Thursday, 28 December 2017

വേദനിപ്പിക്കുന്നവരൊട് ക്ഷമിക്കുക (Forgive those who hurt you) (Part - 2)

വേദനിപ്പിക്കുന്നവരൊട് ക്ഷമിക്കുക (Forgive those who hurt you) (Part - 2)

ബന്ധങ്ങളിലെ പൊരുത്തക്കേടുകളും പ്രശ്നങ്ങളുമാണ് വേദനകൾക്ക് കാരണമാകുന്നത്. ഒരാൾക്ക് നമ്മെ വേദനിപ്പിക്കാൻ കഴിയണമെങ്കിൽ അത് നമ്മുടെ മനസ്സിന്റെ അനുമതിയോടെ കഴിയൂ. പ്രശ്നം മറ്റൊരാളുടെതല്ല, പ്രശ്നം നമ്മുടെ മനസ്സിനാണ്. മറ്റൊരാൾ നമ്മെ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് നാം മനസ്സിൽ കരുതിയത് കൊണ്ടാണ് നമുക്ക് വേദനിക്കേണ്ടി വരുന്നത്. അതിന് മറ്റുള്ളവരെ പഴി ചാരുകയൊ കുറ്റപ്പെടുത്തിയിട്ടൊ കാര്യമില്ല.

മനുഷ്യ മനസ്സിന്റെ ഒരു പ്രശ്നം എപ്പോഴും തന്റെ പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തം മറ്റുള്ളവരുടെ ചുമലിലേക്ക് മാറ്റുക എന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ സത്യസന്ധമായി ഉത്തരവാദിത്തം തന്റെതാണെന്നും മറ്റുള്ളവരുടെ സ്വഭാവ സവിശേഷത തന്നെ മുറിപ്പെടുത്തുന്നുവെങ്കിൽ അതിന് കാരണം തന്റെ മനസ്സാണെന്നും മനസ്സിലാക്കുവാൻ കഴിയുക എന്നതാണ്.

ഇതു മനസ്സിലാക്കാൻ കഴിഞ്ഞാൽ നമുക്ക് നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയും. ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി സ്വയം ഏറ്റെടുത്ത് യാഥാർത്ഥ്യ ബോധത്തൊടു കൂടി പെരുമാറിയാൽ അത് ബന്ധങ്ങൾ വൈര്യത്തിലേക്ക് നീങ്ങുന്നത്‌ തടയാനാകും.

നമ്മുടെ പ്രവർത്തിയുടെ ഫലമാണ് നാം അനുഭവിക്കുന്നത്. മറ്റൊരാളിൽ നിന്ന് വിശ്വാസം, സ്നേഹം, നമ്മെ മുറിപ്പെടുത്താത്ത രീതിയിൽ നമ്മൊടു പെരുമാറണം എന്നൊക്കെ നാം പ്രതീക്ഷിക്കുന്നത് മനസ്സിന്റെ മിഥ്യാ ധാരണ ( illusion) ആണ്. നമ്മുടെ പ്രതീക്ഷകൾ യാഥാർത്ഥ്യമായാൽ (realistic expectations) നമുക്ക് ഈ പ്രശ്നങ്ങളെ സങ്കീർണ്ണമാക്കാതെ നേരിടാൻ കഴിയും .

ജീവിതത്തിൽ പലരുമായും ബന്ധങ്ങൾ നാം സ്ഥാപിക്കാറുണ്ട്. ചിലർ നമ്മുടെ ജീവിതത്തിൽ കടന്നു വരികയും അപ്രത്യക്ഷമാകുകയും ചെയ്യും. മറ്റുള്ളവരുടെ ജീവിതത്തിൽ ചിലപ്പോൾ നമ്മുടെ വേഷം ചെറുതായിരിക്കും പക്ഷേ അതിനെ ഭംഗിയുള്ളതാക്കാം. അത് തീരുമാനിക്കാനുള്ള കഴിവ് നമുക്കുണ്ട്. ഒരിക്കൽ സ്നേഹം കൊണ്ട് നമ്മെ കീഴടക്കിയവരിൽ നിന്ന് ബഹുമാനപൂർവ്വം പടിയിറങ്ങാം അവർ നമുക്ക് നല്കിയ ജീവിത അനുഭവങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട്.

No comments:

Post a Comment