെടുത്തുക, സ്വന്തം കാര്യം മാത്രം ചിന്തിക്കുക, മറ്റുള്ളവരോട് അസഹിഷ്ണുത പ്രകടിപ്പിക്കുക, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കുക

2. സ്വയം ഒരു സ്വപ്ന ലോകത്തിൽ എന്ന പോലെ തന്റെ രൂപത്തിലും സ്വഭാവത്തിലും ജീവിത രീതിയിലും താൻ മറ്റുള്ളവരേക്കാൾ മുകളിലാണ് എന്ന് ചിന്തിക്കുക

3. ഇത്തരക്കാർ എപ്പോഴും തന്നേക്കാൾ ശക്തിയുള്ളവരേയും (power), ജീവിത വിജയം നേടിയവരെയും (Succesful), തന്നേക്കാൾ ബുദ്ധിശക്തി (Intelligence) ഉള്ളവരെയും തന്നെക്കാൾ ആകർഷണമുള്ള (Attractive) ആയിട്ടുള്ളവരെ മാത്രമെ അംഗീകരിക്കുകയുള്ളൂ

4. മറ്റുള്ളവരിൽ നിന്ന് എപ്പോഴും അഭിനന്ദനവും പ്രശംസയും ആഗ്രഹിക്കുന്നവർ

5. തന്റെ ആവശ്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യുക

6. മറ്റുള്ളവരെ അസൂയയോട് നോക്കുകയൊ മറ്റുള്ളവർക്ക് തന്നോട് അസൂയ ആണെന്ന് കരുതുന്നവർ

7. ആഢംബര ജീവിതം നയിക്കുകയും അതിൽ അഹങ്കരിക്കുകയും ചെയ്യുക

8. മറ്റുള്ളവർ തന്നെ അപമാനിക്കുന്നു എന്ന തോന്നൽ വന്നാൽ രോഷാകുലരാകുക, എതിർക്കുക, അപമാനിക്കുന്നവരൊട് പ്രതികാരം ചെയ്യാൻ ശ്രമിക്കുക

ഇതൊക്കെയാണ് ഇവരിലെ സ്വഭാവ സവിശേഷതകൾ

ഇവർ പോലും അറിയാതെയാണ് ഇവരിൽ ഈ സ്വഭാവ വൈകൃതം ഉണ്ടാകുന്നത്. സൈക്കോ തെറാപ്പി പോലുള്ള ചില ചികിത്സാ പദ്ധതി കൊണ്ട് ചികിത്സിച്ച് മാറ്റാവുന്നതാണെങ്കിലും ഇത്തരക്കാർ തങ്ങളുടെ സ്വഭാവ വൈകൃതം മനസ്സിലാക്കാതെ സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയിൽ എത്തി ചേരുന്നു

എങ്ങനെ നേരിടാം -
ഇത്തരത്തിലുള്ളവരെ മാറ്റിയെടുക്കാൻ പാടാണ് വേണ്ട ചികിത്സ നടത്തിയില്ലെങ്കിൽ. അവരെ എതിർക്കാൻ ശ്രമിക്കരുത് അത് അവർ  സഹിക്കില്ല. ഇത്തരത്തിലുള്ളവർ ആദ്യം നമ്മളോട് വന്ന് വളരെ ആകർഷകമായി പെരുമാറി നമ്മുടെ സ്നേഹം പിടിച്ചു പറ്റും പിന്നീട് അവർ അവരുടെ തനിനിറം കാണിക്കും - അവർക്ക് കീഴ്പ്പെട്ടു എന്ന് തോന്നുന്നവരെ നിയന്ത്രിക്കുക, കുറ്റപ്പെടുത്തുക ഇതൊക്കെ അവരുടെ സ്വഭാവ സവിശേഷതകളാണ്. ഇവരെ എതിർക്കുന്നതിനു പകരം ഇത്തരക്കാരെ അവഗണിക്കുകയൊ വേണ്ട ചികിത്സ കൃത്യമായി ചെയ്യുകയോ ആണ് ചെയ്യേണ്ടത്.

വികാരങ്ങളുടെ രസതന്ത്രം

വികാരങ്ങളുടെ രസതന്ത്രം -

പലപ്പോഴും നമ്മുടെ മനസ്സ് പല തരം വികാരങ്ങൾക്ക് അടിമപ്പെടാറുണ്ട്. ഭയം, ദേഷ്യം, ഉത്കണ്ഠ, വിഷമം അങ്ങനെ പല തരം വികാരങ്ങൾ മനസ്സിനെ അലട്ടാറുണ്ട്. ഇത്തരം മനസ്സിലുണ്ടാകുന്ന വികാര വിക്ഷോഭങ്ങൾ നമ്മുടെ ശരീരത്തെ ബാധിക്കാറുമുണ്ട്. പേടി അല്ലെങ്കിൽ ഉത്കണ്ഠ ഉണ്ടാകുന്നത് പലപ്പോഴും നമുക്ക് ചില വസ്തുക്കളോടൊ ചില സാഹചര്യങ്ങളോടൊ ആയിരിക്കാം. നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഇത്തത്തിലുള്ള വികാരങ്ങൾ നമ്മുടെ മസ്തിഷ്കത്തിൽ നടക്കുന്ന ചില രാസപ്രവർത്തനങ്ങളുടെ പരിണിത ഫലം മാത്രമാണ് . നാം ഇത്തരം വസ്തുക്കൾ അല്ലെങ്കിൽ സാഹചര്യങ്ങളിൽ പെടുമ്പൊൾ നമ്മുടെ ശരീരം രണ്ടു രീതിയിൽ പ്രതികരിക്കും. ഒന്ന് - പെട്ടെന്നുള്ള പ്രതികരണം
രണ്ട് - വൈകിയുള്ള പ്രതികരണം.
പലപ്പോഴും നമ്മൾ പല കാര്യങ്ങളോടും പെട്ടെന്നാണ് വികാരപരമായി പ്രതികരിക്കുന്നത് . ഭയം, ഉത്കണ്ഠ, വിഷമം, സന്തോഷം, സ്നേഹം ഇവയേടൊക്കെ വികാരപരമായി പെരുമാറുന്ന പലരെയും നമുക്ക് കാണാൻ സാധിക്കും. ഇത്തരം പെരുമാറ്റം പിന്നീട് ഒരു സ്വഭാവമായി തീരുകയാണ് ചെയ്യുന്നത്.
എന്നാൽ നമ്മുടെ തലച്ചോറിൽ നിന്നും രണ്ടാമതൊരു പ്രതികരണം വസ്തു നിഷ്ഠകൾ പരിശോധിച്ച ശേഷം ഉണ്ടാകുന്നു. ഇത്തരം പ്രതികരണങ്ങൾ പലപ്പോഴും കൂടുതൽ പക്വതയുള്ളവയായി തീരുന്നു. പലപ്പോഴും കുട്ടികളെ നാം ഇത്തരം കാര്യങ്ങൾ ചെറുതിലേ ശീലിപ്പിച്ചാൽ പല സമൂഹ വിപത്തുകളും നമുക്ക് ഒഴിവാക്കാൻ കഴിയും. ഇന്ന് വൈദ്യശാസ്ത്ര രംഗം പല രോഗങ്ങളുടെയും കാരണം മനുഷ്യ മനസ്സിന്റെ വികാര വിക്ഷോഭങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്ന് കണ്ടു പിടിച്ചിട്ടുണ്ട്  (psycho somatic diseases).  അമിതമായ വികാര വിക്ഷോഭങ്ങൾ Blood Sugar വർദ്ധിപ്പിക്കുന്നതായി കണ്ടു പിടിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങൾ മുതൽ കാൻസർ വരെയുള്ള അസുഖങ്ങളുടെ പിന്നാമ്പുറങ്ങളിൽ ഇത്തരം വൈകാരിക പ്രശ്നങ്ങൾ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എങ്ങനെ ഇത്തരം പ്രശ്നങ്ങളെ അഴിമുഖീകരിക്കണം (coping with stress), എങ്ങിനെ ഉചിതമായി തീരുമാനങ്ങൾ എടുക്കണം (Decision making) , എങ്ങിനെ സ്വയം മുന്നേറണം (self motivation ) എന്നിവയാണ് ഇന്നത്തെ കുടുംബങ്ങളിലെ പ്രധാന പ്രശ്നങ്ങൾ. കൂട്ടു കുടുംബങ്ങളിൽ നിന്നും അണു കുടുംബങ്ങളിലേക്ക് വഴി മാറിയപ്പോൾ നമുക്ക് നഷ്ടപ്പെടുന്നത്‌ വൈകാരിക പ്രശ്‌നങ്ങളെ നേരിടാനുള്ള വാതിലുകളാണ്. അടഞ്ഞ വാതിലിനുള്ളിലെ മാനസിക സംഘർഷങ്ങൾ പലപ്പോഴും രോഗാതുരമായ അവസ്ഥയിലാണ് ഡോക്ടർമാരുടെ മുമ്പിലേക്ക് എത്തുന്നത്. ഇത്തരം പ്രശ്‌നങ്ങൾ ഡോക്ടറുമായി തുറന്നു ചർച്ച ചെയ്താൽ കൗൺസലിംഗിലൂടെയും വിദഗ്ദ്ധ ചികിത്സയിലൂടെയും നമുക്ക് മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം.

പ്രശ്ന പരിഹാരം (problem solving )

പ്രശ്ന പരിഹാരം (problem solving ) -

പലപ്പോഴും ജീവിതത്തിൽ പല പ്രശ്‌നങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകുമ്പൊൾ ഇവയെ എങ്ങനെ നേരിടാം എന്നോർത്ത് നാം പകച്ചു നില്ക്കാറുണ്ട്. പരിഹാരമില്ലാത്ത പലതരം പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ടെങ്കിലും അവയെ നേരിടുന്ന രീതി നാം പലപ്പോഴും മറന്നു പോകാറുണ്ട്. ഇന്ന് നമ്മുടെ മുന്നിൽ തന്നെ ബുദ്ധിമാന്ത്യം, അംഗവൈകല്യം സംഭവിച്ചവർ തൊട്ട് ഏറ്റവും ഉറ്റവരുടെ അകാല വിയോഗം വരെയുള്ള ജീവിതത്തിൽ പല പ്രതിസന്ധികൾ നേരിടുന്നവർ നമുക്കിടയിലുണ്ട്. വൈകല്യം (Disabled) എന്നതിനു പകരം മറ്റു രീതിയിൽ കഴിവുള്ളവർ ( differently abled) എന്ന പദമാണ് ഇപ്പോൾ ഉപയോഗിക്കേണ്ടത് .

ഇന്ന് എന്റെ മകൻ ഒരു ഗെയിം കളിക്കുന്നത് കാണുവാൻ ഇടയായി. പല രീതിയിൽ കട്ടകൾ മാറ്റി വച്ച് ഒരു പന്ത് മറ്റൊരു സ്ഥലത്ത് എത്തിക്കുക എന്നതാണ് ആ ഗെയിം. ഇപ്പോൾ കുട്ടികൾ എല്ലാം മൊബൈലിൽ കളി ആണല്ലോ പതിവ്. വെറുതെ ഞാനും കൂടെ ഇരുന്നു. ഒരു ലെവൽ എത്തിയപ്പോൾ അതു വരെ അനായാസേന ചെയ്തു കൊണ്ടിരുന്ന അവൻ ബുദ്ധി മുട്ടുന്നത് കണ്ടു. പക്ഷെ എനിക്ക് അവന് അതിനുള്ള വഴി പറഞ്ഞു കൊടുക്കാൻ സാധിച്ചു. ഒരു പക്ഷേ ഞാൻ കളിച്ചു കൊണ്ടിരുന്നെങ്കിൽ ഞാനും അവിടെ തോറ്റേനെ. പലപ്പോഴും ജീവിതത്തിലെ പല പ്രശ്‌നങ്ങളും ഈ കളി പോലെയാണ്. നമ്മൾ ഇറങ്ങി കളിക്കുമ്പൊൾ നമുക്ക് പ്രശ്നങ്ങൾക്ക് പരിഹാരമില്ല എന്ന് തോന്നും. എന്നാൽ നമ്മുടെ ഒരു സുഹൃത്തിന് ഒരു പ്രശ്നം വന്നാൽ പറഞ്ഞു കൊടുക്കാൻ നമുക്കു സാധിക്കും. നമ്മൾ കളിക്കുമ്പൊൾ അല്ലെങ്കിൽ ജീവിത പ്രശ്നങ്ങളെ നേരിടുമ്പൊൾ നാം അറിയാതെ വൈകാരികമായി അതിൽ പെട്ടു പോകുന്നു. ഒരല്പം മാറി നിന്ന് ചിന്തിച്ചാൽ അല്ലെങ്കിൽ ഇതേ പ്രശ്നം നേരിടുന്ന മറ്റൊരു സുഹൃത്തിനെ നാം എന്ത് പറഞ്ഞ് കൊടുക്കും എന്ന് ചിന്തിച്ചാൽ ജീവിതത്തിലെ പല പ്രശ്നങ്ങളിലും മുൻപോട്ടു പോകാൻ നമുക്ക് സാധിച്ചേക്കാം.

കുട്ടികളിലെ അഭിരുചി

കുട്ടികളിലെ അഭിരുചി -

പലപ്പോഴും നമ്മളിൽ പലരും നമ്മുടെ കഴിവും പ്രാഗത്ഭ്യവും തെളിയിക്കാൻ കഴിവുള്ള ജോലിയിൽ ആയിരിക്കില്ല നമ്മൾ എത്തി പെടുന്നത്. അങ്ങനെ നമ്മുടെ അഭിരുചി മനസ്സിലാക്കാതെ തൊഴിൽ രംഗങ്ങളിൽ ചെന്നു പെട്ടാൽ പെട്ടെന്ന് തന്നെ ചെയ്യുന്ന തൊഴിലിനോട് മടുപ്പ് ഉണ്ടാകുകയും ചെയ്യുന്നു.

മാതാപിതാക്കൾക്ക് ഒന്നുകിൽ തങ്ങളുടെ കുട്ടികൾ നല്ല ശമ്പളം കൊയ്യുന്ന ജോലി അല്ലെങ്കിൽ സമൂഹത്തിൽ മറ്റുള്ളവരുടെ മുമ്പിൽ അന്തസ്സ് കാണിക്കാൻ വേണ്ടി തങ്ങളുടെ കുട്ടികളെ അവർക്ക് പോലും ഇഷ്ടമല്ലാത്ത കോഴ്‌സുകളിൽ കൊണ്ടു ചേർത്ത് അവരുടെ ഭാവി തളർത്തുന്ന കാഴ്ച ഇന്ന് പല മേഖലയിലും നാം കാണുന്നുണ്ട് . ഒരാൾക്ക് തന്റെ അഭിരുചിയും വൈദഗ്ദ്ധ്യവും കണ്ടെത്തി അതിനെ വളർത്തി എടുത്തെങ്കിൽ മാത്രമെ അയാൾക്ക് ആ ജോലിയിൽ നല്ല രീതിയിൽ ശോഭിക്കാൻ കഴിയൂ. അത് കണ്ടെത്താൻ കുട്ടികളെ സഹായിച്ചു കൊടുക്കുകയും അവർക്ക് വേണ്ട രീതിയിൽ പരിശീലനം നല്കാനുമായാൽ ഇത്തരം പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാൻ കഴിയും. കാലാകാലമായി വൈദ്യ ശാസ്ത്ര രംഗവും വളരെയധികം നൈപുണ്യം വേണ്ട എഞ്ചിനിയറിംഗ് മേഖലയിലും വിദ്യാഭ്യാസ കച്ചവടം നടക്കുകയാണ്.

ഇന്ന് ഏതൊരു തൊഴിൽ രംഗത്തു പ്രവേശിക്കാനുള്ള അനന്ത സാധ്യത നമ്മുടെ മുന്നിൽ തുറന്നു കിടക്കുകയാണ്. നമ്മുടെ തലച്ചോർ (Brain ) ഓരൊ വിദ്യാർത്ഥികളിലും ഓരൊ രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. ചില കുട്ടികൾക്ക് അവരുടെ ഉള്ളിലുള്ള energy level കൂടുതലായിരിക്കും (Hyperactive) അങ്ങനെയുള്ള കുട്ടികൾക്ക് ഒരിടത്തു അടങ്ങിയിരുന്ന് ചെയ്യേണ്ട വളരെ സൂക്ഷ്മമായി ചെയ്യേണ്ട തൊഴിലുകൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. Energy level കുറവുള്ള കുട്ടിക്ക് (Hypoactive) കൂടുതൽ ശ്രമകരമായ ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടും. ചില കുട്ടികൾക്ക് ഭാഷ, കല, സാഹിത്യം എന്നീ മേഖലകളിൽ ആയിരിക്കും കൂടുതൽ പ്രാവീണ്യം. ചില കുട്ടികളിൽ ശാസ്ത്രം, കണക്ക് എന്നീ മേഖലകളിൽ ആയിരിക്കും കൂടുതൽ പ്രാവീണ്യം. അതിൽ തന്നെ ഏതു മേഖലയാണ് കുട്ടിക്ക് കൂടുതൽ പ്രാവീണ്യം ഉദാഹരണത്തിന് എഞ്ചിനീയറിംഗ് - സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ, എലക്ട്രോണിക്സ്, കെമിക്കൽ, ഫുഡ് ടെക്നോളജി അങ്ങനെ പലതരം ഓപ്ഷൻ ഉണ്ട്. പക്ഷെ ആ കുട്ടിയുടെ വൈദഗ്ദ്ധ്യം ഏതു മേഖലയാണ് എന്ന് കണ്ടെത്തി കൊടുത്തു കഴിഞ്ഞാൽ അവർ ആ മേഖലയിൽ ശോഭിക്കും. അധ്യാപനം, ഡിസൈനിംഗ്, ജേണലിസം , ഹോട്ടൽ മാനേജ്മെന്റ്, ബിസിനസ് മാനേജ്മെന്റ്, ബാങ്കിങ്ങ് , ചാർട്ടേഡ് അക്കൗണ്ടൻസി എന്നീ മേഖലകളിലെല്ലാം പ്രത്യേക കഴിവും പ്രാവീണ്യവും ആവശ്യമാണ്.  ഇങ്ങനെ ശാസ്ത്രീയമായി കുട്ടികളിലെ കഴിവ് കണ്ടെത്തി പരിപോഷിപ്പിച്ചാൽ കൂടുതൽ കഴിവ് തെളിയിക്കുന്ന ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം -

ഇന്ന് ജോലി സ്ഥലത്തായാലും വീട്ടിലായാലും മാനസിക സമ്മർദ്ദം അല്ലെങ്കിൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ് ഭൂരി ഭാഗം മനുഷ്യരും. വ്യക്തി ബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കാൻ മാനസിക സമ്മർദ്ദം ഒരു പ്രധാന കാരണമാകുന്നു. വിദ്യാർത്ഥികൾ മുതൽ പ്രായം ചെന്നവർ വരെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. പഠനത്തിന്റെ സമ്മർദ്ദം, വൈകാരിക സമ്മർദ്ദങ്ങൾ, ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ, സാമ്പത്തികം അങ്ങനെ പല പല കാരണങ്ങൾ മാനസിക സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു. തലച്ചോറിലുള്ള ഹൈപ്പോതലാമസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പിറ്റ്യൂട്ടറി ഗ്രന്ധികളിൽ നിന്നും ഉണ്ടാകുന്ന ചില ഹോർമോണുകൾ അഡ്രിനൽ ഗ്രന്ധികളിൽ നിന്ന് ഉണ്ടാകുന്ന കോർട്ടിസോൾ (cortisol) ഹോർമോണിന്റെ അളവ് മാനസിക സമ്മർദമുള്ളപ്പോൾ ക്രമാതീതമായി കൂടുന്നു. ഈ ഉയർന്ന കോർട്ടിസോളിന്റെ അളവ് നമ്മെ കൊണ്ട് വൈകാരികമായി പെരുമാറാൻ കാരണമാകുന്നു. കടുത്ത മാനസിക സമ്മർദ്ദം മൂലം ദേഷ്യം, ഡിപ്രഷൻ, ക്ഷീണം, ഉത്കണ്ഠ, ബ്ലഡ് പ്രഷർ കൂടുക, ബ്ലഡ് ഷുഗർ കുടുക, വിവേകത്തോടെ ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുക , വണ്ണം വയ്ക്കുക ആദിയായ  പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നു.

കോർട്ടിസോൾ മാനസിക സമ്മർദ്ദമുള്ളവരിൽ കൂടുന്നു എന്നു നാം മനസ്സിലാക്കി. എന്നാൽ ഈ കോർട്ടി സോൾ അളവ് നമുക്ക് തിരിച്ച് കൊണ്ടു വരാൻ സാധ്യമാണ്. ധാരാളം ഫ്രൂട്ട്സും പച്ചക്കറികളും കഴിക്കുക. നാരിന്റെ അംശമുള്ള ആഹാര പദാർത്ഥങ്ങൾ കൂട്ടുക, മധുരം നന്നേ കുറയ്ക്കുക, ബേക്കറി സാധനങ്ങൾ, ഹോട്ടൽ ആഹാരം എന്നിവ , മദ്യം, കോഫി എന്നിവ ഒഴിവാക്കുക. ദിവസവും അര- മുക്കാൽ മണിക്കൂർ എങ്കിലും ശരീരം നന്നായി വിയർക്കുന്ന രീതിയിൽ എക്സർസൈസ് ചെയ്യുക (exercise), യോഗ, ധ്യാനം (meditation) എന്നിവ കോർട്ടി സോളിന്റെ അളവ് കുറയ്ക്കും.

പെട്ടെന്ന്  മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഒരു പൊടിക്കൈ പറഞ്ഞു തരാം. ച്ചുവിംഗ് ഗം ( chewing gum) ഉപയോഗിച്ചാൽ പെട്ടെന്ന് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടു വരുന്നു. വളരെയധികം ദേഷ്യം, വിഷമം എന്നീ സാഹചര്യങ്ങൾ ഉണ്ടാകുമ്പൊൾ വൈകാരികമായി പെട്ടെന്ന് പ്രതികരിക്കുന്നതിന് മുമ്പ് ഒരു Chewing gum 15 മിനിട്ട് ഉപയോഗിച്ച് നോക്കുക. ഇത് വായിലേക്കും തലച്ചോറിലേക്കും ഉള്ള രക്ത സംക്രമണം കൂട്ടുകയും അതു വഴി മാനസിക സമ്മർദ്ദം തല്ക്കാലത്തേക്ക് കുറയ്ക്കുന്നു.

മനോഭാവം (Attitude)

മനോഭാവം (Attitude) -

ചില സാഹചര്യങ്ങളിലൊ ചില വ്യക്തികളോടൊ, ചില ലക്ഷ്യങ്ങളോടൊ ഒരാളുടെ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നത് അനുസരിച്ചാണ് അയാളുടെ മനോഭാവം നാം നിർണ്ണയിക്കുന്നത്. ഇന്റർവ്യു നടത്തുന്ന വേളയിൽ ആണ് പലപ്പോഴും നമ്മുടെ മനോഭാവം ഇന്റർവ്യൂ ചെയ്യുന്ന ആൾ അളക്കുന്നത് . മനോഭാവം പോസിറ്റീവായും നെഗറ്റീവായും ആണ് കണക്കാക്കപ്പെടുന്നത് . ഒരു നിർദ്ദിഷ്ട സന്ദർഭത്തിൽ അല്ലെങ്കിൽ തന്റെ ജീവിത ലക്ഷ്യങ്ങളിൽ അല്ലെങ്കിൽ തന്റെ സുഹൃത്തുക്കളോടൊ കൂടെ പ്രവർത്തിക്കുന്നവരൊടൊ അയാളുടെ മനോഭാവം എന്താണ് എന്നതാണ് മിക്കവാറും അളക്കപ്പെടുന്നത്. വൈകാരികമായി ആണൊ അതൊ ചിന്തിച്ച് ആലോചിച്ച ശേഷം യുക്തമായ തീരുമാനം ആണോ ഒരാൾ കൈക്കൊള്ളുന്നത് എന്നത് ഇവിടെ തീരുമാനിക്കപ്പെടുന്നത് . വൈകാരികമായി തീരുമാനം എടുക്കുന്നവരെ ചഞ്ചലരായി കാണാം. എന്നാൽ തന്നോട് ചോദിച്ച ചോദ്യത്തോട് സമചിത്തതയോടെയും ദൃഢതയോടെയും പ്രതികരിക്കുന്നവരെയാണ് പോസിറ്റീവ് മനോഭാവം ഉളളവരായി കാണുന്നത് . ക്ഷമയോടെ ചോദിക്കുന്ന ചോദ്യങ്ങൾ വ്യക്തമായി ശ്രദ്ധിച്ച് അല്ലെങ്കിൽ താൻ നേരിടുന്ന സാഹചര്യത്തിൽ (presence of mind ) എത്രത്തോളം ആ വ്യക്തിക്ക് ഉണ്ടെന്നും തന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാൻ ഉള്ള കഴിവ് (Responsibility) എന്നിവയാണ് നിർണ്ണയിക്കുന്നത്. ഇന്നത്തെ ലോകത്ത് ഇന്റലിജലൻസ് (IQ) ഉള്ള വ്യക്തികളെക്കാൾ (EQ) അഥവാ ഇമോഷണൽ കോഷ്യന്റ് ആണ് പലപ്പോഴും പല ഇന്റർവ്യൂകളിലും നിർണ്ണയിക്കപ്പെടുന്നത്. തന്റെ വികാരങ്ങളെ ശരിയായ ദിശയിൽ ഉപയോഗപ്പെടുത്താനും നിർണ്ണായക ഘട്ടങ്ങളിൽ ശരിയായ തീരുമാനം എടുക്കാൻ കഴിവുള്ളവരും തന്റെ വിജയ പരാജയങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുവാൻ പ്രാപ്തിയുണ്ടാകുക എന്നിവയാണ് ഒരാളുടെ മനോഭാവത്തെ നിർണ്ണയിക്കുന്നത്.

ആത്മീയതയും ഭൗതികവാദവും (Spirituality & Materialism )

ആത്മീയതയും ഭൗതികവാദവും (Spirituality  & Materialism ) -

ഒരല്പം ബോറടിപ്പിക്കുന്ന കാര്യം (topic) ആണെങ്കിലും മനുഷ്യ മനസ്സിന്റെ ചിന്താ സരണികൾ മനസ്സിലാക്കാനും മനസ്സിന് സന്തോഷം ലഭിക്കുവാനും അകാരണമായ ടെൻഷൻ, ഭയം ഇത്തരം നെഗറ്റീവ് ചിന്തകളെ മാറ്റി നിർത്താനും ഇത് ഉപകരിച്ചേക്കാം.

മനുഷ്യന്റെ ഉത്പത്തിയും ജീവിത ഉദ്ദേശ്യവും കണ്ടു പിടിക്കാനുള്ള ത്വര രണ്ട് ചിന്താ ധാരകളെ ഉണ്ടാക്കിയിട്ടുണ്ട്. അവയാണ് ആത്മീയതയും ഭൗതിക വാദവും. ആത്മീയത മനുഷ്യൻ മനനം ചെയ്ത് കണ്ടെത്തുകയും ഭൗതിക വാദികൾ ശാസ്ത്രീയ പരീക്ഷണങ്ങൾ കൊണ്ടുമാണ് നേരിട്ടത്.

മനുഷ്യ മനസ്സിൽ നടക്കുന്ന എല്ലാതരം ചിന്തകളും കാര്യകാരണം കണ്ടു പിടിച്ച് ഭൗതിക വാദം തെളിയിക്കാൻ ശ്രമിക്കുന്നു. പ്ലാറ്റോ ആശയ സംഘട്ടനത്തിലൂടെ (ideology) പ്രപഞ്ച സൃഷ്ടിയെ അനാവരണം ചെയ്യാൻ ശ്രമിച്ചപ്പൊൾ ഭാരതീയ ഋഷി വര്യന്മാർ മനനം ചെയ്ത് (introspection) ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.

ശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലഘട്ടത്തിൽ ഇലക്ട്രോൺ മൈക്രോ സ്കോപ്പിന്റെ സഹായത്തോടെ പ്രപഞ്ച രഹസ്യം കണ്ടു പിടിക്കാനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. ദൈവ കണം അഥവാ (Higgs Boson particle)  വരെയുള്ള കണ്ടെത്തലുകൾ ഇതിന് ഉദാഹരണമാണ് .

വൈരുദ്ധ്യാത്മക ഭ3തികവാദം (Dialectical Materialism)എന്ന ആശയം റഷ്യൻ ചിന്തകന്മാരായ മാർക്സും ഏംഗൽസും പങ്കു വയ്ക്കുന്നു. വൈരുദ്ധ്യമുള്ളതെന്തും തമ്മിൽ ബന്ധം ഉണ്ട് എന്ന ആശയമാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്.

ഇതിനു പുറമേയാണ് യുക്തി വാദം,  ഫ്രീ തിങ്കേഴ്സ്, ഡിങ്കോയിസ്റ്റുകൾ എന്നിവർ. പല തരം ആശയങ്ങൾ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്നും മനുഷ്യ ജീവിതം എന്തിനു വേണ്ടി എന്നും അതിന്റെ പരമമായ ലക്ഷ്യം എന്താണെന്നും ഉള്ള കാര്യത്തിൽ മാത്രമാണ് ആശയ സംഘട്ടനം.

കർമ്മയോഗത്തിൽ പറയുന്നതു പോലെ മനുഷ്യൻ അവന്റെ കർമ്മത്തിൽ ആണ് ശ്രദ്ധിക്കേണ്ടത്. ഫലേച്ഛ കൂടാതെ ബന്ധനങ്ങളില്ലാതെയുള്ള കർമ്മം മാത്രമാണ് മനുഷ്യ ജീവിതത്തിന്റെ പരമ ലക്ഷ്യം. ഫലം ഇച്ഛിക്കുകയൊ താൻ സമ്പാദിച്ചു കൂട്ടിയതിനോടൊ ബന്ധനം മനുഷ്യന് പാടില്ല. നിരാശയാകും ഫലം. തന്റെ ഉള്ളിലുള്ള പരമമായ ആനന്ദത്തെ തൊട്ടറിഞ്ഞിട്ടുള്ള ഭാരതീയ ഋഷി വര്യന്മാർ നമുക്ക് പകർന്നു തന്ന അറിവുകളാണിവ.

അച്ഛനും അമ്മയും മക്കളെ വളർത്തുന്നത് അവരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല. മറിച്ച് അവർ അവരുടെ സന്തോഷം കണ്ടെത്തുകയാണ്. നമ്മുടെ മുന്നിലുള്ള ഈ നിമിഷം മാത്രമാണ് യാഥാർത്ഥ്യം . പരമമായ സത്യം മരണവുമാണ്.

ജീവിക്കാൻ ആവശ്യമായതെല്ലാം നമുക്ക് ചുറ്റുമുണ്ട്. എന്നിട്ടും മനസ്സിന് സന്തോഷമില്ല. നാളെയെ കുറിച്ചുള്ള ഉത്കണ്ഠ ഇന്നത്തെ ജീവിതത്തെ ബാധിക്കുന്നു. സന്തോഷം നിറഞ്ഞ ജീവിതത്തിന് മൂന്ന് മാർഗ്ഗമേയുള്ളൂ

1. ഈ നിമിഷത്തിൽ ജീവിക്കുക (Live in the present )

2. തന്റെ കർമ്മത്തിൽ ശ്രദ്ധിക്കുക ( Be Duty Bound )

3. സ്നേഹിക്കുക ഒന്നും പ്രതീക്ഷിക്കാതെ (Love others without expectation )

ആശയ വിനിമയം non verbal communication 2

ആശയ വിനിമയം (non verbal communication) -

ഒരാളോട് നമുക്ക് ആശയ സംവേദനം നടത്തുന്നത് രണ്ട് രീതിയിലാകാം
1. ആംഗ്യം
2. സംസാരിച്ചു കൊണ്ട്

ആംഗ്യ ഭാഷ തന്നെ നമുക്ക് മൂന്നായി തരം തിരിക്കാം

1. മുഖഭാവം (Facial Expression) -

മലയാളികൾ എന്നും ഓർക്കുന്ന ഒരു കഥാപാത്രമാണ് ശ്രീ. ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസി എന്ന കഥാപാത്രമായി അഭിനയിച്ച ഉദയനാണ് താരം എന്ന സിനിമ . മുഖഭാവത്തിൽ മാറ്റം വരുത്തി നവ രസങ്ങൾ പഠിപ്പിക്കുന്ന ക്യാരക്ടർ. ഒരാളുടെ മുഖം കണ്ടാൽ അറിയാം അയാൾ ഏതു മൂഡിലാണെന്ന്. മുഖം മനസ്സിന്റെ കണ്ണാടി എന്നല്ലെ പറയുന്നത്. സാധാരണ മനുഷ്യരുടെ വികാരങ്ങൾ നമുക്ക് മുഖം നോക്കി മനസ്സിലാകും. പുഞ്ചിരി വിടരുന്ന മുഖം ആരെയും ആകർഷിക്കും. എന്നാൽ കപട മുഖഭാവം നടിക്കുന്ന ചിലർ ഉണ്ട്. മുഖ ഭാവം ഉപയോഗിച്ച് കുറ്റാന്വേഷണം നടത്തുക പതിവാണ്. ഒരാൾ കള്ളം പറയുക ആണെങ്കിൽ കൂടി  നമുക്ക് മുഖഭാവത്തിൽ കൂടി മനസ്സിലാക്കാം. മൈക്രോ എക്സ്പ്രഷൻ (micro expression ) എന്നൊരു ശാസ്ത്ര ശാഖ തന്നെ ഉണ്ട്. മെന്റലിസ്റ്റുകൾ ഇത്തരം മൈക്രോ എക്സ്പ്രഷൻ വായിച്ചെടുക്കാൻ കഴിവുള്ളവരാണ്. പുഞ്ചിരിക്കുന്ന മുഖം എപ്പോഴും ആകർഷണമുള്ള വ്യക്തിത്വത്തിന് ഉടമയായിരിക്കും -

2. കണ്ണുകൾ - ( eye contact) -

കണ്ണുകൾ കൊണ്ട് ആയിരം കഥകൾ പങ്കു വെക്കുന്ന കമിതാക്കളെ നമുക്കറിയാം. ഒരു നോട്ടം കൊണ്ട് വിദ്യാർത്ഥികളെ വിറപ്പിക്കുന്ന അധ്യാപകർ നമുക്ക് ഉണ്ടായിരുന്നു. മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ മടിക്കുന്ന ചിലരെ നമുക്കറിയാം. മറ്റുള്ളവരുടെ മുഖത്ത് പ്രത്യേകിച്ച് കണ്ണുകളിൽ നോക്കി സംസാരിക്കുന്നവരാണ് ആകർഷക വ്യക്തിത്വം. 3 സെക്കന്റ് ദൈർഘ്യമുള്ള നോട്ടങ്ങളാണ് ഏറ്റവും അഭികാമ്യം. കൂടുതൽ നേരം നോക്കിയാൽ അതിനെ Staring അഥവാ തുറിച്ചു നോട്ടം എന്നാണ് പറയുന്നത്.

ബോഡി ലാംഗ്വേജ് (Body Language) -

ഒരാൾ നില്ക്കുന്ന അല്ലെങ്കിൽ ഇരിക്കുന്ന രീതി കണ്ടാൽ അറിയാം അയാളിൽ എത്രത്തോളം ആത്മവിശ്വാസം ഉണ്ടെന്ന്. തല ഉയർത്തി നിവർന്നു നില്ക്കുക എന്നത് ആത്മ വിശ്വാസത്തിന്റെ തെളിവാണ് . തല, കഴുത്ത്, നട്ടെല്ല് എന്നിവ ഒരു ലൈനിൽ വരുന്ന രീതിയിൽ നിവർന്നിരിക്കുക. ഒരാളോടു സംസാരിക്കുമ്പൊൾ അല്പം മുന്നോട്ട് ആഞ്ഞ് നിന്ന് സംസാരിക്കുക.
ഇവയൊക്കെയാണ് ആകർഷക വ്യക്തിത്വമുളവാക്കുന്ന ആശയ വിനിമയ ശൈലി.

ആശയ വിനിമയം verbal communication

ആശയ വിനിമയം (verbal communication )

എന്റെ ഒരു സുഹൃത്തിന്റെ കഥ പറയാം: സ്കൂളിൽ പഠിക്കുമ്പോഴേ എല്ലാ ക്ലാസിലും റാങ്ക് വാങ്ങിക്കുന്ന എന്റെ കൂട്ടുകാരൻ. ചെറിയ ക്ലാസിലേ തന്നെ റാങ്ക് വാങ്ങിക്കുന്നതിന്റെ ജാഡയും അവന് ഉണ്ടായിരുന്നു.  +2 കഴിഞ്ഞ് അവൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടി അവിടെ തന്നെ ഉപരിപഠനവും പൂർത്തിയാക്കി റാങ്കോടു കൂടി . അവന്റെ ഒരു സ്വപ്നമായിരുന്നു യൂറോപ്പിൽ പോയി സെറ്റിൽ ചെയ്യാൻ. അങ്ങനെ വിദേശത്ത് ജോലി കിട്ടി. അവന് ആദ്യമായി ഡ്യൂട്ടി ചെയ്യേണ്ടി വന്നത് കാഷ്വാലിറ്റിയിൽ ആയിരുന്നു. കാഷ്വാലിറ്റിയിൽ ഡോക്ടറും സഹായത്തിനായി നഴ്സും ഉണ്ടായിരുന്നു. ഒരു രോഗി പനിയുമായി വന്നു. രോഗിയെ നോക്കിയ ശേഷം നഴ്സിനോടു  ഇൻജക്ഷൻ ആവശ്യപ്പെട്ടു. അവർ പറഞ്ഞു ഇവിടെ എന്തും ആരോടും ആവശ്യപ്പെടുമ്പോൾ PLEASE എന്ന് പറയണമെന്ന് . എന്നിട്ട് ആ ഇൻജക്ഷൻ അവന് നേരേ നീട്ടി. അവൻ  അങ്ങനെ അതു വാങ്ങി രോഗിക്ക് ഇൻജക്ഷൻ കൊടുത്തു തിരിച്ചു വന്നപ്പോൾ ആ നഴ്സ് അവനെ വീണ്ടും രൂക്ഷമായി നോക്കി . എന്താ കാര്യം എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു ആരെങ്കിലും നിങ്ങളെ സഹായിച്ചാൽ THANK YOU എന്ന് പറയണം എന്ന്. അങ്ങനെ അവൻ THANKS എന്ന് പറഞ്ഞു. വീണ്ടും അവർ ദേഷ്യത്തോടെ നോക്കി അവനോടു പറഞ്ഞു SAY IT WITH A SMILE എന്ന് അതായത് വെറുതെ താങ്ക്സ് പറഞ്ഞാൽ പോരാ അത് പുഞ്ചിരിച്ചോണ്ടു പറയണം. അതാണ് അവിടുത്തെ സംസ്കാരം . വർഷങ്ങളായി എല്ലാ ക്ലാസിലും റാങ്ക് മേടിച്ച് മെഡിസിന് അഡ്മിഷൻ വാങ്ങി റാങ്കോടു കൂടി പാസ്സായതിന്റെ ഗർവ്വ് മനസ്സിൽ കൊണ്ടു നടന്ന അവന് ഒരു നഴ്സിന്റെ മുന്നിൽ താഴ്ന്നു വരാൻ സാധിക്കാതെ കടുത്ത മാനസിക സംഘർഷത്തിലായി ഉറക്കം നഷ്ടപ്പെട്ടു തിരികെ നാട്ടിലേക്ക് വരേണ്ടി വന്നു.

ഈ ഒരു സംഭവത്തിൽ നിന്ന് ഒരു കാര്യം നമുക്ക് മനസ്സിലാക്കാം. വളരെ ഏറെ ബുദ്ധി വൈഭവം (intelligence ) ഉണ്ടായിട്ടും സന്ദർഭങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ കഴിയുക (emotional intelligence) എന്നതാണ് ഏറ്റവും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടത്.

ഇന്ന് നാം പലപ്പോഴും ആശയ വിനിമയം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് . ഒരാൾ നമ്മളോടു എന്തെങ്കിലും പറയുമ്പോൾ നാം ആദ്യം അത് കേൾക്കണം. കേട്ട ഉടനെ അതിന് മറുപടി പറയുന്നതിനു മുൻപ് ആശയ വിനിമയത്തിലെ ഒരു പ്രധാന സംഗതി ചെയ്യേണ്ടതായി ഉണ്ട്. പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കുക (understanding). ഒരാൾ ഒരു കാര്യം പറഞ്ഞു അതു മനസ്സിലാക്കുന്നതിനു മുമ്പ് (React) മറുപടി കൊടുക്കരുത് .

രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം ഒരാൾ എന്തെങ്കിലും നമ്മളോടു പറയുമ്പൊൾ അത് അവൻ അല്ലെങ്കിൽ അവൾ മറ്റെന്തെങ്കിലും മനസ്സിൽ വച്ചാണ് പറയുന്നത് എന്ന് ചിന്തിക്കാതിരിക്കുക (unprejudiced) . നാം പലപ്പോഴും ഓരൊ വ്യക്തിയേ കുറിച്ചും ചില കാര്യങ്ങൾ നേരത്തെ മനസ്സിലാക്കിയിട്ടുണ്ടാകും അല്ലെങ്കിൽ നമുക്ക് ആ വ്യക്തിയെ ഇഷ്ടമായിരിക്കില്ല. ഇത് നമ്മുടെ മനസ്സിൽ നമ്മൾ Tune ചെയ്ത് വച്ചിരിക്കയാണ്. പറയുന്ന വ്യക്തി ആര് എന്നതിനേക്കാൾ ശ്രദ്ധിക്കേണ്ടത് അയാൾ എന്തു പറഞ്ഞു എന്നതാണ്.

മൂന്നാമതായി ശ്രദ്ധിക്കേണ്ടത് നമ്മുടെ മറുപടി എന്തു തന്നെ ആയാലും അത് ബഹുമാനപൂർവ്വം ആയിരക്കണം (with respect). പലയിടത്തും പലരും പലരോടും തർക്കിക്കുന്നത് നാം കണ്ടിട്ടുണ്ടാകാം. തർക്കിക്കുമ്പോൾ നാം വൈകാരികമായി ഇടപഴകുകയാണ്. ഒരാളോട് ബഹുമാനപൂർവ്വം സംസാരിക്കുക ആണെങ്കിൽ നമുക്ക് നല്ല രീതിയിൽ ആശയ വിനിമയം നടത്താം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. എന്താണ് പറയുന്നത് എന്ന് ആദ്യം കേൾക്കുക (Hear what others Say)

2. പറയുന്നത് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക (understand what others say )

3. പറയുന്നത് ആര് എന്നതിലുപരി എന്താണ് പറയുന്നത് എന്ന് മുൻ കൂർ ധാരണ ഇല്ലാതെ മനസ്സിലാക്കുക ( be unprejudiced about who, what and how others say)

4. ബഹുമാന പൂർവ്വം തിരിച്ച് സംസാരിക്കുക (Don't react, But respond Respectfully)

നിങ്ങൾ ലജ്ജാശീലരാണോ ? Do u feel embarassed ?

നിങ്ങൾ ലജ്ജാശീലരാണോ ?
(Do u feel embarassed ? )

ജീവിതത്തിൽ എപ്പോഴെങ്കിലും ലജ്ജ തോന്നാത്ത ആരും കാണില്ല. ചില സാഹചര്യങ്ങളിൽ, ചില ചുറ്റുപാടുകളിൽ ചില ആളുകളോട് ഒക്കെ നമുക്കൊക്കെ ലജ്ജ തോന്നാം. നമ്മുടെ ഉള്ളിൽ ഉളള നമ്മുടെ വിഷമം, നാണം, ആത്മനിന്ദ ഇവയൊക്കെ ആകാം അതിന് കാരണം. നമ്മൾ ആ സാഹചര്യത്തിൽ അനുഭവിക്കുന്ന നാണക്കേട് എന്ന വികാരം ചില ഹോർമോണുകളാൽ നിയന്ത്രിതമാണ് . നമ്മുടെ ശരീരത്തിൽ ഉള്ള അഡ്രിനൽ എന്ന ഗ്രന്ഥിയിൽ നിന്ന് ഉത്പാദിക്കപ്പെടുന്ന അഡ്രിനലിൻ (Adrenaline) എന്ന ഹോർമോൺ ആണ് ഇതിനു കാരണക്കാരൻ.  ഇതു നമ്മുടെ രക്തചംക്രമണം കൂട്ടുകയും നമ്മുടെ മുഖമൊക്കെ ചുവന്ന് തുടുത്ത് നമ്മുടെ ശരീരമാസകലം ഒരു വിറയൽ പോലെ നമുക്ക് അനുഭവപ്പെടുന്നു. ഇങ്ങനെ പലപ്പോഴും നമുക്ക് നമ്മോടു തന്നെ തോന്നാം. പക്ഷെ തുടരെ തുടരെയുള്ള നാണക്കേട് നമ്മളെ ഉൾവലിഞ്ഞ പ്രകൃതക്കാർ ആക്കി ലജ്ജാശീലരാക്കി മാറ്റുന്നു. ഇത് പിന്നീട് ഒരു അപകർഷതാ ബോധമായി നമ്മുടെ ഉപബോധ മനസ്സിൽ പതിയുന്നു. അങ്ങനെയാണ് ഇത് ഒരു സ്വഭാവമായി മാറുന്നത്. ഇത് മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നാണോ ?
തീർച്ചയായും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ലജ്ജാശീലം. പക്ഷെ ഒരു കുഞ്ഞ് നടക്കാൻ ശ്രമിക്കുന്ന പോലെ ശ്രമകരമാണ് അത്. ആദ്യമൊക്കെ കുഞ്ഞ് ഇഴയും, പിന്നീട് പിടിച്ചു നില്ക്കും, ഒന്ന് രണ്ട് തവണ വീഴും അതു പോലെ വളരെ സാവധാനം മാറ്റിയെടുക്കാവുന്ന ഒരു സ്വഭാവമാണ് ഇത്.

എങ്ങനെ ലജ്ജാ ശീലം മാറ്റിയെടുക്കാം

1. നിങ്ങൾ ആരാണെന്ന് സ്വയം മനസ്സിലാക്കുക
(Accept yourself - Who you are) -
നമ്മളൊക്കെ നമ്മുടെ മനസ്സിൽ നമ്മളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വച്ചിട്ടുണ്ട്. ലജ്ജാശീലരായവർ എപ്പോഴും തങ്ങളെ കുറിച്ച് നെഗറ്റീവ് ആയി ചിന്തിക്കുന്നവരാണ്. ഞാൻ വിരൂപനാണ്, എന്നെ എല്ലാവരും കളിയാക്കും എന്നെ ഒന്നിനും കൊള്ളില്ല എന്നൊക്കെയുള്ള ഓരൊ ധാരണകൾ. ഈ ലോകത്ത് എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. നിങ്ങൾ യഥാർത്ഥത്തിൽ എന്താണോ അതിനെ സ്വീകരിക്കുക

2. നിങ്ങളെ നിങ്ങളായി മനസ്സിലാക്കുന്നവരുടെ സാമീപ്യം ഉറപ്പാക്കുക (Find your loved ones)
നിങ്ങൾ എങ്ങനെയാണൊ ആ യാഥാർത്ഥ്യം അംഗീകരിച്ച് നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല ബന്ധം സ്ഥാപിക്കുക

3. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക (Don't compare yourself to others) - നിങ്ങൾ നിങ്ങളെ സ്വയം ബഹുമാനിക്കുക. മറ്റുള്ളവർ എന്തു ചെയ്യുന്നു അവർ എങ്ങനെ ഉള്ളവരാണ് എന്ന് ശ്രദ്ധിക്കുന്നതിനു പകരം സ്വന്തം കഴിവുകളിൽ അഭിമാനിക്കുക

4. നിങ്ങൾ സൃഷ്ടിച്ച പുറം തോടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുക ( Get out of your shell) - നിങ്ങളുടെ ലജ്ജാ ശീലം നിങ്ങളെ ചില സ്ഥലങ്ങളിൽ പോകുന്നിടത്തും ചില ആളുകളെ സമീപിക്കുന്നതും നിങ്ങൾ വേണ്ട എന്ന് വച്ചിട്ടുണ്ടാകാം. ചില പാർട്ടികളിൽ പോകുന്നതും മറ്റുള്ളവരുമായി ഇടപഴകാനും ശ്രമിക്കുക. പരിചയമില്ലാത്തവരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നത് ശീലമാക്കുക

5. എവിടെയും ആത്മവിശ്വാസത്തോടെ നില്ക്കുക ( make your body language perfect) -  വെപ്രാളപ്പെടാതെ, ഒതുങ്ങി നില്ക്കാതെ എവിടെയും തല ഉയർത്തി നടു നിവർന്ന് നില്ക്കുന്നത് ശീലമാക്കുക

6. ഒരിക്കലും പിന്മാറരുത് (Don't give up ) -  നിങ്ങളിൽ ആത്മവിശ്വാസം കുറവ് ആണെന്ന് മനസ്സിലാക്കി നിങ്ങളെ മുതലെടുക്കുന്നവർ ഉണ്ടാകും. അവർ നിങ്ങളുമായി ചങ്ങാത്തം കൂടി നിങ്ങളെ ഉപയോഗിക്കാൻ ശ്രമിക്കും. എല്ലാവരും അങ്ങനെയല്ല. നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾക്ക് ധൈര്യം പകർന്നു തരികയും ചെയ്യുന്നവരെ കണ്ടെത്തി അവരുടെ സഹായത്തോടെ മുന്നോട്ടു വരിക

8. ഒരു ലിസ്റ്റ് തയ്യാറാക്കുക (Make a list) - നിങ്ങളുടെ കഴിവുകളും കുറവുകളും കണ്ടെത്തുന്ന ഒരു ലിസ്റ്റ് തയ്യാറാക്കുക. നിങ്ങളിൽ തോന്നുന്ന കുറവുകൾ വളരെ പതുക്കെ മാറ്റിയെടുക്കുക

നിങ്ങളിൽ വ്യത്യാസം പതിയെ ഉണ്ടാകും. ക്ഷമാപൂർവ്വം പതിയെ ശ്രമിച്ചാൽ മാത്രം മതി. നിങ്ങൾ ഒരു ലജ്ജാശീലനായിരിക്കാം, അതിൽ തെറ്റില്ല, പക്ഷെ ഓർക്കേണ്ടത് നിങ്ങൾ അതിലേറേ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്. നിങ്ങളുടെ ആ വ്യക്തിത്വത്തെ മനസ്സിലാക്കി ഒരാൾ നിങ്ങളെ അഭിനന്ദിക്കുമ്പൊൾ അവിടെ നിങ്ങൾക്ക് ലജ്ജിക്കേണ്ട കാര്യമില്ല മറിച്ച് ഒരു ചെറു പുഞ്ചിരിയോടെ നന്ദി പറയുക

കളിയാക്കൽ എങ്ങനെ നേരിടാം ? How to face bullying ?

കളിയാക്കൽ എങ്ങനെ നേരിടാം ?
(How to face bullying ? )

സ്കൂൾ തലത്തിൽ തുടങ്ങി പിന്നീട് ജീവിതത്തിൽ തന്നെ മറ്റുള്ളവരെ കളിയാക്കുക എന്നത് ഒരു സ്വഭാവമായി കൊണ്ടു നടക്കുന്ന ചിലരുണ്ട്. എന്നാൽ കളിയാക്കപ്പെടുന്ന വ്യക്തി പലപ്പോഴും മാനസിക സംഘർഷത്തിലേക്ക് എത്തി പെടുകയും ആത്മ വിശ്വാസം കുറഞ്ഞവരായി മാറി പോകുന്ന അവസ്ഥ ഉണ്ട് . സ്കൂളുകളിൽ ചില കുട്ടികൾ ഇത്തരം പ്രശ്നങ്ങളിൽ പെടാറുണ്ട്. സ്കൂളിൽ പോകാൻ മടി, സ്വയം ഒതുങ്ങുക, പ0നത്തിൽ പിറകോട്ടു പോവുക എന്നിങ്ങനെ പല പ്രശ്നങ്ങൾ നേരിടും. എങ്ങനെ ഇതിനെ നേരിടണം എന്നറിയാതെ മാതാ പിതാക്കളോടു പോലും തുറന്നു പറയാൻ പറ്റാതെ വിഷമിക്കുന്ന കുട്ടി പിന്നീട് ജീവിതത്തിൽ ആത്മ വിശ്വാസം ലഭിക്കാതെ മയക്കു മരുന്നിനും മദ്യത്തിനും അടിമയായി തീരുന്നു. മാതാ പിതാക്കൾ വളരെയേറെ വിദ്യാർത്ഥികളായ കുട്ടികൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതിയാണ് ഇത്. നിങ്ങളുടെ കുട്ടികൾ ആത്മവിശ്വാസമുള്ളവരായി വളരാൻ നിങ്ങൾ വേണം ആ ചുമതല ഏറ്റെടുക്കാൻ. തന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒപ്പം മാതാ പിതാക്കൾ ഉണ്ട് എന്ന തോന്നലും കളിയാക്കൽ എന്താണ് എങ്ങിനെയാണ് നേരിടേണ്ടതെന്നും അവരെ പഠിപ്പിച്ചു കൊടുക്കേണ്ട ചുമതല ഒരു രക്ഷിതാവിന് ഉണ്ട്. നിങ്ങളുടെ കുട്ടികൾ അങ്ങനെ എന്തെങ്കിലും പരാതികൾ പറയുന്നുണ്ടെങ്കിൽ എത്ര ചെറിയ ക്ലാസിൽ ആയാലും നിങ്ങൾ ആ കുട്ടിയെ ശ്രദ്ധിക്കുകയും പരിഹാരം കണ്ടെത്താൻ സഹായിക്കുകയും വേണം.

എന്തിനാണ് പലരും നമ്മെ കളിയാക്കുന്നത് എന്ന് ആദ്യം അറിയുക. എന്താണ് കളിയാക്കുന്നവരുടെ ചേതോവികാരം ? ശരിക്കും കളിയാക്കുന്നവരുടെ പിന്നിലെ ചേതോവികാരം അരക്ഷിതാവസ്ഥയാണ് (a deep feeling of insecurity) . സ്വന്തം അരക്ഷിതാവസ്ഥ മറച്ചു പിടിക്കാൻ വേണ്ടി മാത്രമാണ് ഇത്തരക്കാർ മറ്റുള്ളവരെ കളിയാക്കുന്നത്. ആത്മ വിശ്വാസമുള്ളവർ മറ്റുള്ളവരോട് ബഹുമാന പൂർവ്വം മാത്രമെ ഇടപെടുകയുള്ളൂ . സ്വന്തം വീട്ടിലെ അരക്ഷിതാവസ്ഥ സ്വന്തം കഴിവുകളിലെ വിശ്വാസ കുറവ് ഇത് മാറ്റിയെടുക്കാൻ മറ്റുള്ളവരെ കളിയാക്കുന്നവരാണ് ബഹു ഭൂരിപക്ഷവും. 

രണ്ടാമത്തെ കാരണം കുശുമ്പ് അഥവാ Jealou sy ആണ് . കളിയാക്കപ്പെടുന്നവരോടുള്ള അടങ്ങാത്ത കുശുമ്പ് ആണ് അവരെ കളിയാക്കി അവരെ വൃണപ്പെടുത്തി അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുക എന്നത്. പാവം എന്ന് തോന്നിക്കുന്നവരെയാണ് ഇത്തരത്തിലുള്ള കളിയാക്കലുകളിൽ ഇരയാകേണ്ടി വരുന്നത്.
ചിലർ സ്നേഹത്തോടെ കളിയാക്കുന്നവരുമാകാം. അറിവില്ലായ്മ കൊണ്ടും കളിയാക്കുന്നവർ ഉണ്ട്. ഒരു വിക്കുള്ള കുട്ടിയെ മറ്റുള്ളവർ കളിയാക്കുമ്പോൾ അവർ അറിയുന്നില്ല ആ കുട്ടിയുടെ മനസ്സ് എന്തു മാത്രം വേദനിക്കുന്നുണ്ടെന്ന്

എങ്ങനെ കളിയാക്കലിനെ നേരിടാം - ഒരാൾ നിങ്ങളെ കളിയാക്കുമ്പൊൾ ആദ്യം ചെയ്യേണ്ടത് കണ്ടില്ലെന്ന് നടിക്കുക എന്നതാണ്. IGNORE BULLYING. നമ്മളെ ഒരാൾ കളിയാക്കിയാൽ നമ്മൾ അത് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ കളിയാക്കുന്നവർ മടുക്കും. നിങ്ങളുടെ വികാരങ്ങളെ മുറിപെടുത്തുക എന്നതാണ് കളിയാക്കുന്നവരുടെ ഉദ്ദേശം. അത് ശ്രദ്ധിക്കുന്നില്ല എന്ന് കാണുകയാണെങ്കിൽ കളിയാക്കൽ താനെ അടങ്ങും.

കളിയാക്കാൻ ഒരാൾ ശ്രമിക്കുമ്പൊൾ അയാൾ പറയുന്നത് ശ്രദ്ധിക്കാതെ അവർ പറയുന്ന കാര്യവുമായി ബന്ധമില്ലാത്ത മറ്റേതെങ്കിലും കാര്യം സംസാരിച്ചു തുടങ്ങുക. നിങ്ങളുടെ ശ്രദ്ധ കിട്ടുന്നില്ല നിങ്ങൾ വൃണപ്പെടുന്നില്ല നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ കൺട്രോളിലാണ് എന്ന് കണ്ട് കഴിഞ്ഞാൽ അതോടു കൂടി കളിയാക്കുന്നവർ മതിയാക്കും. നിങ്ങൾ ദേഷ്യപ്പെടുക ആണെങ്കിൽ കളിയാക്കുന്നവർ ആണ് ജയിക്കുക. അതു കൊണ്ട് കഴിയുന്നതും റിയാക്ട് ചെയ്യാതിരിക്കുക.

തീരെ നിവൃത്തി ഇല്ലെങ്കിൽ മാത്രം കളിയാക്കുന്ന ആളോടു തുറന്നു പറയുക നിങ്ങൾക്ക് എത്ര മാത്രം ഫീൽ ചെയ്തു എന്ന്. എന്നിട്ടും തുടരുകയാണെങ്കിൽ നിങ്ങൾ അവിടെ നിന്ന് മാറി പോവുകയും സ്കൂളിൽ ആണെങ്കിൽ ടീച്ചറിന്റെയോ പ്രിൻസിപ്പലിന്റെയൊ  ശ്രദ്ധയിൽ കൊണ്ടു വരിക. സെക്സ്, മതം, ജാതി എന്നീ പേരുകളിൽ കളിയാക്കിയാൽ നിയമ സഹായം തേടാനും കഴിയും.

ചില ചെറിയ കളിയാക്കലുകൾ ഒക്കെ തമാശയായി കണ്ട്  ആസ്വദിക്കാൻ നമുക്കും കഴിയണം. ഏതെങ്കിലും തരത്തിൽ വേദന സഹിക്കേണ്ട കാര്യം നിങ്ങൾക്കില്ല. ബഹുമാനപൂർവ്വം അങ്ങോട്ടും ഇങ്ങോട്ടും പെരുമാറുക എന്നതാണ് ഏറ്റവും ഉചിതം