Tuesday, 16 January 2018

ആസക്തി (Addiction) (part-2 )

ആസക്തി (Addiction)
(part-2 ) -

മനസ്സിലെ ആഗ്രഹങ്ങളാണ് പിന്നീട് ശീലങ്ങളും ആസക്തിയുമായി മാറുന്നത്. അവനവന്റെ വളർച്ചക്ക് ഉപയോഗപ്രദമല്ലാത്ത ശീലങ്ങളും ആസക്തിയും മനസ്സിൽ ആഗ്രഹങ്ങളായി മുളക്കുമ്പോഴെ നുള്ളി കളയാൻ ശ്രമിക്കുന്നതാണ് നല്ലത്. കുട്ടികളിൽ പ്രത്യേകിച്ച് കൗമാര പ്രായക്കർക്കിടയിലാണ് ഇത്തരം ദുശീലങ്ങൾ തുടങ്ങുന്നത്. പലപ്പോഴും കുട്ടികൾക്ക് എങ്ങിനെയാണ് ഈ ശീലങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. കുട്ടികളെ ഏതു സമയവും പഠിക്കുവാൻ മാത്രം പ്രേരിപ്പിക്കുന്ന മാതാപിതാക്കൾ ആണ് നമുക്ക് ചുറ്റും. ഏതെങ്കിലും വിഷയത്തിലോ പഠിത്തത്തിലോ പുറകോട്ടാണ് എന്ന് തോന്നി കഴിഞ്ഞാൽ അവനെ ഒന്നിനും കൊള്ളാത്തവൻ എന്ന് മുദ്രകുത്തപ്പെടുന്നു. കുട്ടികളിലെ ചെറിയ ചെറിയ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ധ്യാപകരോ മാതാപിതാക്കളൊ ശ്രദ്ധിക്കുന്നില്ല. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവനിൽ ഉറങ്ങി കിടക്കുന്ന നൈസർഗ്ഗിക കഴിവുകൾ അടിച്ചമർത്തപ്പെടുകയാണ്. ഇത് കുട്ടികളിൽ ആത്മവിശ്വാസ കുറവ് ഉണ്ടാക്കും. ഈ ആത്മവിശ്വാസ കുറവാണ് കുട്ടികളെ മറ്റ് പല കൂട്ടു കെട്ടുകളിലേക്കും പല തരം ആസക്തികളും ഉണ്ടാക്കുന്നത്. എല്ലാ കുട്ടികളിലും കഴിവുകൾ ഉണ്ട്. അവ വേണ്ട രീതിയിൽ കണ്ടു പിടിച്ച് വളർത്തി എടുക്കാൻ സാധിച്ചാൽ ഒരു പരിധി വരെ കുട്ടികളിൽ ദുശ്ശീലങ്ങളും ആസക്തിയും ഇല്ലാതാക്കാം.

കുട്ടകളിൽ അവരുടെ കഴിവുകൾ കണ്ടെത്തി കൊടുക്കുകയും പ്രോത്സാഹിപ്പിക്കാനും സാധിച്ചാൽ കുറെയേറെ ഇത്തരം ചിന്തകൾ ഉണ്ടാകുന്നത് ഇല്ലാതാക്കാൻ സാധിക്കും. ഇത്തരം ചിന്ത അധ്യാപകരിലും മാതാ പിതാക്കളിലും ഉണ്ടാകേണ്ടത് അത്യന്താപേക്ഷികമാണ്.

കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ട്യൂഷൻ സെന്ററിൽ മാതാ പിതാക്കൾക്കും കുട്ടികൾക്കും ഒരു Motivational Session എടുക്കാൻ ഇടയായി. അവിടെ കുറെ കുട്ടികൾ അവർക്ക് ഒന്നിനോടും താത്പര്യം ഇല്ല എന്നു പറഞ്ഞു. (Desire to do nothing) .ഇതൊരു പ്രതികരണമാണ് കുട്ടകളിൽ. കുട്ടികളെ അടിച്ചമർത്താൻ (excessive parental control) ശ്രമിക്കുന്ന മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. അടിച്ചമർത്തലിനെതിരെ കുട്ടികൾ പ്രതികരിക്കുന്നത് ഇത്തരം സ്വഭാവ വൈകല്യം കൊണ്ടായിരിക്കും. അവർ പിന്നീട് ഒരു പ്രവർത്തിയിലും താത്പര്യമില്ലായ്മ കാണിച്ചു തുടങ്ങും. ഇതൊരു ശീലവും ആസക്തിയുമായി മാറും. അതു കൊണ്ട് കൗമാര പ്രായത്തിലുള്ള ഓരൊ കുട്ടിയും അവർ അത്മവിശ്വാസമുള്ള മിടുക്കന്മാരായി വളരട്ടെ.

Sunday, 14 January 2018

ആസക്തി (Addiction)

ആസക്തി (Addiction)
(part-one)  -

മനസ്സ് എപ്പോഴും എന്തെങ്കിലും ഇഷ്ടപ്പെടുകയൊ ആഗ്രഹിക്കുകയോ ചെയ്യും. ചിലപ്പോൾ ചില വസ്തുവിനോടൊ ചില ആളുകളോടൊ ചില സ്വഭാവ രീതികൾ എന്നിവയോട് ഒക്കെ നമുക്ക് ആഗ്രഹം അല്ലെങ്കിൽ ഇഷ്ടം തോന്നാം. ഇത്തരത്തിലുള്ള ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിന് താല്കാലികമായ സുഖം നല്കുന്നു. മനസ്സ് എപ്പോഴും സുഖത്തിലേക്കാണ് (pleasure) ആകർഷിക്കപ്പെടുന്നത്. അത് താത്കാലികമാണോ (temporary ) ശാശ്വതമാണോ (permanent) അത് നമുക്ക് ഗുണം ചെയ്യുന്നയാണോ (constructive) ആണോ അതോ നമ്മെ നശിപ്പിക്കുന്നതാണോ (destructive) എന്ന്  മനസ്സിനറിയില്ല. മനസ്സ് സുഖമാണ് തേടുന്നത്. അങ്ങനെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ടാകുന്നു. അത് ഒരു ശീലമാകുന്നു ( habit). ശീലം പിന്നീട് ആസക്തിയായി മാറുന്നു (Addiction). മനസ്സിലുണ്ടാകുന്ന ആഗ്രഹങ്ങളും ഇഷ്ടങ്ങളും നല്ലതാണെങ്കിൽ അത് നല്ല ശീലമായും നല്ല കാര്യങ്ങളോടുള്ള ആസക്തിയായും മാറും. മറിച്ച് നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നമ്മെ നശിപ്പിക്കുന്ന അല്ലെങ്കിൽ നമുക്ക് യാതൊരു പ്രയോജനവുമില്ലാത്തവ ആണെങ്കിൽ അങ്ങനെ ഉണ്ടാകുന്ന ശീലങ്ങൾ നമ്മെ നശിപ്പിക്കുകയും അങ്ങനെയുള്ള ആസക്തി നാശം വിതയ്ക്കുകയും ചെയ്യും.

Desire - Habit - Addiction

ആഗ്രഹങ്ങൾ വിവേകത്തോടെ (intelligence) തിരഞ്ഞെടുക്കുകയാണ്  വേണ്ടത്. ടി.വി. കാണുക, mobile ഉപയോഗിക്കുക, internet, അശ്ലീല വീഡിയോ (porn videos), സ്വയംഭോഗം അഥവാ masturbation, Sex, പുകവലി (smoking), മദ്യപാനം (Alchohol), ഡ്രഗ്സ് (Drugs), ചില മരുന്നുകൾ ( medicine) ഇവയൊക്കെ ശീലങ്ങളും ആസക്തിയുമായി മാറുന്നത് നമ്മുടെ സമൂഹത്തിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശീലങ്ങൾ മനസ്സിൽ ഉണ്ടായി തുടങ്ങുമ്പോഴെ മനസ്സിലാക്കേണ്ടത് ഈ ശീലം (Habit) എനിക്ക് പ്രയോജനമുണ്ടോ അതൊ ഗുണം ഉണ്ടോ എന്ന് മനസ്സിലാക്കുക. സ്വന്തം വളർച്ചയ്ക്ക് ഉപകരിക്കാത്ത എന്തും നിരാകരിക്കുക. അതിലുപരി അവനവന്റെ വാസനകളും കഴിവുകളും കണ്ടെത്തി പുതിയ പുതിയ അറിവുകളും കഴിവുകളും വളർത്തിയെടുത്ത് ജീവിതത്തിൽ വിജയം (success) നേടി എടുക്കാനുള്ള ത്വര (emotional drive) ഉണ്ടാക്കി എടുക്കേണ്ടത് അനിവാര്യമാണ്. സ്വയം പരാജിതൻ എന്നു തോന്നുകയും എപ്പോഴും തന്നെ കൊണ്ട് ഒന്നും കഴിയില്ല എന്ന ആത്മവിശ്വാസക്കുറവ് (loss of confidence) ആണ് ഇത്തരം ആസക്തികൾ മനസ്സിൽ ഉണ്ടാകാൻ കാരണം.

മനസ്സും ബുദ്ധിയും ( mind & intelligence)

മനസ്സും ബുദ്ധിയും ( mind & intelligence) -

മനസ്സ് എപ്പോഴും ആഗ്രഹങ്ങൾക്ക് പിന്നാലെയാണ് പായുന്നത്. മനസ്സിലെ ആഗ്രഹങ്ങൾ തെറ്റാണൊ ശരിയാണോ എന്നൊന്നും മനസ്സ് നോക്കാറില്ല. എന്നാൽ ബുദ്ധിക്ക് വിവേചനാധികാരം ഉണ്ട്. ശരിയും തെറ്റും മനസ്സിലാക്കാൻ ബുദ്ധിക്ക് കഴിയും. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ മനസ്സ് നമ്മോട് പലതും പറയും. എന്നാൽ മനസ്സിലെ ആഗ്രഹങ്ങൾ ശരിയാണൊ തെറ്റാണൊ എന്ന് വിവേകത്തോടെ ചിന്തിക്കാൻ ബുദ്ധി ഉപയോഗിക്കണം.

കുട്ടികൾ അവർക്ക് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ചെയ്യും. അവർക്ക് അത് ശരിയൊ തെറ്റൊ എന്ന് മനസ്സിലാക്കാൻ ശ്രമിക്കാറില്ല. അവരുടെ മനസ്സിലെ ഇഷ്ടങ്ങളാണ് അവർ ചെയ്യുക. ബുദ്ധി ഉപയോഗിച്ച് തുടങ്ങുമ്പോൾ നമുക്ക് ശരിയും തെറ്റും മനസ്സിലാകും. അഥവാ യാഥാർത്ഥ്യത്തിൽ എന്ത് സംഭവിക്കും അല്ലെങ്കിൽ സംഭവിക്കാം എന്നതിനെ കുറിച്ച് ആലോചിക്കും.

മദ്യപിക്കുമ്പൊൾ കുറച്ചു നേരത്തേക്ക് നമ്മൾ യാഥാർത്ഥ്യത്തിൽ നിന്ന് വ്യതിചലിക്കുന്നു. അപ്പോൾ ബുദ്ധിയുടെ പ്രവർത്തനം അല്പം കുറയുന്നു. മദ്യപിച്ച ശേഷം വണ്ടി ഓടിക്കുമ്പോൾ നാം നോർമൽ ആയി വണ്ടി ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന ബുദ്ധി ഉപയോഗിക്കാതെ വരുന്നു. ഇത് ആക്സിഡന്റിന് കാരണമാകാം. ശ്രദ്ധ കുറയുമ്പോൾ ആക്സിഡന്റ് സംഭവിക്കുന്നു. ഇത് ആപത്താണ് എന്ന് മനസ്സിലാക്കാൻ ബുദ്ധി ഉപയോഗിക്കുക. അതിന് ചെയ്യേണ്ടത് മദ്യപിച്ച ശേഷം വാഹനം ഓടിക്കാതിരിക്കുക എന്നാണ്. ഒരു പാർട്ടിക്ക് പോയി തിരിച്ച് വണ്ടി ഓടിക്കേണ്ടത് താനാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കി മദ്യപിക്കാതിരിക്കുക എന്നതാണ് വിവേചന ബുദ്ധി. ആഗ്രഹം ഉണ്ടെങ്കിലും അതിനെ നിയന്ത്രിക്കുക. ഇത് ചെയ്യുന്നത് ബുദ്ധിയാണ്. അതു പോലെ ചെറിയ ചെറിയ കാര്യങ്ങളിൽ ബുദ്ധി ഉപയോഗിക്കുക. മനസ്സ് നമ്മുടെ ഉള്ളിൽ പല വിധ ചിന്തകൾ ഉണ്ടാക്കും. എന്നാൽ അതിനെ ബുദ്ധിയിലൂടെ കടത്തി വിട്ട് വിടുമ്പോഴാണ് നമുക്ക് വിവേകം ഉണ്ടാകുന്നത്. 

ചിലർക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കാൻ പേടിയാണ്. മനസ്സ് ആ തോന്നൽ ഉണ്ടാക്കി കൊണ്ടേയിരിക്കും. എന്നാൽ തന്നിലുള്ള ആ കുറവ് മാറ്റിയെടുക്കണമെന്ന് ബുദ്ധി പറയും. അവിടെ ബുദ്ധി പറയുന്ന കേട്ട് കുറേശ്ശെ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ശ്രമിച്ചു തുടങ്ങിയാൽ ആ പേടി മാറും. മനസ്സ് നമ്മേ പിന്നോട്ട് വലിക്കുമെങ്കിലും അവിടെയും ബുദ്ധി ഉപയോഗിച്ച് ആദ്യം പരിചിതരായവരെ അഭിമുഖീകരിക്കുകയും പിന്നീട് മറ്റുള്ളവരെ അഭിമുഖീകരിക്കാനും നമുക്ക് സാധിക്കും. 

മനസ്സിലെ ചിന്തകളെയും ആഗ്രഹങ്ങളെയും വിവേകത്തോടെ ഉപയോഗിക്കുകയാണ് വേണ്ടത്. തെറ്റിലേക്ക് മനസ്സ് പോകുമ്പോൾ അതിനെ നിയന്ത്രിക്കാനും ശരിയിൽ നിന്ന് മനസ്സ് പിന്മാറുമ്പൊൾ അതിനെ നിയന്ത്രിക്കാനും ബുദ്ധിയെ (intelligence) ഉപയോഗിക്കുക. നമുക്ക് ആവശ്യമില്ലാത്ത പല സാധനങ്ങളും കടയിൽ പോയാൽ നമ്മെ കൊണ്ട് വാങ്ങിപ്പിക്കുന്നത് മനസ്സിനെ കമ്പനികൾ നല്കുന്ന അഡ്വടൈസ്മെന്റ് (Advertisement) ആണ്. ഇന്ന് ലോകത്ത് മിക്ക കമ്പനികളും മനസ്സിനെ പരസ്യങ്ങളിലൂടെ സ്വാധീനിക്കുകയാണ്. അവിടെ നമ്മുടെ വിവേചന ബുദ്ധി ഉപയോഗിക്കുക അത്യന്താപേക്ഷികമാണ്. മനസ്സിനെ ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിൽ നിയന്ത്രിക്കാൻ സാധിച്ചാൽ മനസ്സിനെ കൂടുതൽ കരുത്തുറ്റതാക്കാൻ നമുക്ക് സാധിക്കും.

Thursday, 11 January 2018

മനസ്സമാധാനത്തോടെ ജീവിക്കാം ( Live with peace of Mind )

മനസ്സമാധാനത്തോടെ ജീവിക്കാം ( Live with peace of Mind ) -

ജീവിതത്തിൽ എന്നും പ്രശ്നങ്ങൾ നേരിടുകയാണ് നാം ഓരോരുത്തരും. ഓരൊ ആളുകൾക്കും അവരുടെതായ പ്രശ്നങ്ങൾ ഉണ്ട്. ആ പ്രശ്നങ്ങളുടെ വ്യാപ്തി അവ നേരിടുന്നവർക്കേ അറിയൂ. പ്രശ്നങ്ങൾ നാം നേരിടുന്നത് എവിടെയാണ് ? മനസ്സിൽ. ശരിയല്ലേ ? മനസ്സിൽ ഒരു പ്രശ്നം നേരിടുമ്പൊൾ നാം സാധാരണ എന്താണ് ചെയ്യുന്നത് ? ആ പ്രശ്നങ്ങളിൽ നിന്ന് മനസ്സ് മറ്റൊരിടത്തേക്ക് മാറ്റുക. കുറച്ചു നേരം മാറ്റി വയ്ക്കാം. പക്ഷേ പ്രശ്നങ്ങളുടെ തീവ്രതയ്ക്ക് അനുസരിച്ച് വീണ്ടും ആ പ്രശ്നങ്ങൾ മനസ്സിൽ മുന്നോട്ടു വരും. എത്രത്തോളം ആ പ്രശ്‌നങ്ങളെ മനസ്സിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നുവോ അത്രത്തോളം ആ പ്രശ്നങ്ങൾ മനസ്സിനെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും. ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണൊരു പോംവഴി ? ഇതു പോലെ പല പല പ്രശ്നങ്ങൾ ഒരുമിച്ച് നേരിടേണ്ടി വരുമ്പൊൾ ആണ് മാനസിക സമ്മർദ്ദം ഉണ്ടാകുന്നത്. മാനസിക സമ്മർദ്ദം നേരിടുന്ന ഒരു വ്യക്തിക്ക് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ആ സമയത്ത് തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. പിന്നെ എന്താണ് ചെയ്യേണ്ടത് ?

മനുഷ്യ മനസ്സ് ഒരു കംപ്യുട്ടർ പോലെയാണ്. കംപ്യൂട്ടറിൽ ധാരാളം ആപ്ലിക്കേഷനുകളുണ്ട്. ഒരു കംപ്യൂട്ടറിൽ ഒരുമിച്ച് കുറെ ആപ്ലിക്കേഷനുകൾ തുറന്നാൽ കംപ്യൂട്ടർ ഹാംഗ് (Hang) ആകും. അതു പോലെയാണ് മനുഷ്യ മനസ്സും. ഒരുമിച്ച് കുറേ പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ Hang ആകും അഥവാ മാനസിക സമ്മർദ്ദം അനുഭവപ്പെടും. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കംപ്യൂട്ടർ Shut Down ചെയ്ത ശേഷം Restart ചെയ്യുകയേ നിർവ്വാഹമുള്ളൂ. Restart ചെയ്ത ശേഷം Open ചെയ്ത ഓരൊ Fileകളും close ചെയ്യുന്നു. ഇങ്ങനെയാണ് Computer ശരിയാക്കുന്നത്. ഇത് പോലെ തന്നെ മനുഷ്യ മനസ്സും. ആദ്യം Shut Down ചെയ്യുക. സമാധാനമായി എവിടെയെങ്കിലും ഇരുന്ന് കണ്ണടക്കുക. ഒരു 5 മിനിറ്റെങ്കിലും സമയം എടുക്കുക. ഈ സമയം സ്വന്തം ശ്വാസത്തേ നല്ല പോലെ ശ്രദ്ധിക്കുക. ഇനി അവിടെ ഇരുന്നു കൊണ്ട് തന്നെ പതിയെ കണ്ണു തുറന്ന് മനസ്സിലേക്ക് വരുന്ന പ്രശ്നങ്ങളെ അല്ലെങ്കിൽ ചിന്തകളെ കടത്തി വിടുക. ഓരൊ പ്രശ്‌നങ്ങളെയും എടുക്കുക. ഇതു വരെ എന്തൊക്കെ സംഭവിച്ചു എന്ന് മനസ്സിലാക്കിയ ശേഷം മനസ്സിനെ സമാധാനിപ്പിക്കുക. ഇനി എന്താണ് ആ പ്രശ്നത്തിൽ ഞാൻ ചെയ്യേണ്ടത് എന്ന് നല്ല പോലെ ചിന്തിക്കുക. കഴിയുന്നതും മനസ്സിനെ ആ പ്രശ്നത്തിൽ നിന്ന് ഒരല്പം മാറ്റി നിർത്തി ചിന്തിക്കുക. നമ്മുടെ ഒരു അടുത്ത സുഹൃത്തിനാണ് ഈ പ്രശ്നമെങ്കിൽ നാം എന്ത് (Solution) പരിഹാര മാർഗ്ഗമാണ് പറഞ്ഞു കൊടുക്കുക എന്ന് ചിന്തിക്കുക. ആ പരിഹാരം കണ്ടെത്തി അതുമായി മുൻപോട്ടു പോകുക. ഇത് ശീലമാക്കിയാൽ ജീവിതത്തിൽ ഏതു പ്രതിസന്ധിയെയും നമുക്ക് നേരിടാൻ കഴിയും മനസ്സമാധാനത്തോടെ ജീവിക്കാനും സാധിക്കും.

സന്തോഷവും സ്നേഹവും പങ്ക് വെക്കുക ( share your happiness & love )

സന്തോഷവും സ്നേഹവും പങ്ക് വെക്കുക ( share your happiness & love )  -

ഒരിക്കൽ രണ്ടു പേർ ഭൂമിയിലെ ജീവിതം കഴിഞ്ഞ് ദൈവത്തിനടുത്തെത്തി. അവരെ അടുത്ത ജന്മത്തിലേക്ക് ഭൂമിയിലേക്ക് അയക്കുന്നതിന് മുമ്പ് ദൈവം അവർക്ക് വരം നല്കി - അടുത്ത ജന്മത്തിൽ നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചു കൊള്ളുക. ഒരുവൻ പറഞ്ഞു - ദൈവമേ, കഴിഞ്ഞ ജന്മത്തിൽ എന്റെ ജീവിതം കഷ്ടപ്പാടായിരുന്നു. ജീവിക്കാൻ പൈസ വേണം. കഴിഞ്ഞ ജന്മം പൈസ വരും അത് ചിലവാകും. അതു കൊണ്ട് ഇനിയുള്ള ജന്മത്തിൽ എനിക്ക് ആർക്കും ധനം കൊടുക്കേണ്ടി വരരുത്, എന്നാൽ ഇഷ്ടം പോലെ ധനം എനിക്ക് ലഭിക്കാൻ അങ്ങ് അനുഗ്രഹിക്കണം എന്ന്. രണ്ടാമൻ പറഞ്ഞു - ദൈവമേ, അങ്ങയുടെ കൃപയാൽ എനിക്കും എന്റെ കുടുംബത്തിനും ഞങ്ങൾക്ക് ആവശ്യമുള്ളതൊക്കെ ഞങ്ങൾക്ക് കിട്ടി, എന്നാൽ ഞങ്ങളുടെ വീട്ടിൽ വിശന്നു വലഞ്ഞു വരുന്നവന് കൊടുക്കാൻ ഞങ്ങളുടെ കൈയിൽ ഒന്നുമില്ലായിരുന്നു. അതു കൊണ്ട് അടുത്ത ജന്മത്തിലെങ്കിലും എല്ലാവർക്കും ധാരാളം കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കണമേ എന്ന അനുഗ്രഹം ചോദിച്ചു.

ദൈവം  ഇരുവരെയും അനുഗ്രഹിച്ച് അയച്ചു. രണ്ട് പേരും ഒരു ഗ്രാമത്തിൽ തന്നെ ജനിച്ചു. ദൈവഹിത പ്രകാരം ആദ്യത്തവനു അവൻ ആഗ്രഹിച്ച പോലെ തന്നെ ആർക്കും ധനം നല്കേണ്ടി വന്നില്ല എന്നാൽ എല്ലായിടത്തു നിന്നും ധനം ലഭിക്കുവാനായി ഒരു യാചകനായി മാറി. തനിക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയേണമേ എന്ന് ആഗ്രഹിച്ച രണ്ടാമൻ ആ ഗ്രാമത്തിലെ ഏറ്റവും ധനികൻ ആയി മാറി.

നമ്മുടെ ഉള്ളിലുള്ള സ്നേഹവും സന്തോഷവും മറ്റുള്ളവർക്കു കൂടി പകർന്നു നല്കാനായാൽ മാത്രമെ ജീവിതം അർത്ഥ പൂർണ്ണമാകുന്നുള്ളൂ. ആവോളം സ്നേഹവും സന്തോഷവും പകർന്നു നല്കാൻ കഴിവുള്ള ധനികരാകട്ടെ നാമെല്ലാം. യാചകന് എന്നും സ്നേഹവും സന്തോഷവും മറ്റുള്ളവരിൽ നിന്ന് യാചിച്ചു കൊണ്ടേയിരിക്കും. സ്വന്തമായി ഒന്നുമില്ലാത്തവൻ മറ്റുള്ളവർക്ക് എങ്ങനെ സ്നേഹവും സന്തോഷവും നല്കാൻ സാധിക്കും ? സ്വന്തം ജീവിതത്തിൽ സന്തുഷ്ടിയുള്ളവർക്ക് മാത്രമെ മറ്റുള്ളവർക്ക് സ്നേഹം പകർന്ന് നല്കാൻ കഴിയൂ. ദൈവത്തോട് നന്ദി പറയാം നമുക്ക് നല്കിയ ഈ ജീവിതത്തിന് .

ഇഴുകി ചേരാം പ്രകൃതിയുമായി (stay connected with nature) -

ഇഴുകി ചേരാം പ്രകൃതിയുമായി (stay connected with nature) -

നാം ഓരൊരുത്തരും നമ്മുടെതായ ജീവിതം നയിക്കുകയാണ്. ഇന്ന് മനുഷ്യർ തമ്മിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു വരികയാണ്. ഓരൊരുത്തരും അവർക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നു. തന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്നു. പരസ്പരം പാര വയ്ക്കുന്നു, കാലു വാരുന്നു, മറ്റുള്ളവരെ ദ്രോഹിക്കുന്നു എന്നാൽ എന്തിനു വേണ്ടി ഇതൊക്കെ ചെയ്യുന്നോ അതിൽ തൃപ്തനാകാൻ കഴിയുന്നുണ്ടോ നമുക്ക്.

ഓരൊ മനുഷ്യനും അവന് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നു. ശരിയും തെറ്റും നമുക്ക് മേൽ അടിച്ചേല്പിക്കപ്പെട്ടതാണ്. സമൂഹവും ചുറ്റുപാടുകളുമാണ് മനുഷ്യനെ കൊണ്ട് അങ്ങനെ തോന്നിപ്പിക്കുന്നത്. ഇത് ശരി ഇത് തെറ്റ് എന്നൊക്കെ സമൂഹമാണ് പറയുന്നത്. എല്ലാ മനുഷ്യരും അവനവന്റെ പ്രവർത്തികളെ ന്യായീകരിക്കുകയാണ്. ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് തെറ്റായി തോന്നുന്നു. ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക് വരുമ്പൊൾ പാവപ്പെട്ടവന്റെയായാലും ധനികന്റെയായാലും വെളുത്തവന്റെയായാലും കറുത്തവന്റെയായാലും അവന്റെ മനസ്സ് പ്രവർത്തിക്കുന്നത് ഒരു പോലെയാണ്. അവനിൽ നിഷ്കളങ്കത മാത്രമെ നമുക്ക് കാണാൻ കഴിയൂ. അവനിൽ ചിന്തകൾ ഉണ്ടാക്കുന്നത് സമൂഹവും സാഹചര്യങ്ങളുമാണ്.

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വെവ്വേറെയാണ്. ഇവയെല്ലാം ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്. ശ്വാസകോശവും ഹൃദയവും തലച്ചോറും കൈ കാലുകൾ, അന്നനാളം, വയർ, ആമാശയം എന്നിവ ഒരുമയോടെയാണ് പ്രവർത്തിക്കുന്നത്. ഇത് നമ്മോട് പറഞ്ഞിട്ടല്ല അവ അവരുടെ ജോലികൾ ചെയ്യുന്നത്. ജീവനുള്ളിടത്തോളം കാലം ഇവയൊക്കെ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. ഇതു പോലെയാണ് സൂര്യനും ചന്ദ്രനും വായുവും ജലവുമൊക്കെ. ഒരാൾക്ക് കൂടുതലൊ ഒരാൾക്ക് കുറവൊ അല്ല. എല്ലാവരിലും ഒരു പോലെയാണ്. ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുമ്പൊഴാണ് പ്രകൃതി ഉണ്ടാകുന്നത്. പ്രകൃതി ഒത്തൊരുമയോടെയാണ് കഴിയുന്നത്.

നമ്മുടെ ശരീരത്തിന് ഉള്ളിലും പുറത്തു പ്രകൃതിയിലും എല്ലാ കാര്യങ്ങളും ഒത്തൊരുമയോടെയാണ് ജീവിക്കുന്നത് . നമ്മുടെയൊക്കെ മനസ്സാണ് ഇതിൽ നിന്ന് വിപരീതമായി പ്രവർത്തിക്കുന്നത്. മനസ്സിനെ സ്വാധീനം ചെലുത്തുന്നത് സമൂഹവും സാഹചര്യങ്ങളും. മനസ്സിലെ ചിന്തകളെ പ്രകൃതിയുമായി കൂട്ടിയിണക്കുകയാണ് വേണ്ടത്. രാവിലെ എണീറ്റ് ഒരു 15 മിനിറ്റ് നടന്ന ശേഷം ആല്ലങ്കിൽ കളിച്ച ശേഷം ഒന്നു വിയർത്ത ശേഷം കുറച്ചു നേരം എവിടെയെങ്കിലും ഒന്നുമിരുന്ന് സ്വന്തം ശ്വാസോച്ഛ്വാസത്തെ ഒന്നു ശ്രദ്ധിക്കുക എന്നിട്ട് പ്രകൃതിയുടെ ഭംഗി ഒന്നാസ്വദിക്കുക അവിടെയിരുന്ന്. മനസ്സ് ശാന്തമാകും ശരീരത്തിലേക്ക് ഒരു പോസിറ്റീവ് എനർജി കടന്നു വരും. ഇതൊരു ശീലമാക്കിയാൽ നമ്മുടെ മനസ്സ് കുട്ടികളെ പോലെ നൈർമ്മല്യമുള്ളതാകും. ജീവിതം സന്തോഷ പ്രദമാകും.

Tuesday, 9 January 2018

മാതാ പിതാക്കൾ അറിയേണ്ട കാര്യങ്ങൾ (parenting tips)

മാതാ പിതാക്കൾ അറിയേണ്ട കാര്യങ്ങൾ (parenting tips) -

ഇന്നത്തെ ലോകത്ത് നടക്കുന്ന പല സംഭവങ്ങളും എന്റെ വീട്ടിൽ നടക്കില്ല എന്ന് വിശ്വസിക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. അന്യന്റെ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും അത് അവരുടെത് മാത്രമായ പ്രശ്നങ്ങളായി നാം കാണുന്നു. നമ്മളൊക്കെ സ്കൂളിലും കോളജിലും പഠിച്ചപ്പോൾ ഉണ്ടായ അന്തരീക്ഷമല്ല ഇന്നത്തെ സ്കൂളുകളിലും കോളജുകളിലും. മൊബൈലിന്റെയും പെൻ ഡ്രൈവിന്റെയും കാലമാണ് ഇത്. ഒരു ആൻഡ്രോയ്ഡ് മൊബൈൽ വാങ്ങി കൊടുത്താൽ അല്ലെങ്കിൽ ഉപയോഗിക്കാൻ കിട്ടിയാൽ കോടിക്കണക്കിന് വെബ് സൈറ്റുകളിലേക്കാണ് കുട്ടികൾക്ക് പോകാനുള്ള വാതായനങ്ങൾ നാം തുറന്നു കൊടുക്കുകയാണ്. ഗെയിം (mobile games) കളിക്കാൻ കുട്ടിയുടെ കൈയിൽ മൊബൈൽ കൊടുക്കുന്ന അച്ഛനമ്മമാർ ശ്രദ്ധിക്കണം. ഇപ്പോൾ മൊബൈലിൽ ഗെയിം കളിക്കുന്ന ഇവർ പതിയെ വെബ്സൈറ്റുകളിൽ കയറാൻ പഠിക്കും. വാട്ട്സാപ്പിലേക്കും ഫേസ് ബുക്കിലേക്കും അത് വ്യാപിക്കും.

നമ്മുടെ കാലഘട്ടത്തിൽ ഇങ്ങനെയുള്ളത് ഒന്നുമില്ലായിരുന്നു. ഇന്ന് കുട്ടികളെ എങ്ങോട്ടു വേണമെങ്കിലും വഴി തിരിച്ചു വിടാൻ കഴിയുന്ന അസുരന്മാരാണ് മൊബൈൽ. മൊബൈൽ അഥവാ കുട്ടികൾ ഉപയോഗിക്കുകയാണെങ്കിൽ അത് മാതാ പിതാക്കളുടെ മുമ്പിൽ വച്ചായിരിക്കണം. മാറിയിരുന്നൊ അടച്ച മുറികളിലൊ മൊബൈൽ ഉപയോഗിക്കാൻ ഒരു കാരണവശാലും സമ്മതിക്കരുത്. പെൻഡ്രൈവുകൾ കുട്ടികളുടെ ഇടയിൽ സുലഭമാണ്. പെൻ ഡ്രൈവിൽ എന്താണ് ഉള്ളതെന്ന് തീർച്ചയായും മാതാ പിതാക്കൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം.

പലപ്പോഴും മാതാപിതാക്കളും കുട്ടികളും തമ്മിൽ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ് അച്ഛനമ്മമാർ കുട്ടികൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാതെ അവരുടെ ഇടയിൽ അവർ പോലും അറിയാതെ ഒരു വിടവ് സംഭവിക്കുന്നു ആശയ വിനിമയത്തിൽ. ഒരാൾ പറയുന്നത് മറ്റേയാൾക്ക് മനസ്സിലാകാതെ വരുന്നു. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികൾ അവർ ചിന്തിക്കുന്ന തലത്തിൽ നിന്ന് അവർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അപഗ്രഥിക്കാനും സാധിക്കണം. അങ്ങനെ അവരുടെ നിലയിൽ നിന്ന് ചിന്തിക്കാൻ കഴിയുമ്പൊൾ കുട്ടികൾ മാതാപിതാക്കളെ കൂടുതൽ വിശ്വസിക്കുന്നു.

ജീവിതത്തിൽ കുട്ടികൾക്ക് എന്ത് പ്രശ്നം ഉണ്ടായാലും മാതാ പിതാക്കളോട് വന്ന് തുറന്നു പറയാൻ കഴിയണമെങ്കിൽ അവർക്ക് നമ്മേ വിശ്വസിക്കാൻ കഴിയണം. എന്ത് വന്നാലും അവരുടെ പ്രശ്നങ്ങളിൽ അവരോടൊപ്പം നാം കാണുമെന്ന കുട്ടികളിൽ ഉള്ള വിശ്വാസം. പല പ്രശ്നങ്ങളും ഉണ്ടാകുമ്പൊൾ അത് മറ്റാരു അറിഞ്ഞാലും മാതാപിതാക്കൾ അറിയരുത് എന്ന് നിഷ്കർഷിക്കുന്ന കുട്ടികൾ ഉണ്ട്. പ്രശ്നം എന്തുമാകട്ടെ നമ്മോടു വന്നു തുറന്നു പറയാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുമ്പൊഴാണ് അവർ അച്ഛനെയും അമ്മയെയും കൂടുതൽ സ്നേഹിക്കുന്നത്. സ്വന്തം മാതാപിതാക്കളോളം ആരും കുട്ടികളുടെ നല്ലത് ആഗ്രഹിക്കില്ല ഇനി എന്ത് പ്രശ്‌നങ്ങൾക്കും നടുവിൽ പക്ഷേ ആ ബോധവും വിശ്വാസവും കുട്ടികളിൽ വളർത്തി എടുക്കുക എന്നതാണ് രക്ഷാകർത്താക്കളുടെ കടമ.