Tuesday, 2 January 2018

സജീവവും നിഷ്ക്രിയരുമായ കുട്ടികൾ (Active & Inactive kids)

സജീവവും നിഷ്ക്രിയരുമായ കുട്ടികൾ (Active & Inactive kids) -
കുട്ടികളെ നാം ശ്രദ്ധിച്ചാൽ ചില കുട്ടികൾ അമിത പ്രസരിപ്പുള്ള കുട്ടികൾ ആണ് എന്നാൽ ചില കുട്ടികൾ നാണം കുണുങ്ങികളും ചില കുട്ടികൾ വളരെ പതിയെ കാര്യങ്ങൾ ചെയ്യുന്ന മടിയന്മാരാണ്.
ചില കുട്ടികൾ വളരെ പിരുപിരുപ്പുളള (fidgetive) ആയിട്ടുള്ള കുട്ടികൾ ആയിരിക്കും. ഓട്ടം, ചാട്ടം, ഒരു സ്ഥലത്ത് അടങ്ങി നില്ക്കില്ല, ദേഷ്യം, വാശി എന്നിവ കൂടുതൽ ആയിരിക്കും. ഇത്തരം കുട്ടികളെയാണ് (Hyper active) എന്ന് വിളിക്കുന്നത്. അവരുടെ ഉള്ളിലെ energy level വളരെ കൂടുതൽ ആയിരിക്കും. ഇത്തരം കുട്ടികൾക്ക് ഒരിടത്ത് അടങ്ങി ഇരുന്ന് ചെയ്യേണ്ട പ്രവർത്തികൾ ഉദാഹരണത്തിന് പെയിന്റിംഗ്, തയ്യൽ, കഥാപുസ്തകം വായിക്കുക ഇങ്ങനെ ക്ഷമയോടെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ വീഡിയോ ഗെയിം കളിക്കുക, വിവിധ തരം കായിക ക്ഷമത വേണ്ടുന്ന കളികൾ ഇവ ചെയ്യുന്നതിൽ നൈപുണ്യം ഉള്ളവരായിരിക്കും. ഇങ്ങനെയുള്ള കുട്ടികളെ വീട്ടിൽ അടച്ചിട്ട് വളർത്തിയാൽ അവർ നശീകരണ പ്രവണത തുടങ്ങുകയും ചെയ്യും. അവരുടെ ഉളളിലെ energy level നല്ല രീതിയിൽ പ്രയോജനപ്പെടുത്താനായാൽ ചെറുതിലെ തന്നെ സൈക്കിൾ ചവിട്ടാനൊ ഓടാനൊ കളിക്കാനൊ കരാട്ടെ പോലുള്ള martial arts പഠിപ്പിക്കുകയൊ ചെയ്താൽ ഒന്നൊ രണ്ടോ മണിക്കൂർ ദിവസവും അവന്റെ ഉള്ളിലെ എനർജി പുറത്തു കളയാൻ സാധിച്ചാൽ ആ കുട്ടിയെ നല്ല രീതിയിൽ വളർത്തി എടുക്കാൻ സാധിക്കും.
ലജ്ജാശീലരായ കുട്ടികൾ എപ്പൊഴും അച്ഛന്റെയൊ അമ്മയുടെയൊ പുറകിൽ ഒളിച്ചു നില്ക്കുന്ന സ്വഭാവം ഉള്ളവരാണ്. അവർക്ക് എപ്പോഴും ഒരു മറ വേണം. ചിലർക്ക് കൂട്ടുകാർ ആയിരിക്കും മറ അല്ലെങ്കിൽ സഹോദരങ്ങൾ. ആത്മവിശ്വാസക്കുറവും പേടിയുമാണ് ഇത്തരം കുട്ടികളുടെ പ്രശ്നം. അവരെ വഴക്കു പറയുകയോ ശാസിക്കുകയൊ അല്ല വേണ്ടത് മറിച്ച് സഹാനുഭൂതിയൊടെ അവരൊട് പെരുമാറുകയും അവരെ പുറം ലോകത്തേക്ക് കൊണ്ടു വരാൻ സാധിച്ചാൽ അവർ വളരെ സ്നേഹനിധികളായ കുട്ടികളാണ്. സാധാരണ ഒറ്റയ്ക്ക് പോകുമ്പൊൾ ഇവരുടെ മുഖം കണ്ടാൽ വളരെ സീരിയസ് ആയി നടന്നു പോകുന്ന പോലെ തോന്നാം. അത് അവരുടെ പുറം തോടാണ്. ഉള്ളിലേക്ക് കടന്നു ചെന്നാൽ ഭയമുളളവരും നൈർമ്മല്യമുള്ള സ്വഭാവക്കാരുമായിരിക്കും. ചില കാര്യങ്ങളിൽ പിടിവാശി കാണിക്കുക ഉദാഹരണത്തിന് ഡ്രസ് , ആഹാരം എന്നിവ തിരഞ്ഞെടുക്കുന്നതിൽ അവർക്ക് അവരുടെതായ കടുംപിടുത്തം സൂക്ഷിക്കുന്നവരാണ്.
അലസരായ കുട്ടികൾ നാം ശ്രദ്ധിച്ചു കഴിഞ്ഞാൽ അവർ അവരുടെതായ സാങ്കല്പിക ലോകത്ത് കഴിയുന്നവരായിരിക്കും. കലാപരമായ കഴിവുകൾ ഇക്കൂട്ടർക്കു കാണും. വളരെ ഏറെ ശ്രദ്ധ കൊടുത്ത് ചെയ്യേണ്ട പല ജോലികളും ഇവർ എത്ര സമയം ചിലവാക്കി വേണമെങ്കിലും തയ്യാറാക്കും. ഇവരുടെ കഴിവുകൾ കണ്ടെടുത്ത് പ്രോത്സാഹിപ്പിച്ചാൽ ഡിസൈനിംഗ്, കല, സാഹിത്യം ഈ മേഖലകളിൽ നൈപുണ്യം നേടും. പെട്ടെന്ന് നിരുൽസാഹപ്പെടുന്ന ഇവരെ വേണ്ട വിധം പ്രോത്സാഹിപ്പിക്കുകയും അവരിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ കണ്ടെത്തി നല്കാനായാൽ ആത്മവിശ്വാസമുള്ള കുട്ടികളായി വളരും.
എല്ലാ കുട്ടികളും ഒരു വിധേന അല്ലെങ്കിൽ മറ്റൊരു വിധേന കഴിവുള്ളവരാണ്. അവർക്ക് വേണ്ട രീതിയിൽ പ്രോത്സാഹനം നല്കി മുൻപോട്ട് നയിക്കാനായാൽ അവർ ഭാവി വാഗ്ദാനങ്ങളായി മാറും..

No comments:

Post a Comment