Monday, 18 December 2017

നിങ്ങൾ ചൂഷണത്തിന് അടിമയാണോ ?

നിങ്ങൾ ചൂഷണത്തിന് അടിമയാണോ ?
(Are you being manipulated ?)

ഇന്നത്തെ ലോകത്ത് ഒരു പാട് പേർ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ദീനാനുകമ്പരായ (empathetic)  പാവങ്ങളാണ് കൂടുതലും ചൂഷണത്തിന് വിധേയരാകുന്നത്. അഹങ്കാരികളായവരാണ് (Narcisstic) ഇങ്ങനെയുള്ളവരെ ചൂഷണം ചെയ്യുന്നതായി കാണപ്പെടുന്നത്. മറ്റുള്ളവരുടെ സ്നേഹത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്യുന്നതിൽ ഇത്തരക്കാർ മിടുക്കരാണ്. മറ്റുള്ളവരെ സഹായിക്കുന്ന മനസ്സുള്ളവരെ തങ്ങളുടെ വരുതിയിൽ വരുത്തി അവരുടെ സഹതാപം പിടിച്ചു പറ്റുകയും വിശ്വാസം നേടിയും ഇത്തരക്കാർ അവരുടെ ആദ്യ ചുവട് വയ്ക്കുന്നു.

 മോഹന വാഗ്ദാനങ്ങൾ നല്കിയൊ തന്റെ ക്ഷിപ്ര കോപം കൊണ്ട് മറ്റുള്ളവരെ വരുതിയിലാക്കുക എന്നതാണ് ഇവരുടെ രണ്ടാമത്തെ ലക്ഷ്യം. തന്റെ ഇല്ലായ്മകൾ തുറന്നു കാട്ടി അവർ പെട്ടെന്ന് മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റുന്നു. പാവങ്ങളും അനുകമ്പ തോന്നുന്നവരും ഇവരുടെ വലയിൽ വീഴുന്നു. ചില രാഷ്ട്രീയ നേതാക്കൾ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്വന്തം ചവിട്ടു പടികൾ ഉണ്ടാക്കുന്നു. തന്റെ ആകർഷണ വലയത്തിൽ പെട്ടവരെ ചൂഷണം ചെയ്യുക എന്നതാണ് മൂന്നാമത്തെ പ്രക്രിയ.

 സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി മറ്റുള്ളവരെ മാനസികമായും  വൈകാരികമായും തളർത്തി അവരെ കീഴ്പ്പെടുത്തുക എന്ന ഗൂഢ തന്ത്രമാണ് ഇവരുടെ ഉള്ളിൽ. ചതിക്കുഴികൾ മനസ്സിലാകാതെ ഇവരെ സഹായിക്കുവാനായി എത്തുന്നവർ ഇവരുടെ വലയത്തിൽ പെടും. ഒരിക്കൽ ഇവരുടെ വലയത്തിൽ പെട്ടു കഴിഞ്ഞാൽ പിന്നെ ഇവർ അവരെ ചൂഷണം ചെയ്തു തുടങ്ങും. സാമ്പത്തികമായും മാനസികമായും വൈകാരികമായും തളർത്തി അവരെ ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്നതാണ് ഇവരുടെ സവിശേഷത. സ്വയം വിശേഷാൽ കഴിവുള്ളവർ എന്നു മറ്റുള്ളവരെ ധരിപ്പിച്ച് താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന് തോന്നിപ്പിക്കുന്ന ഈ കൂട്ടരൊട് ഒരു വിധ വാഗ്വാദവും നടക്കില്ല. പൊതുവേ സംസാര പ്രിയരും മറ്റുള്ളവരുടെ ഭാഗം കേൾക്കാൻ തയ്യാറുള്ളവരുമായിക്കില്ല ഇത്തരക്കാർ. ഒരിക്കൽ ഇവരുടെ ചതിക്കുഴിയിൽ പെട്ടു കഴിഞ്ഞാൽ അതിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. താൻ മാത്രമാണ് ശരിയെന്നും തനിക്ക് അസാധ്യ കഴിവുകൾ ഉണ്ടെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും കഴിവുള്ളവരാണ് ഈ കൂട്ടർ.

പലപ്പോഴും ഇത്തരക്കാരുടെ ചതിക്കുഴിയിൽ വീഴുന്ന പാവങ്ങൾ ഇവർക്ക് എതിരെ സംസാരിക്കാൻ ഭയപ്പെടും. തന്റെ തെറ്റുകൾ പോലും അന്യന്റെ തെറ്റായി കണ്ട് അവരുടെ ചുമലിലേക്ക് പഴി ചാരുക ഇവരുടെ പതിവാണ്. ഇത്തരക്കാരെ മുൻ കൂട്ടി അറിയുകയും അവരുടെ ലക്ഷ്യങ്ങൾ മുൻ കൂട്ടി അറിഞ്ഞ് ഇവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയൊ അവഗണിക്കുകയൊ അവരുടെ നീക്കങ്ങൾ മനസ്സിലാക്കി പ്രതിരോധിക്കുകയുമാണ് ചെയ്യേണ്ടത്. പിഞ്ചു കുട്ടികളെയും സ്ത്രീകളെയും അബലർ എന്ന് തോന്നിക്കുന്നവരെയും തന്റെ ഇംഗിതത്തിന് അനുസരിച്ച് ഉപയോഗിച്ച ശേഷം കടന്നു കളയുക ഇവരുടെ പതിവാണ്.ഇവരുടെ മായാ പ്രപഞ്ചത്തിൽ അവർ പോലും അറിയാതെ അകപ്പെടുന്നത് സഹതാപ തരംഗം സൃഷ്ടിച്ചായിരിക്കും. ഇവരെ സഹായിക്കാനായി എത്തുന്നവരാണ് ഇവരുടെ ഇരയായി മാറുന്നത്.  മാനസികമായും വൈകാരികമായും ഇവരുടെ മുമ്പിൽ പെട്ടു പോകുന്നവർ തങ്ങൾ ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുമെന്ന ഭയം കൊണ്ടും  കുണ്ഠിതപ്പെട്ട് കഴിയേണ്ടി വരുന്നു. മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നവർ ഭീരുക്കളാണ്. കാരണം ഇവർ അങ്ങനെയുളള പാവങ്ങളെ മാത്രമെ തന്റെ ചൂഷണത്തിന് വിധേയരാക്കാറുള്ളൂ. ഇവർക്കെതിരെ പ്രതികരിക്കാൻ കഴിയാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകും എന്നു കരുതുന്നവരാണ് അനേകർ. തന്റെ തെറ്റുകൾ പോലും മറ്റുള്ളവരുടെ തെറ്റായി മാറ്റാനുള്ള കഴിവ് ഇവർക്കുണ്ട്. ചൂഷണത്തിനു വിധേയരാകുന്നവരെ അനുകമ്പയും സ്നേഹവും പരിഗണനയും നല്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരികയാണ് വേണ്ടത്. ഇത്തരക്കാരെ നിയന്ത്രിക്കാനായില്ലെങ്കിൽ ജീവിത കാലം മുഴുവൻ ഇവർ ഇത് തുടരുകയും മറ്റുള്ളവരെ കൂടി തന്റെ കെണിയിൽ എത്തിക്കുവാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഇതൊരു സ്വഭാവ വൈകല്യമാണ് ഇതിനെ വേണ്ട രീതിയിൽ ചികിത്സിക്കുകയൊ വേണ്ടി വന്നാൽ ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനുള്ള നിയമം ഇന്ന് നമ്മുടെ നാട്ടിലുണ്ട്.

No comments:

Post a Comment